കുടിയേറ്റവിരുദ്ധ നിയമം ഇനി യു.എസ് കോണ്‍ഗ്രസ് തീരുമാനിക്കും
വാഷിങ്ടണ്‍: അഭയാര്‍ഥിക്കുട്ടികളെ വേര്‍പിരിക്കുന്ന 'സീറോ ടോളറന്‍സ് പോളിസി'യില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയെങ്കിലും കുടിയേറ്റവുമായി ബന്ധപ്പെട്ട് മറ്റു നിയന്ത്രണങ്ങള്‍ വേണമോയെന്ന് യു.എസ് കോണ്‍ഗ്രസ് തീരുമാനിക്കും. മെക്‌സിക്കോ വഴി മറ്റു രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്ക് കുടിയേറുന്നവര്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ മതില്‍ നിര്‍മിക്കുക, കുടിയേറ്റം നിയമപരമായി തടയുക തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ബില്ലില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മതില്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ളവക്ക് ഫണ്ട് വകയിരുത്തുക.
എന്നാല്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട ബില്ലിനെ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ പിന്തുണക്കുമോയെന്ന കാര്യം വ്യക്തമല്ല. കുട്ടികളെ വേര്‍തിരിക്കല്‍ നീക്കത്തിനെതിരേ ഡെമോക്രാറ്റുകള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.
കുടിയേറ്റം നടത്തുന്ന കുടുംബങ്ങളെ തടവിലാക്കല്‍ നിയമമുള്‍പ്പെടെയുള്ളവയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണയില്‍ എത്തിച്ചേര്‍ന്നെന്നും ബില്‍ നിമയമമായി വരുമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് തലവന്‍ കെവിന്‍ മെക്കാര്‍ത്തെ പറഞ്ഞു. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം, ഡ്രീമേഴ്‌സ് പദ്ധതി എന്നിവക്കെതിരേ റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവരുമായി ഐക്യതീരുമാനത്തില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ വേര്‍പിരിക്കുന്ന നടപടി അവസാനിപ്പിച്ച് ട്രംപ് ഉത്തരവിട്ടെങ്കിലും കുടിയേറ്റ നിയന്ത്രണനിയമം ശക്തമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടക്കുന്ന തീരുമാനം ഏപ്രിലില്‍ യു.എസ് അറ്റോര്‍ണി ജനറലാണ് പ്രഖ്യാപിച്ചത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍തിരിക്കണമെന്ന തീരുമാനത്തിലെത്തിയത്.
യു.എസിലെ 17 സംസ്ഥാനങ്ങളില്‍ 100 കേന്ദ്രങ്ങളാണ് കുട്ടികളെ താമസിപ്പിക്കാനായി ഒരുക്കിയത്. ട്രംപിന്റെ പുതിയ ഉത്തരവനുസരിച്ച് അനധികൃതമായി കുടിയേറുന്ന രക്ഷിതാക്കള്‍ക്കൊപ്പം തന്നെ കുട്ടികളെ താമസിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."