ഇടതിന് സ്വന്തമായ ആറ്റിങ്ങലില്‍ സമ്പത്ത് പോരിനൊരുങ്ങി
#വി.എസ് പ്രമോദ്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചിട്ടുണ്ടെങ്കിലും കാല്‍നൂറ്റാണ്ടിലധികമായി ഇടതു പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുകയാണ് ആറ്റിങ്ങല്‍ മണ്ഡലം. അതുകൊണ്ടുതന്നെ ഇത്തവണയും ആറ്റിങ്ങലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാനാകില്ല. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ മികച്ചൊരു സ്ഥാനാര്‍ഥി യെ നിര്‍ത്താനുള്ള ഒരുക്കമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്.
തുടര്‍ച്ചയായി രണ്ടുതവണ വിജയിച്ച എ.സമ്പത്തിനെതിരേ സി.പി.എമ്മിനുള്ളില്‍ തന്നെ അപശബ്ദങ്ങളുണ്ട്. പക്ഷേ, ഇടതുപക്ഷത്തിന് നിര്‍ണായകമായ സമയത്ത് സമ്പത്തിനെ മാറ്റി പുതുമുഖത്തെ മത്സരിപ്പിക്കാനും സി.പി.എമ്മിന് പേടിയുണ്ട്. കോണ്‍ഗ്രസ് മുന്‍ മന്ത്രിയും എം.എല്‍.എയുമായ അടൂര്‍ പ്രകാശിന്റെ പേരാണ് ചര്‍ച്ച ചെയ്യുന്നത്. എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന പൊതു തീരുമാനം വന്നാല്‍ മാത്രമേ അടൂര്‍ പ്രകാശിന്റെ പേര് മാറിച്ചിന്തിക്കാനിടയുള്ളൂ. ബി.ജെ.പിയാകട്ടെ സീറ്റ് ബി.ഡി.ജെ.എസിനു നല്‍കാനും ഒരുക്കമാണ്. പക്ഷേ, തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ്.
തിരുവനന്തപുരത്തിനൊപ്പമല്ലെങ്കിലും സാമുദായിക സ്വാധീനത്തില്‍ മുമ്പ് ചിറയിന്‍കീഴില്‍ ഇപ്പോള്‍ ആറ്റിങ്ങലുമായ മണ്ഡലവും ഒട്ടും പിന്നിലല്ല. മലയോര, തീരമേഖലകള്‍ ഒന്നിച്ചു വരുന്ന മണ്ഡലമെന്ന നിലയില്‍ ആറ്റിങ്ങലിന് അതിന്റേതായ പ്രത്യേകതകളുമുണ്ട്. നായര്‍, ഈഴവ, മുസ്‌ലിം, നാടാര്‍ സമുദായങ്ങള്‍ക്കൊപ്പം തീരമേഖലയിലെ ക്രൈസ്തവ വിഭാഗവും ഇവിടെ ഭാഗധേയം നിര്‍ണയിക്കുന്നു. ശിവഗിരിയുടെ പ്രഭാവത്തിന്റെ സ്വാധീനം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രകടമാവാറുണ്ട്. എന്നിരുന്നാലും കാല്‍നൂറ്റാണ്ടിലധികമായി സി.പി.എം സ്ഥാനാര്‍ഥിയല്ലാതെ ഇവിടെ വിജയിച്ചിട്ടില്ല.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആറ്റിങ്ങല്‍ മണ്ഡലം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തിരുകൊച്ചി സംസ്ഥാനമായിരുന്ന 1952ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ വി. പരമേശ്വരന്‍ നായരാണ് ചിറയിന്‍കീഴില്‍ വിജയിച്ചത്. സംസ്ഥാന രൂപീകരണശേഷം 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥി എം.കെ കുമാരന്‍ വിജയിച്ചു. 1962ലും കുമാരന്‍ വിജയം ആവര്‍ത്തിച്ചു. 1967ല്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച ആര്‍. ശങ്കറിനെ സി.പി.എം സ്ഥാനാര്‍ഥിയായ കെ. അനിരുദ്ധന്‍ തറപറ്റിച്ചു. 1971ല്‍ വയലാര്‍ രവിയിലൂടെ കോണ്‍ഗ്രസ് ചിറയിന്‍കീഴില്‍ വിജയിച്ചു. 1977ല്‍ അനിരുദ്ധനെ പരാജയപ്പെടുത്തി വയലാര്‍ രവി വിജയം തുടര്‍ന്നു. 1980ല്‍ ഇടതുപക്ഷത്തെത്തിയ വയലാര്‍ രവിയെ കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥി എ.എ റഹീം പരാജയപ്പെടുത്തി. 1984ല്‍ തലേക്കുന്നില്‍ ബഷീര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി വിജയിച്ചു. 1989ല്‍ സുശീലാ ഗോപാലനെതിരേയും തലേക്കുന്നില്‍ വിജയം ആവര്‍ത്തിച്ചു.
