കാലവര്‍ഷം: മലപ്പുറത്ത് രണ്ടുപേരെ കാണാതായി
പൊന്നാനി വേങ്ങര: പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെയും വേങ്ങരയില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് പത്തുവയസുകാരിയെയും കാണാതായി. മത്സ്യത്തൊഴിലാളിയായ കൂട്ടായി സ്വദേശി വളപ്പില്‍ കാസി (45)മിനെയാണ് കാണാതായത്. പറപ്പൂര്‍ ആസാദ് നഗറിലെ ചെമ്പകശേരി കോയയുടെ മകള്‍ സന ഫാത്തിമ (10) യെയാണ് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊന്നാനി അഴിമുഖത്ത് ഫൈബര്‍വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
കാണാതായ കാസിമിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കൂട്ടായി സ്വദേശികളായ വളപ്പില്‍ കാസിം (45), പരീച്ചന്റെ പുരക്കല്‍ ഹംസ (51), പരപ്പനങ്ങാടിക്കാരന്റെപുരക്കല്‍ സിറാജ് (29), ചക്കാച്ചിന്റെ പുരക്കല്‍ ഇബ്രാഹിം കുട്ടി(45) എന്നിവരാണ് കാസിമിനൊപ്പം അപകടത്തില്‍പ്പെട്ടത്. കാസിം ഒഴികെ മൂന്നു പേരെയും രക്ഷപ്പെടുത്തിയെങ്കിലും കാസിമിനെ കണ്ടെത്താനായില്ല.
രാവിലെ മത്സ്യബന്ധനത്തിന്‌പോയ റിസ്വാന പര്‍വീന്‍ എന്ന ഫൈബര്‍ വള്ളമാണ് തിരിച്ചു വരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
പൊന്നാനി കോസ്റ്റല്‍ പൊലിസും, ഫിഷറീസ് വകുപ്പും, മത്സ്യ ബന്ധന തൊഴിലാളികളും ചേര്‍ന്ന് കാസിമിനായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട തൊഴിലാളികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന ഫൈബര്‍ വള്ളം കെട്ടിവലിച്ച് കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കയര്‍ പൊട്ടി വള്ളം കടലില്‍ മുങ്ങിപ്പോയി.
മാതാവിനും അയല്‍വാസിക്കാര്‍ക്കുമൊപ്പം തോട് കാണാനെത്തിയപ്പോഴാണ് കാല്‍തെന്നി സന ഫാത്തിമ ഒഴുക്കില്‍പ്പെട്ടത്. പറപ്പൂര്‍ എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
തോടിനു കുറുകെയുളള താല്‍ക്കാലിക നടപ്പാലത്തില്‍ നിന്ന് കാല്‍തെന്നി ഒഴുക്കിലേക്കു വീഴുകയായിരുന്നു. മലപ്പുറത്തു നിന്നെത്തിയ ഫയര്‍ ഫോഴ്‌സും വേങ്ങര പൊലിസും സ്ഥലത്തെത്തി.
രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ്. തോട്ടില്‍ നിന്ന് നൂറു മീറ്റര്‍ അകലെയുളള കടലുണ്ടിപ്പുഴയിലും തിരച്ചില്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."