ഇനിയും ഒന്നു വിതുമ്പിക്കരയണമെന്നുണ്ട്; പക്ഷേ ഒരു തുള്ളി കണ്ണീരില്ല, ഈ കണ്ണില്‍
2016 ജൂലൈ 18 അബൂട്ടിയെയും കുടുംബത്തെയും ആയിഷ മന്‍സിലില്‍ എതിരേറ്റത് സ്വന്തം മകളുടെ മരണവാര്‍ത്തയായിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ഷംന തസ്‌നിം താന്‍ വിദ്യാര്‍ഥിയായ ആശുപത്രിയുടെ ചികിത്സാപിഴവിനു രക്തസാക്ഷിയാവേണ്ടി വന്നു. ചെറിയൊരു കൈപ്പിഴ.. അതിലൂടെയില്ലാതായത് 21 വര്‍ഷത്തെ പ്രതീക്ഷയായിരുന്നു.
എന്തെല്ലാം പ്രതീക്ഷയായിരുന്നു അവളെക്കുറിച്ച്.. എല്ലാം അവരുടെ ഒറ്റ നിമിഷത്തെ അശ്രദ്ധകൊണ്ട് പോയി. സ്വന്തം മകളുടെ ഓര്‍മകളിലേക്ക് മനസെത്തിക്കുമ്പോള്‍ ഇടനെഞ്ച് പിടയുന്ന വേദനയോടെ കണ്ണൂര്‍ ശിവപുരത്തെ വീട്ടിലിരുന്ന് അബൂട്ടി പറയുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. പഠനത്തില്‍ മിടുമിടുക്കി, നോക്കിവളര്‍ത്തിയവരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന കുട്ടി, ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷ. എല്ലാം അസ്തമിച്ച് ഏഴുമാസത്തിനിപ്പുറവും മകളുടെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ വിതുമ്പുകയാണു കെ.എ അബൂട്ടിയെന്ന പിതാവും ഷരീഫയെന്ന മാതാവും. ഒപ്പം സ്വന്തം മകള്‍ക്കു സംഭവിച്ച ദുരന്തം മറ്റൊരു കുടുംബത്തിനും വരരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ തുടരുന്ന നിയമപോരാട്ടവും.
കണ്ണ് ഈറനണിഞ്ഞ ആ ദിനം
നാടിനും നാട്ടുകാര്‍ക്കും സേവനം ചെയ്യുന്ന നല്ലൊരു ഡോക്ടറാവണം. ഷംനയോടു അബൂട്ടിക്കുള്ള ഉപദേശം ഇതായിരുന്നു. ആ വാക്കു കാത്തുസൂക്ഷിക്കാനെന്നോളം ആരെക്കൊണ്ടും കുറവുകള്‍ പറയിക്കാതെ മെഡിസിനില്‍ രണ്ടാംവര്‍ഷം പൂര്‍ത്തിയാക്കി വരികയായിരുന്നു കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍കോളജില്‍ ഷംന. അധ്യാപകര്‍ക്കു പ്രിയ ശിഷ്യ. കൂട്ടുകാരുടെ കണ്ണിലുണ്ണി. പക്ഷേ സന്തോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 2016 ജൂലൈ 17നു ചെറിയ പനിയോടെയായിരുന്നു തുടക്കം. അന്നുതന്നെ മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തില്‍ കാണിച്ച് മരുന്നും വാങ്ങിയിരുന്നു. രാത്രി ഹോസ്റ്റലിലേക്കു പോകുംവഴി പതിവുപോലെ ഷംന വീട്ടില്‍ വിളിച്ചിരുന്നു. ഉപ്പയോടും ഉമ്മയോടും കുശലാന്വേഷണങ്ങള്‍ നടത്തി രോഗവിവരം ധരിപ്പിച്ചു. ചെറിയ പനിയാണെന്നു മാത്രം പറഞ്ഞു സമാധാനിച്ചു. പിറ്റേന്ന് പനി വിട്ടുമാറാത്തതിനാല്‍ ഉച്ചയോടെ ഡ്യൂട്ടി ഡോക്ടറും കോളജിലെ പ്രൊഫസറുമായിരുന്ന ജില്‍സ് ജോര്‍ജിനെ കാണിച്ചു. രക്തം പരിശോധിക്കാനും കുത്തിവയ്‌പെടുക്കാനും ഡോക്ടര്‍ കുറിപ്പെഴുതി നല്‍കി. അതുമായി സ്റ്റുഡന്റ് വാര്‍ഡിലെത്തിയെങ്കിലും റൂം ഒഴിവില്ലാത്തതിനാല്‍ അല്‍പം കാത്തുനിന്നു. രണ്ടു മണിയോടെ സുഹൃത്തുക്കളും കൂട്ടിനെത്തി. 