അഭ്രപാളിയിലെ 'വി.എസ് ' തീര്‍ത്തതും അലകടലിളകുന്ന ആവേശം
കൂത്തുപറമ്പ്: കാലിക്കടവിലെ സമരപ്പന്തലിലേക്ക് വി.എസ് എത്തിയപ്പോള്‍ സമരക്കാരുടെ ആവേശം അണപൊട്ടി. ചുവന്നകാറില്‍ വി.എസ് വന്നിറങ്ങിയപ്പോഴേക്കും മുദ്രാവാക്യം വിളികളുയര്‍ന്നു. നേതാക്കളുമായി ചെറിയൊരു കുശലാന്വേഷണം, പിന്നെ നേരെ പ്രസംഗവേദിയിലേക്ക്. 'നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന കുടിവെള്ള കമ്പനിക്കെതിരേയുള്ള നിങ്ങളുടെ പോരാട്ടത്തില്‍ ഞാനുമുണ്ട്' വി.എസ് ആകാശത്തേക്ക് മുഷ്ടിചുരുട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിന്നെ ചുരുക്കം വാക്കുകളില്‍ നീട്ടലും കുറുക്കലുമായി തനതുശൈലയില്‍ പ്രസംഗം അവസാനിപ്പിക്കുകയാണ് വി.എസ്.
കൂത്തുപറമ്പിനടുത്ത് വലിയവെളിച്ചത്തെ സിനിമ ലൊക്കേഷനിലായിരുന്നു ആവേശകരമായ ഈ രംഗം പുനരാവിഷ്‌കരിച്ചത്. ദൃശ്യ ഫിലിംസ് നിര്‍മിക്കുന്ന ക്യാംപസ് ഡയറി എന്ന സിനിമയില്‍ 'വി.എസാ'യി അഭിനയിക്കാന്‍ എത്തിയതായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദന്‍. ഇന്നലെ രാവിലെ ഒന്‍പതോടെയെത്തുമെന്ന് അറിയിച്ചതിനാല്‍ രാവിലെ മുതല്‍ സത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനക്കൂട്ടം കനത്ത മഴയെ അവഗണിച്ചും കാണാന്‍ കാത്തുനിന്നിരുന്നു. 12 മണിയോടെയാണ് വി.എസ് എത്തിയത്. വാട്ടര്‍ ഡ്രോപ്‌സ് എന്ന കുടിവെള്ള കമ്പനിക്കെതിരേ നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അഭിസംബോധന ചെയ്യുന്നതുമായിരുന്നു വി.എസിന്റെ വേഷം.
ക്യാംപസും പരിസ്ഥിതി വിഷയങ്ങളും ആധാരമാക്കി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നീര്‍വേലി ഏളക്കു ഴി സ്വദേശിയായ ജീവന്‍ദാസാണ്. ചിത്രീകരണം അവസാനഘട്ടത്തിലാണ്. ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായര്‍, ഗൗതമി നായര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."