മാര്‍പ്പാപ്പയുടെ മുന്നില്‍ തോറ്റുതൊപ്പിയിട്ട ഐ.എസ്
കാരുണ്യവും സമാധാനവും ഉദ്‌ഘോഷിക്കുന്ന ഇസ്്‌ലാം മതത്തെ അവഹേളിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘമാണ് ഐ.എസ് എന്നറിയപ്പെടുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ്. എന്നാല്‍ ഐ.എസിന്റെ കാരുണ്യരഹിതമായ പ്രവര്‍ത്തനങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട്, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പൊന്‍വെളിച്ചം ലോകത്തിനു കാട്ടിക്കൊടുക്കുകയാണു മാര്‍പാപ്പ.
ഐ.എസിന്റെ ഭീകരതയും സിറിയയില്‍ അസദ് വിരുദ്ധര്‍ നടത്തുന്ന കലാപവും നിമിത്തം അഭയാര്‍ഥികളായിമാറിയ ലക്ഷക്കണക്കിനുപേര്‍ക്കു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അഭയം നല്‍കേണ്ടതുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉണര്‍ത്തുകയുണ്ടായി. മതമെന്നതു വെറുപ്പും വിദ്വേഷവുമല്ല, സ്‌നേഹമാണെന്നു മാര്‍പ്പാപ്പ പറഞ്ഞത് ഉള്‍ക്കുളിരോടെയാണു ലോകം ശ്രവിച്ചത്.
പ്രവാചകന്‍ മുഹമ്മദ് നബി (സ) പഠിപ്പിച്ച മതമല്ല ഐ.എസ് പിന്തുടരുന്നത്. കാരുണ്യത്തിന്റെ സ്ഥാനത്ത് അവര്‍ കാപാലികത്വം പകരം വയ്ക്കുന്നു. മാനവ ഐക്യത്തിനു പകരം അവര്‍ മതത്തിന്റെ പേരില്‍ മാനവകശാപ്പിനു കോപ്പുകൂട്ടുന്നു. കുരിശില്‍ പിടയുന്ന നേരത്തും കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോടു പൊറുക്കേണമേയെന്നു പ്രാര്‍ഥിച്ച ക്രിസ്തുദേവന്റെ വെളിച്ചം ഉള്‍ക്കൊണ്ടു മാര്‍പ്പാപ്പ തെളിച്ചുവെച്ച ഈ വെളിച്ചം ലോകത്തിനു മാതൃകയാകേണ്ടതുണ്ട്.
സ്വന്തം മതത്തിന്റെ കാര്യങ്ങള്‍ മാത്രം നോക്കിനടത്തുകയും അവരുടെ മാത്രം പ്രശ്‌നങ്ങളില്‍ ഇടപെടുകയുംചെയ്യുന്ന വര്‍ത്തമാനകാലത്തെ മറ്റുപലര്‍ക്കും ഒരു തിരുത്തുകൂടിയാണ് മാര്‍പ്പാപ്പയുടെ വാക്കുകള്‍. സ്‌നേഹത്തിനു മതമില്ലെന്നും പീഡിപ്പിക്കപ്പെടുന്നവര്‍ ഏതു മതസ്ഥരായാലും അവരോടൊപ്പം നിലകൊള്ളുകയെന്നതുമാണു ദൈവസ്‌നേഹം എന്നുള്ള വിശുദ്ധപാഠമാണ് അദ്ദേഹം ലോകത്തെ പഠിപ്പിക്കുന്നത്.
സ്വന്തംമതത്തില്‍ പിറന്നവരുടെ ക്രൂരത കാരണം വഴിമുട്ടിപ്പോയ ആ പാവങ്ങളുടെ പ്രാര്‍ഥനകള്‍മാത്രം മതിയാവും മാര്‍പ്പാപ്പയെ ലോകമുള്ളിടത്തോളം കാലം നിത്യനിറദീപമായി ഓര്‍മിക്കാന്‍.
ആത്മാര്‍ഥമായി മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മറ്റുമതസ്ഥരെ വെറുക്കാനോ വര്‍ഗീയമായി ചിന്തിക്കാനോ സാധ്യമല്ലെന്ന വലിയ പാഠം സാധാരണ ജനങ്ങളിലെത്തിക്കാന്‍ പോപ്പിന്റെ ഇടപെടലിനു കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഐ.എസിന്റെ വിദ്വേഷമതം പോപ്പിന്റെ സ്‌നേഹമതത്തിനു മുന്നില്‍ തോറ്റുതൊപ്പിയിടുന്ന കാഴ്ച ലോകം കണ്‍കുളിര്‍ക്കെ കാണുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."