2.55 നാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പരിശോധിക്കാനായി രക്തം എടുത്തത്. പരിശോധനാ ഫലം വരുന്നതിനു മുന്‍പു തന്നെ കുത്തിവയ്പിനായി ടെസ്റ്റ് ഡോസും പത്തുമിനിറ്റിനു ശേഷം ഫുള്‍ ഡോസും നല്‍കി. കുത്തിവയ്പു നല്‍കി അല്‍പസമയത്തിനകം തന്നെ ഷംന അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. നഴ്‌സ് കുറിപ്പെഴുതി നല്‍കിയ ഡോക്ടറായ ജില്‍സ് ജോര്‍ജിനെ അന്വേഷിച്ചെങ്കിലും അദ്ദേഹം വീട്ടിലേക്കു മടങ്ങിയിരുന്നു. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. കൃഷ്ണമോഹനെ വരുത്തിയെങ്കിലും അപ്പോഴേക്കും എല്ലാം അസ്തമിച്ചിരുന്നു. പിന്നെ ചികിത്സാപിഴവാണു മരണകാരണമെന്നും വരാതിരിക്കാനുള്ള ചടങ്ങുകളായിരുന്നു. വൈകുന്നേരം ആറോടെ അടുത്തുള്ള രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. 8.30 വരെ അവിടെ ചികിത്സിച്ചു എന്നു വരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
അന്വേഷണം പലവിധം
ഷംനയുടെ മരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശപ്രകാരം ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ (ജെ.ഡി.എം.ഇ) ഡോ. കെ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. അന്വേഷണങ്ങള്‍ക്കൊടുവില്‍ 60 പേജുള്ള റിപ്പോര്‍ട്ടില്‍ മുഴുവന്‍ പ്രതിപാദിച്ചതു ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായിരുന്ന ചികിത്സാപിഴവാണു മരണകാരണമെന്നായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഒന്നരമാസത്തോളം വെളിച്ചം കണ്ടില്ല. ഒടുവില്‍ അബൂട്ടിയുടെ നിരന്തര ഇടപെടലിലൂടെയാണു റിപ്പോര്‍ട്ട് പുറത്തായത്.
റിപ്പോര്‍ട്ടിലെ പറയുന്നത്: രോഗം നിര്‍ണയിക്കുന്നതിന് ആവശ്യമായ പരിശോധന നടത്താതെ കുട്ടിക്ക് ആവശ്യമില്ലാത്ത ആന്റി ബയോട്ടിക് ഇഞ്ചക്ഷന്‍ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നു കുട്ടി മരിക്കുകയാണു ചെയ്തത്. ഒരു മെഡിക്കല്‍കോളജ് പ്രൊഫസറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്നു ഞങ്ങള്‍ മനസിലാക്കുന്നു. ഇഞ്ചക്ഷന്‍ എടുക്കാന്‍ പറഞ്ഞിട്ടുപോയ പ്രൊഫസര്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അഡ്മിറ്റ് ചെയ്ത വിവരം ഡ്യൂട്ടി ഡോക്ടറെയോ കോളജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവരെയോ അറിയിച്ചിട്ടില്ല. വാര്‍ഡില്‍നിന്നും ഇഞ്ചക്ഷന്‍ എടുത്ത നഴ്‌സിന്റെ ഫോണ്‍ വന്നപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ യാതൊരു വിവരവും അറിഞ്ഞിരുന്നില്ലെന്നു മനസിലാക്കുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ചികിത്സയില്‍ ഇത്രയുംവീഴ്ച വരുത്തിയ പ്രൊഫസര്‍ വലിയ കുറ്റമാണു ചെയ്തത്.