1991ല്‍ സുശീലാ ഗോപാലനോട് തലേക്കുന്നില്‍ പരാജയപ്പെട്ടതോടെ മണ്ഡലത്തിന്റെ സ്വഭാവം തന്നെ മാറി. 1996ല്‍ തലേക്കുന്നിലിനെ എ. സമ്പത്ത് പരാജയപ്പെടുത്തി. 1998ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എം.എം ഹസന്‍ വന്നെങ്കിലും വര്‍ക്കല രാധാകൃഷ്ണനോട് ജയിക്കാനായില്ല. 1999ല്‍ എം.ഐ ഷാനവാസിനെയിറക്കി കോണ്‍ഗ്രസ് പരീക്ഷണം നടത്തിയെങ്കിലും വര്‍ക്കല വിജയിച്ചു. 2004ലും എം.ഐ ഷാനവാസിനെ പരാജയപ്പെടുത്തിയ അദ്ദേഹം ഹാട്രിക് വിജയം സ്വന്തമാക്കി. 2009ലും 2014ലും സമ്പത്തിനെ ആറ്റിങ്ങല്‍ അനുഗ്രഹിച്ചു.
ഇത്തവണയും ആറ്റിങ്ങലില്‍ പോരാട്ടത്തിന് സി.പി.എം നിയോഗിച്ചിരിക്കുന്നത് സമ്പത്തിനെ തന്നെ. എതിരാളികള്‍ കരുത്തനെയിറക്കി പോരാട്ടത്തിനൊരുങ്ങുന്നു എന്ന സൂചനകള്‍ ലഭിച്ചപ്പോള്‍തന്നെ സി.പി.എമ്മിന് മറ്റൊന്നും ചിന്തിക്കേണ്ടിവന്നില്ല. മണ്ഡലത്തില്‍ പുതിയതായി പരിചയപ്പെടുത്തേണ്ടതില്ലെന്നതും ജനസമ്മതിയുമാണ് സമ്പത്തിന് വീണ്ടും അവസരം ലഭിക്കുന്നതിലേക്കെത്തിച്ചത്. അടൂര്‍ പ്രകാശാണ് മത്സരിക്കുന്നതെങ്കില്‍ സാമുദായികമായി യു.ഡി.എഫ്, ഇടത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ അങ്ങനെയൊരു പോര്‍മുഖംകൂടി വരും. ഇതിനിടയിലാണ് ഒരു നായര്‍ സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ നിര്‍ത്തണമെന്ന എന്‍.എസ്.എസ് ഉപദേശം ബി.ജെ.പിക്കു ലഭിക്കുന്നത്. അങ്ങനെയെങ്കില്‍, തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലാണ് മത്സരിക്കുന്നതെങ്കില്‍ ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പി.കെ കൃഷ്ണദാസ് മത്സരിക്കും. ഏതായാലും ഇടത് സ്ഥാനാര്‍ഥി ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതോടെ പോരാട്ടചിത്രം കൂടുതല്‍ വ്യക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."