അനുഭാവപ്രകടനം ഗൂഢാലോചനയോ?
ഇടതുപക്ഷ ഭരണത്തിലെ പൊലിസില്‍നിന്നു നീതികിട്ടാതെ വന്നപ്പോഴാണ് സി.പി.എമ്മുകാരായ ജിഷ്ണുവിന്റെ വീട്ടുകാര്‍ സമരമാര്‍ഗം സ്വീകരിച്ചത്. ആ ഘട്ടത്തിലും തങ്ങള്‍ നെഞ്ചോടുചേര്‍ത്ത പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ മഹിജയും അശോകനും ശ്രീജിത്തുമടക്കമുള്ള ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ തയാറായിരുന്നില്ല. പൊലിസിന്റെ പക്ഷപാതപരമായ നടപടിയെപ്പറ്റി പരാതി പറയാനാണ് അവര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ പോയത്.
ജിഷ്ണുവിന്റെ കൊലപാതകത്തിനുത്തരവാദികളായവരെ മുഴുവന്‍ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യുമെന്നും ഒളിവില്‍ പോയ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ഡി.ജി.പി അവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ദിവസം ഒന്‍പതു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ക്ഷമയുടെ നെല്ലിപ്പടി കണ്ടപ്പോഴാണ് ഒരിക്കല്‍ കൂടി ഡി.ജി.പിയെ കാണാനും അനുകൂല നിലപാടല്ലെങ്കില്‍ സമരം ചെയ്യാനും അവര്‍ തിരുവനന്തപുരത്തേക്കു വണ്ടികയറിയത്.
വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു മഹിജയുടെയും കുടുംബത്തിന്റെയും കൂടെയുണ്ടായിരുന്നത്. ഡി.ജി.പി ഓഫിസിലേക്കു നടന്നുപോയ അവരെ എത്രയോ അകലെ വച്ചു വന്‍ പൊലിസ് സന്നാഹം വടംകെട്ടി തടയുകയായിരുന്നു. ആവലാതി അറിയിക്കാന്‍ പോകുന്ന കുടുംബത്തെ നേരിടാന്‍ ഇത്രയും പൊലിസുകാരോ എന്ന സംശയം ആ കാഴ്ച അപ്പഴേ ടെലിവിഷനില്‍ കണ്ടവരുടെ മനസ്സില്‍ ഉയര്‍ന്നതാണ്.
ഡി.ജി.പി ഓഫിസ് തകര്‍ക്കാനെത്തിയ ഗുണ്ടാസംഘത്തെ നേരിടുംവിധം പൊലിസുകാര്‍ മഹിജയെയും കുടുംബത്തെയും നേരിടുന്നതാണ് പിന്നീടു കണ്ടത്. മഹിജയെ നടുറോഡിലൂടെ വലിച്ചിഴച്ചു. അശോകന്റെയും ശ്രീജിത്തിന്റെയും കഴുത്തിനു പിടിച്ചു തള്ളി. ഇത്രയും ചെയ്യാന്‍ എന്തു പ്രകോപനമാണുണ്ടായതെന്നു ടി.വിയില്‍ ആ രംഗം കണ്ടവര്‍ക്കാര്‍ക്കും മനസ്സിലായിട്ടില്ല. യുക്തിസഹമായ വിശദീകരണം നല്‍കാന്‍ പൊലിസിനുമായിട്ടില്ല. മുന്‍കൂട്ടി അറിയിച്ച് തന്നെ കാണാനെത്തിയവര്‍ നടുറോട്ടില്‍ ആക്രമിക്കപ്പെട്ടതു ഡി.ജി.പി അറിഞ്ഞില്ലെന്നോ.
അതേസമയം, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹിമവല്‍ ഭദ്രാനന്ദയ്ക്ക് ഈ സമയത്തുതന്നെ ഡി.ജി.പി സന്ദര്‍ശനാനുമതി നല്‍കിയെന്നു പറയപ്പെടുന്നു. അതില്‍ ദുരൂഹതയുണ്ട്. സംഘര്‍ഷഭരിതമായേക്കാവുന്ന സംഭവസ്ഥലത്തേക്കു ഹിമവല്‍ ഭദ്രാനന്ദയെ എത്തിച്ചതു പൊതുപ്രവര്‍ത്തകനായ കെ.എം ഷാജഹാനെ കുരുക്കാന്‍ പൊലിസ് ബോധപൂര്‍വം ഒരുക്കിയ കെണിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതു തള്ളിക്കളയാന്‍ പറ്റില്ല.
കെ.എം ഷാജഹാന്‍ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായിട്ടു കാലമേറെയായി. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാന്‍. അച്യുതാനന്ദനെ വെട്ടിനിരത്തല്‍ സംസ്‌കാരത്തില്‍നിന്നു മോചിപ്പിച്ചു ജനകീയനാക്കുന്നതില്‍ കെ.എം ഷാജഹാന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അച്യുതാനന്ദന്‍ നടത്തിയ പല സമരങ്ങളുടെയും ആസൂത്രകന്‍ ഷാജഹാനായിരുന്നു.
ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പിണറായിക്കെതിരേ പരസ്യമായി രംഗത്തുവന്നതോടെയാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്നു പുറത്തായതും മുഖ്യമന്ത്രിയുടെ നോട്ടപ്പുള്ളിയായതും. ഇങ്ങനെയൊരു വ്യക്തി മഹിജയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയതു സര്‍ക്കാര്‍ സുവര്‍ണാവസരമായി ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം. ഹിമവല്‍ ഭദ്രാനന്ദയ്‌ക്കൊപ്പം ഷാജഹാനും ഷാഹിര്‍ഖാനും ഭാര്യ മിനിയും ശ്രീകുമാറും വീണുകിട്ടിയ ഇരകളായി.
ഇവരെല്ലാവരും കൂടി സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തി മഹിജയുടെ സമരത്തെ സംഘര്‍ഷപൂരിതമാക്കിയെന്നാണു പൊലിസ് ചാര്‍ജ് ചെയ്ത കേസ്. ജാമ്യം കിട്ടാത്ത വകുപ്പുകളും എഴുതിച്ചേര്‍ത്തു. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കൊലപാതകക്കേസുപോലെ ഗുരുതരമായ കേസുകളിലാണ് പൊലിസ് അത്തരം അപേക്ഷ നല്‍കാറുള്ളത്.
നീതിക്കുവേണ്ടി സമരംചെയ്യുന്നവരെ സഹായിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമെത്തുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നത് വലിയ ആപത്‌സന്ദേശമാണു നല്‍കുന്നത്. കള്ളക്കേസില്‍ കുടുങ്ങുന്നവരെ രക്ഷിക്കാന്‍ അവരുടെ കുടുംബത്തിനു കോടതി കയറിയിറങ്ങേണ്ടിവരും. ഭാവിയില്‍ ന്യായമായസമരങ്ങള്‍ക്കു ജനപിന്തുണ ലഭിക്കാതാകാന്‍ ഇതു കാരണമാകും. നീതിക്കുവേണ്ടി സമരം ചെയ്യുന്നവരുടെ ശബ്ദം ആരും ശ്രദ്ധിക്കാതെ പോകും. വ്യക്തിവിരോധം സര്‍ക്കാരിനെ എന്തൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നു കെ.എം ഷാജഹാന്റെ തടങ്കല്‍ ജീവിതം വിളിച്ചുപറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."