കുട്ടി മരിച്ചു കഴിഞ്ഞുവെന്നു മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ഉറപ്പിച്ചുകഴിഞ്ഞിട്ടും സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപ്പെടാനായി കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഈ ആശുപത്രിയില്‍ മെഡിക്കല്‍ കോളജിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളൊന്നുമില്ല. മരണം ഉറപ്പാണെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതു ഗുരുതര കുറ്റമാണ്. കുറ്റക്കാര്‍ ആശുപത്രി അധികൃതരും ഡോക്ടര്‍മാരുമാണെന്നു ശ്രീകുമാരി റിപ്പോര്‍ട്ട് കൃത്യമായി പറയുമ്പോഴും ഷംനയുടെ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണു പല ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ശ്രീകുമാരി റിപ്പോര്‍ട്ടില്‍ നടപടി വൈകുന്നതു കണ്ടാണ് അബൂട്ടി മുഖ്യമന്ത്രിയെ നേരില്‍കണ്ടു പരാതി നല്‍കിയത്. കാര്യങ്ങള്‍ കേട്ടറിഞ്ഞ മുഖ്യമന്ത്രി തുടരന്വേഷണത്തിനു വീണ്ടുമൊരു കമ്മിഷനെ വച്ചു. ആലപ്പുഴയിലെ ഡോ. സുമയുടെ നേതൃത്വത്തിലുള്ള സംഘവും ശ്രീകുമാരി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഷംനയുടെ മരണകാരണം ആശുപത്രിയുടെ തികഞ്ഞ അനാസ്ഥ. കളമശ്ശേരി എ.സി.പിയുടെ നേതൃത്വത്തില്‍ ആദ്യം നടന്ന അന്വേഷണത്തിനിടെയാണ് ഡോക്ടര്‍മാര്‍ക്ക് അനുകൂലമായി നീക്കം നടന്നത്. എന്നാല്‍ ഷംനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ആലപ്പുഴയിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ലിസ ജോണ്‍ ഒന്നര പേജുള്ള വിയോജനക്കുറിപ്പ് അന്നു നല്‍കിയിരുന്നു. മരണം ഡോക്ടര്‍മാരുടെ കൈപ്പിഴയാണെന്നായിരുന്നു അവരുടെയും ഭാഷ്യം. ഷംനയുടെ മരണം സംബന്ധിച്ച് രണ്ട് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ഇന്നു മുന്‍പിലുണ്ട്. ഇവ തന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണെന്നു പിതാവ് അബൂട്ടി പറയുമ്പോഴും നടപടിയെടുക്കേണ്ടവര്‍ക്കു തൃപ്തി പോരാത്ത നിലയാണ്.
വീഴ്ച വീണ്ടും
ഷംന തസ്‌നീമിന്റെ മരണമുണ്ടാക്കിയ വിവാദങ്ങള്‍ക്കിടെയാണ് എറണാകുളം ഗവ. മെഡിക്കല്‍കോളജില്‍ വീണ്ടും ചികിത്സാപിഴവില്‍ മറ്റൊരാള്‍ക്കു കൂടി ജീവന്‍ നഷ്ടമാകുന്നത്. മാര്‍ച്ച് 27ന് വയറുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആലുവ സ്വദേശി ജെറിന്‍ മൈക്കിള്‍ പരിശോധനയ്ക്കിടെയാണു മരണപ്പെട്ടത്. ഉച്ചയ്ക്ക് 1.30ന് ആശുപത്രിയില്‍ അഡിമിറ്റ് ചെയ്യപ്പെട്ട് വിവിധ പരിശോധനകള്‍ക്കു വിധേയനാക്കുന്നതിനിടെ രാത്രി 10.30ഓടെ ജെറിന്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. അടിയന്തര ഘട്ടത്തില്‍ നല്‍കേണ്ട ചികിത്സ ജെറിനു നല്‍കിയില്ലെന്നും മരണശേഷമാണു ഡോക്ടര്‍ ഐ.സി.യുവില്‍ എത്തിയതെന്നും ജെറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ജെറിന്‍ മരിച്ച ദിവസം ആശുപത്രിയിലെ ലിഫ്റ്റും തീവ്ര പരിചരണ വിഭാഗത്തിലെ ഉപകരണങ്ങളില്‍ ചിലതും പ്രവര്‍ത്തന രഹിതമായിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നതു ജെറിന്‍ മരിച്ചത് അപ്പന്‍ഡിസൈറ്റിസിനെ തുടര്‍ന്നുള്ള അണുബാധയാണെന്ന കാരണമാണ്. ജെറിന്റെ മരണം അന്വേഷിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ നിയോഗിച്ച അന്വേഷണസംഘം ആശുപത്രിയിലെത്തി ഡോക്ടര്‍മാരില്‍ നിന്നു തെളിവെടുത്തുകഴിഞ്ഞു. സംഭവത്തെതുടര്‍ന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മൂവ്‌മെന്റ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡക്ക് കത്തയച്ചു. മെഡിക്കല്‍ അനാസ്ഥമൂലം എറണാകുളം ഗവ. മെഡിക്കല്‍കോളജില്‍ തുടരുന്ന മരണങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഷംന തസ്‌നീമിന്റെ മരണം നടന്ന് ഏഴുമാസത്തിനിപ്പുറവും സര്‍ക്കാര്‍ നിശ്ചയിച്ച രണ്ട് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ലെന്നും കൃഷ്ണയ്യര്‍ മൂവ്‌മെന്റിനു വേണ്ടി ഡോ. എന്‍.കെ സനില്‍കുമാര്‍ അയച്ച കത്തില്‍ പറയുന്നു.
