സഊദി തലസ്ഥാന നഗരിക്ക് നേരെ ഹൂതി മിസൈല്‍ ആക്രമണ ശ്രമം വ്യോമസേന തകര്‍ത്തു
റിയാദ്: സഊദി തലസ്ഥാന നഗരി ലക്ഷ്യമാക്കി യമനില്‍ നിന്നും വീണ്ടും വിമത മിസൈല്‍ ആക്രമണം. എന്നാല്‍ ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഊദി സുരക്ഷ വ്യോമ സേന നിലം തൊടുന്നതിനു മുന്‍പ് തന്നെ നിര്‍വീര്യമാക്കി.അതിനാല്‍ അപകടം ഉണ്ടായില്ല.
റിയാദിലെ സുലൈ, ഉമ്മു ഹമാം എന്നിവടങ്ങളില്‍ വന്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കി. നിരവധി തവണ ആകാശത്തു നിന്നും ശബ്ദം കേട്ടതായി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബത്ഹഹയില്‍ നിന്നുള്ളവരും വ്യക്തമാക്കി.
ആറു തവണയെങ്കിലും ആകാശത്ത് നിന്ന് വന്‍ ശബ്ദം കേട്ടതായി പരിസരവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത യമനിലെ ഇറാന്‍ അനുകൂല ഹൂതികള്‍, ആക്രമണത്തില്‍ റിയാദിലുള്ള സഊദി പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ കേടു വരുത്തിയതായി തങ്ങളുടെ വാര്‍ത്താ ചാനലായ അല്‍ മസീറയിലൂടെ ആരോപിച്ചു. എന്നാല്‍, ഇത് സഊദി ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.
ഇറാന്‍ അനുകൂല ഹൂതികളുടെ യുഎന്‍ നടപടികളുടെ നിയമ ലംഘനമാണിതെന്ന് വ്യക്തമായതായി സഊദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. സഊദിയുടെ അതിര്‍ത്തി പ്രദേശങ്ങളും തലസ്ഥാന നഗരിയായ റിയാദും ലക്ഷ്യമാക്കി നേരത്തെയും ഹൂത്തികള്‍ സ്ഥിരമായി മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതെല്ലാം ആകാശത്ത് വെച്ചുതന്നെ സഊദി സൈന്യം തകര്‍ക്കുകയും ചെയ്തതിനാല്‍ വന്‍ അപകടങ്ങളില്‍ നിന്നും സഊദി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."