എട്ടില്‍ തുടങ്ങി പതിനാറിലെത്തി സി.പി.എം, രണ്ടില്‍ തുടങ്ങി നാലു കടക്കാതെ സി.പി.ഐ
തിരുവനന്തപുരം: വലിയേട്ടനും കൊച്ചേട്ടനും മതി ഇനി തെരഞ്ഞെടുപ്പ് ഗോദയില്‍. തീരുമാനമെടുത്തത് വലിയേട്ടനായ സി.പി.എം. കൊച്ചേട്ടനായ സി.പി.ഐ ആകട്ടെ കിട്ടിയത് മതി എന്ന നിലപാടില്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നിലെത്തി.
പരാതിയും പരിഭവുമില്ലാതെയാണ് സി.പി.ഐ സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെങ്കിലും വനിതാ പ്രാധാന്യമില്ലായെന്നും എതിരാളികളെ നോക്കിയല്ല നിര്‍ത്തിയതെന്നും ആരോപണ വിധേയരെ രംഗത്തിറക്കിയെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സി.പി.എമ്മാകട്ടെ സര്‍വേ ഫലങ്ങളില്‍ ആകെ പരിഭ്രമിച്ചിരിക്കുകയുമാണ്. ഇതേ തുടര്‍ന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ സ്ഥാനാര്‍ഥി മികവില്‍ വീണ്ടെടുക്കാനുള്ള തീരുമാനം.
മറ്റു ഘടകകക്ഷികള്‍ക്ക് സീറ്റ് വീതിച്ചുനല്‍കാതെ പതിനാറിടത്തും സി.പി.എം മത്സരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് സി.പി.എം തീരുമാനം. ശബരിമല വിഷയത്തില്‍ നഷ്ടപ്പെടാനിടയുള്ള വോട്ടുകള്‍ കൂടി സ്ഥാനാര്‍ഥിമികവു കൊണ്ട് മറികടക്കാനുള്ള ശ്രമം സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രകടമാണ്. ഏറ്റവും ഒടുവില്‍ നടന്ന കാസര്‍കോട്ടെ ഇരട്ടക്കൊലപാതകമടക്കം പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സി.പി.എം ചെറുക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വടകരയില്‍ മത്സരത്തിനിറങ്ങുന്നതോടെ വടക്കന്‍ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
എന്നാല്‍, ജയരാജന്‍ സ്ഥാനാര്‍ഥിയായതോടെ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയം അക്രമ രാഷ്ട്രീയവും കൊലയും തന്നെയാകും. ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ഔദ്യോഗിക നേതൃത്വത്തിന് ലക്ഷ്യം മൂന്നാണ്. ടി.പി ചന്ദ്രശേഖരന്റെ നാട്ടില്‍ നിന്നു തന്നെ ഗൂഢാലോചന നടത്തിയെന്ന് ആര്‍.എം.പി ആരോപിക്കുന്ന ജയരാജനെ വിജയിപ്പിച്ചെടുക്കുക, സി.ബി.ഐ കേസുകളില്‍നിന്ന് എം.പിയുടെ പ്രത്യേക പ്രിവിലേജ്‌വച്ച് രക്ഷപ്പെടുത്തുക, കണ്ണൂരില്‍നിന്ന് പറിച്ചുമാറ്റുക. ഈ ലക്ഷ്യത്തിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കണമെന്ന് വടകരയിലെ മണ്ഡലം കമ്മിറ്റിക്ക് സി.പി.എം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ദേശീയാടിസ്ഥാനത്തില്‍ വോട്ടിങ് ശതമാനം കൂട്ടിയില്ലെങ്കില്‍ സി.പി.എം പ്രാദേശിക പാര്‍ട്ടിയായി ഒതുങ്ങുമെന്നതിനാലാണ് പതിനാറു സീറ്റുകളം കൈപ്പടിയിലൊതുക്കിയത്. അര ഡസനോളം ഘടകകക്ഷികളാണ് ഇടതുമുന്നണിയില്‍ പ്രവേശനം നേടിയത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയ ജനതാദളിന് പോലും ഇത്തവണ സീറ്റ് നല്‍കിയില്ല. 1980 മുതല്‍ തന്നെ സി.പി.എം മറ്റു ഘടകകക്ഷികളെ പടിപടിയായി സീറ്റ് നല്‍കാതെ പടിക്കു പുറത്തു നിര്‍ത്തുന്നത് തുടരുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ എ.കെ.ജി സെന്ററില്‍ ക്യൂ നിന്നാലും സി.പി.എമ്മിന്റെ മനമിളകില്ല. മൂന്നും നാലും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയാലും സി.പി.എം പിടികൊടുക്കില്ല. ഇത്തവണയാകട്ടെ ഒരു മുഴം മുമ്പേ എറിഞ്ഞു. പുറത്തു നിന്ന് സഹായിച്ച ഘടകകക്ഷികള്‍ക്ക് ഇടതുമുന്നണിയില്‍ പ്രവേശനം നല്‍കി. എന്നിട്ട് സീറ്റ് ചര്‍ച്ച വന്നപ്പോള്‍ പടിക്കു പുറത്താക്കി. 1980 മുതല്‍ ഓരോ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മറ്റു ചെറുപാര്‍ട്ടികള്‍ സീറ്റ് കിട്ടാതെ പടിക്കു പുറത്തായിട്ടുണ്ട്. 1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ചത് എട്ടു സീറ്റുകളില്‍. സി.പി.ഐ രണ്ടു സീറ്റുകളിലും കോണ്‍ഗ്രസ് (യു) ആറു സീറ്റുകളിലും കേരള കോണ്‍ഗ്രസ് (എം) രണ്ടു സീറ്റുകളിലും. ആര്‍.എസ്.പിയും അഖിലേന്ത്യ ലീഗും ഓരോ സീറ്റിലും മത്സരിച്ചു.
