സ്വര്‍ണക്കടത്ത് സംഘം കുടുങ്ങിയത് ഡി.ആര്.ഐയുടെ തിരക്കഥയില്‍
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടാന്‍ ശനിയാഴ്ച ഡി.ആര്.ഐ സംഘം നെടുമ്പാശ്ശേരിയിലെത്തിയത് വ്യക്തമായ പദ്ധതി തയാറാക്കിയ ശേഷം. 57 ലക്ഷത്തോളം വിലവരുന്ന രണ്ട് കിലോ സ്വര്‍ണമാണ് ഗ്രൗണ്ട് ഹാന്റലിങ് വിഭാഗത്തിലെ ജീവനക്കാരനെ ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ ഡി.ആര്.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത്.
വിദേശത്ത് നിന്നും അനധികൃതമായി കൊണ്ടുവരുന്ന സ്വര്‍ണം നെടുമ്പാശ്ശേരിയിലെ ഗ്രൗണ്ട് ഹാന്റലിങ് വിഭാഗമായ ബി.ഡബ്ല്യു.എഫ്.എസിന്റെ കരാര്‍ ജീവനക്കാര്‍ വഴി സുരക്ഷിതമായി പുറത്തു കടത്തുന്നുണ്ടെന്ന് അടുത്തിടെയാണ് ഡി.ആര്.ഐ വിഭാഗത്തിന് രഹസ്യവിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ഡി.ആര്.ഐയുടെ ആറംഗ സംഘം ശനിയാഴ്ച്ച പുലര്‍ച്ചെ വിമാനം എത്തുന്നതിന് വളരെ മുന്‍പുതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
വിമാനത്താവളത്തിലെത്തിയ ഉദ്യോഗസ്ഥരില്‍ രണ്ട് പേര് സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാകുന്ന മുറിയിലെത്തി സസൂക്ഷ്മം നിരീക്ഷിച്ചു. ഏതാണ്ട് നൂറോളം യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് സ്വര്‍ണവുമായി എത്തിയ കാസര്‍കോട് സ്വദേശിയായ യുവാവ് വിമാനത്തില്‍ നിന്നും ഇറങ്ങി എയ്റോ ബ്രിഡ്ജിലൂടെ നടന്നു വന്നത്. ഇയാളെ പ്രതീക്ഷിച്ച് ബി.ഡബ്ല്യു.എഫ്.എസ് ജീവനക്കാരന് ഇതിനകം തന്നെ യാത്രക്കാരെ സഹായിക്കാന്‍ എന്ന നിലയില്‍ എയ്റോ ബ്രിഡ്ജില്‍ നിലയുറപ്പിച്ചിരുന്നു. ഇയാളുടെ അരികില്‍ എത്തിയപ്പോള്‍ സ്വര്‍ണമടങ്ങിയ ബാഗ് യാത്രക്കാരന് ജീവനക്കാരന് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ ഡി.ആര്.ഐ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."