അവഗണനയില്‍ മനംനൊന്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു
ചെറുവത്തൂര്‍: അധികൃതരുടെ അവഗണനയ്‌ക്കെതിരേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. ഭാഗികമായി അന്ധനായ ദലിത് യുവാവ് കയ്യൂര്‍ പൊതാവൂരിലെ മലയന്‍ വീട്ടില്‍ അജയകുമാറാണ് ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.
ഫെബ്രുവരി അഞ്ചിനാണ് അജയകുമാറിന്റെ ഭാര്യ ഗീത പ്രസവാനന്തരമുള്ള ചികിത്സയ്ക്കിടെ മരിച്ചത്. പ്രസവ ശേഷം ഉണ്ടായ കടുത്ത വേദനയും അസ്വസ്ഥതകളും മൂന്നുമാസത്തോളം അനുഭവിച്ചെങ്കിലും ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു ഗീതയുടെ പ്രസവം. രണ്ടു ദിവസത്തിനുള്ളില്‍ ഗീതയുടെ ശരീരത്തില്‍ നീരുവന്നതിനെത്തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നു.
പിന്നീട് ഒരുമാസത്തോളം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കിലും വീണ്ടും കടുത്ത വയറു വേദനയെത്തുടര്‍ന്ന് ഗീതയെ അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി മംഗളൂരുവിലേക്കു രോഗിയെ മാറ്റാന്‍ ബന്ധുക്കള്‍ തുനിഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നാണു പരാതി. ഒടുവില്‍ മരിക്കുമെന്നുറപ്പായപ്പോഴാണ് മംഗളൂരുവിലേക്കു കൊണ്ടുപോകാന്‍ അനുവദിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ വയറ്റിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അജയകുമാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും തുടരന്വേഷണം എങ്ങുമെത്താതെ കിടക്കുകയാണ്. മരണകാരണം സംബന്ധിച്ച് വിദഗ്ധ അഭിപ്രായം ലഭിക്കാത്തതാണ് കേസന്വേഷണം വൈകാന്‍ കാരണമെന്നാണ് പൊലിസ് വിശദീകരണം. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ ബോര്‍ഡിനെ സമീപിക്കുമെന്നും അധികൃതര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."