കോണ്‍ഗ്രസ് (യു), കേരള കോണ്‍ഗ്രസ് (എം) എന്നീ കക്ഷികള്‍ മുന്നണി വിട്ടതിനെ തുടര്‍ന്ന് 1984ല്‍ സി.പി.എം രണ്ട് സീറ്റുകള്‍ കൂടി കെവശപ്പെടുത്തി. അങ്ങനെ പാര്‍ട്ടിക്കു പത്തു സീറ്റുകളായി, സി.പി.ഐക്ക് സീറ്റുകള്‍ നാലായി. കോണ്‍ഗ്രസ്എസിന് രണ്ടു സീറ്റും, ആര്‍.എസ്.പി, അഖിലേന്ത്യ ലീഗ്, ജനതാദള്‍, ലോക്ദള്‍ എന്നീ ഘടകകക്ഷികള്‍ക്ക് ഓരോ സീറ്റും കിട്ടി. 1989ല്‍ സി.പി.എം മൂന്നു സീറ്റുകള്‍ കൂടി കൈവശപ്പെടുത്തി. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസി(എസ്)ന് ഒരു സീറ്റ് കുറഞ്ഞു. സി.പി.എം 13 സീറ്റുകളിലും സി.പി.ഐ നാലു സീറ്റുകളിലും കോണ്‍ഗ്രസ് (എസ്), ആര്‍.എസ്.പി, ജനതാദള്‍ എന്നീ കക്ഷികള്‍ ഓരോ സീറ്റിലും മത്സരിച്ചു.
1991ല്‍ സി.പി.എം 11 സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാല്‍ സി.പി.ഐ നാലിലും ജനതാദള്‍ രണ്ടിലും കോണ്‍ഗ്രസ് (എസ്), ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (ജെ) എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. 1996ലും 1998ലും ഇതേ നില ആവര്‍ത്തിച്ചു. എന്നാല്‍ 1999ല്‍ സി.പി.എം മൂന്നു സീറ്റുകള്‍ കൂടി കൈയടക്കി. സി.പി.എം 14 സീറ്റുകളിലും സി.പി.ഐ നാലിലും ജനതാദള്‍ (എസ്), കേരള കോണ്‍ഗ്രസ് (ജെ) എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. 2004ലും ഇതേ നിലപാട് ആവര്‍ത്തിച്ചു.
2009ല്‍ ജനതാദളിന്റെ ഒരു സീറ്റ് കൂടി സി.പി.എം കൈക്കലാക്കി. അന്ന് സി.പി.എം 15 സീറ്റുകളിലും സി.പി.ഐ നാലിലും കേരള കോണ്‍ഗ്രസ് (ജെ) ഒന്നിലും മത്സരിച്ചു. 2014 സി.പി.എമ്മിന് 15 സീറ്റുകളായി. സി.പി.ഐ നാലു സീറ്റുകളിലും ജനതാദള്‍ (എസ്) ഒരു സീറ്റിലും മത്സരിച്ചു. ഇത്തവണയാകട്ടെ ജനതാദളിന്റെ ഒരു സീറ്റുംകൂടി സി.പി.എം പിടിച്ചെടുത്തു. സി.പി.എം 16ലും സി.പി.ഐ നാലിലും മത്സരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."