മകള്‍ക്കു മൂന്നുലക്ഷം വിലയിട്ട സര്‍ക്കാര്‍
മകള്‍ നഷ്ടപ്പെട്ട അബൂട്ടിക്കു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ വച്ചുനീട്ടിയതു മൂന്നു ലക്ഷം രൂപ. എന്നാല്‍ ഈ തുക സ്വീകരിക്കില്ലെന്ന നിലപാടിലാണ് അബൂട്ടി. മകളുടെ വിയോഗത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ ആരോഗ്യവകുപ്പ് സഹകരിക്കുന്നില്ലെന്നു അബൂട്ടി പറയുന്നു. മകളുടെ മരണത്തില്‍ പോരാട്ടം നടത്തുന്ന അബൂട്ടി കേസ് ആവശ്യാര്‍ഥം നടത്തുന്ന യാത്രകളും ചെറുതല്ല. മരണം നടന്നതു കൊച്ചിയിലാണെന്നിരിക്കെ ഓരോ പുരോഗതിയറിയുന്നതിനു അടിക്കടി കണ്ണൂരില്‍ നിന്നു കൊച്ചിയിലെത്തേണ്ടതായും വരുന്നുണ്ട്.
അനാസ്ഥയുടെ ആഴം
ആരോഗ്യവകുപ്പ് വെറും നോക്കുകുത്തിയായി മാറുന്ന കാഴ്ചയാണു ഷംന കേസില്‍ ഇന്നോളമുണ്ടായത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ സ്വന്തം നാട്ടിലുള്ള വിദ്യാര്‍ഥിനിക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചിട്ടും കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരേ സസ്‌പെന്‍ഷനില്‍ കവിഞ്ഞ നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാമത്തെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ ഷംനയുടെ മരണത്തിനു മുഴുവന്‍ ഉത്തരവാദിത്വവും എറണാകുളം ഗവ. മെഡിക്കല്‍കോളജിനും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുമാണെന്നിരിക്കെ നടപടിക്കായി ആരെയാണു കാത്തുനില്‍ക്കുന്നതെന്ന ചോദ്യമുയരുന്നു. രോഗികളെ ചികിത്സിക്കുന്ന കാര്യത്തില്‍ ആശുപത്രിക്ക് അടിക്കടി വീഴ്ച പറ്റുന്നുവെന്ന യാഥാര്‍ഥ്യമാണു ജെറിന്‍ മൈക്കിളിന്റെ മരണത്തോടെ വ്യക്തമാകുന്നത്. ആരോഗ്യരംഗത്തെ കച്ചവട താല്‍പര്യവും മാഫിയാ ബന്ധങ്ങളും സാധാരണക്കാരില്‍ പരീക്ഷിക്കപ്പെടുമ്പോള്‍ ഇല്ലാതാവുന്നത് അബൂട്ടിയെ പോലുള്ളവരുടെ ജീവിതമാണ്. ചിരിക്കാന്‍ മറന്ന ചിലരാണ് ഇന്ന് ആയിഷ മന്‍സിലിലുള്ളത്. എങ്കിലും മകളുടെ മരണത്തില്‍ നീതിക്കായി തന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് അബൂട്ടി.
[caption id="attachment_295503" align="alignnone" width="252"] ഷംന[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."