പെരുമാറ്റമാണ് 'പേര്'മാറ്റുന്നത്
കുടുംബ വഴക്കുകള്‍ക്കും ചിദ്രതയ്ക്കും പ്രധാന കാരണം അടുക്കും ചിട്ടയുമില്ലാത്ത കുടുംബ ജീവിതമാണ്. എന്തുപറയണമെന്നും എങ്ങനെ പെരുമാണമെന്നും ജീവിക്കേണ്ടത് എങ്ങനെയെന്നും മനസ്സിലാക്കി പരസ്പരം തൃപ്തിപ്പെട്ട് ജീവിക്കാന്‍ ശ്രമിച്ചാല്‍ കുടുംബ ജീവിതത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ആര്‍ക്കും സാധ്യമല്ല. ധര്‍മനിഷ്ഠയും മതബോധവും ഇതിന് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഉത്തമ കുടുംബം രൂപപ്പെടുന്നതിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ മതനിