ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം: കാണാം എം.എസ്.എന്‍- ബി.ബി.സി പോരാട്ടം
മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ പോരാട്ടങ്ങള്‍ക്കു ഇന്നു തുടക്കം. മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ എവേ പോരാട്ടത്തില്‍ യുവന്റസുമായും ബൊറൂസിയ ഡോര്‍ട്മുണ്ട് മൊണാക്കോയുമായി ഇന്നു പോരിനിറങ്ങും. നാളെ നടക്കുന്ന മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡുമായും അത്‌ലറ്റിക്കോ മാഡ്രിഡ് ലെയ്സ്റ്റര്‍ സിറ്റിയുമായും ഏറ്റുമുട്ടും. രണ്ടാം പാദ മത്സരങ്ങള്‍ ഈ മാസം 19, 20 തിയതികളിലായും അരങ്ങേറും.
2015ലെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ആവര്‍ത്തനമാണു ഇന്നത്തെ യുവന്റസ്- ബാഴ്‌സലോണ പോരാട്ടം. അന്നു 3-1നു കിരീടം കറ്റാലന്‍ പടയ്ക്കു അടിയറവു വയ്‌ക്കേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ത്തു കണക്കു പറയാനൊരുങ്ങിയാണു ഓള്‍ഡ് ലേഡി ഇന്നു സ്വന്തം തട്ടകത്തിലിറങ്ങുന്നത്. നിലവില്‍ ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്ന യുവന്റസ് മികച്ച ഫോമില്‍ നില്‍ക്കുന്നു. അതേസമയം ബാഴ്‌സലോണ കഴിഞ്ഞ ലാ ലിഗ പോരാട്ടത്തില്‍ മലാഗയോടു അപ്രതീക്ഷിതമായി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണു എത്തുന്നത്. 2015നെ അപേക്ഷിച്ച് യുവന്റസ് ഇത്തവണ കരുത്തുറ്റ സംഘവുമായാണിറങ്ങുന്നത്. മുന്നേറ്റത്തില്‍ ഹിഗ്വെയ്ന്‍- മരിയോ മാന്‍ഡ്‌സുകിച് സഖ്യവും ഗോള്‍ വല കാക്കാന്‍ ഇതിഹാസ താരവും നായകനുമായ ബുഫണും നില്‍ക്കുന്നതാണു അവരുടെ കരുത്ത്. മുന്‍ ബാഴ്‌സലോണ താരം ഡാനി ആല്‍വെസ് നിലവില്‍ യുവന്റസ് നിരയിലുണ്ട്. തന്റെ മുന്‍ ക്ലബുമായി ആദ്യമായി നേര്‍ക്കുനേര്‍ പോരിനൊരുങ്ങുകയാണു താരം.
നിലവില്‍ ബാഴ്‌സലോണയ്ക്കു ക്ഷീണമേറ്റാണെത്തുന്നതെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ 4-0ത്തിനു പിന്നില്‍ നിന്ന ശേഷം ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ പോരാട്ടം കാഴ്ചവച്ച് പാരിസ് സെന്റ് ജെര്‍മെയ്‌നെതിരേ 6-5ന്റെ വിജയം സ്വന്തമാക്കി തിരിച്ചു വന്നതിന്റെ കത്തുന്ന ആത്മവിശ്വാസം അവര്‍ക്കു കൂട്ടായുണ്ട്. മുന്നേറ്റത്തില്‍ മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യത്തിന്റെ കരുത്തുറ്റ സാന്നിധ്യം തന്നെയാണു അവരെ വ്യത്യസ്തരാക്കി നിര്‍ത്തുന്ന ഘടകം. മൂവരേയും യുവന്റസ് കൈകാര്യം ചെയ്യുന്നതു മത്സരത്തിന്റെ ഗതി നിര്‍ണയിക്കും.
ബാഴ്‌സലോണയുടെ മാരക മുന്നേറ്റവും യുവന്റസിന്റെ പ്രതിരോധവും തമ്മിലുള്ള ബലാലബലമായി ഈ മത്സരത്തെ വിലയിരുത്താം. പ്രതിരോധമെന്നതു ഒരു കലയാണെന്ന യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രിയുടെ നിരീക്ഷണം അവര്‍ പ്രതിരോധത്തെ കൂടുതല്‍ ആശ്രയിക്കുമെന്ന പരോക്ഷ സൂചന തന്നെയാണെന്നു വലയിരുത്തപ്പെടുന്നു. ലിയനാര്‍ഡോ ബൊനൂസി, ആന്ദ്രെ ബെര്‍സാഗ്ലി, ജിയോര്‍ജിയോ ചെല്ലിനി ത്രയമാണു യുവന്റസിന്റെ പ്രതിരോധ കോട്ട കാക്കുന്നത്. ആ അര്‍ഥത്തില്‍ നോക്കിയാല്‍ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിരയായ ബാഴ്‌സയുടെ എം.എസ്.എന്‍ ത്രയവും ലോകത്തെ ഏറ്റവും മികച്ച പ്രതിരോധമായ ബി.ബി.സി ത്രയവും തമ്മിലുള്ള പോരാട്ടമായിരിക്കും ബാഴ്‌സ- യുവന്റസ് മത്സരം. ഈ പ്രതിരോധ കോട്ട പൊളിച്ചാലും ബുഫണെന്ന പ്രായം തളര്‍ത്താത്ത പോരാളി വല കാക്കാനുണ്ടെന്ന അധിക ധൈര്യമാണു യുവന്റസിന്റെ ആത്മവിശ്വാസം.
ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ട് അത്ര ഫോമിലല്ല ഇന്നു ഫ്രഞ്ച് ലീഗ് വണിലെ ഒന്നാം സ്ഥാനക്കാരായ മൊണാക്കോയെ നേരിടാനിറങ്ങുന്നത്. പക്ഷേ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ മുന്‍ധാരണകള്‍ തെറ്റാറുണ്ട് എന്നതിനാല്‍ ഈ മത്സരവും ആവേശമാകുമെന്നുറപ്പിക്കാം. സീസണില്‍ മികച്ച മുന്നേറ്റമാണു മൊണാക്കോ നടത്തുന്നത്. അതേസമയം സ്വന്തം തട്ടകത്തില്‍ സുരക്ഷിത വിജയം സ്വന്തമാക്കി രണ്ടാം പാദത്തിലെ വേവലാതി ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകളായിരിക്കും ബൊറൂസിയ ഡോര്‍ട്മുണ്ട് മുന്നില്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."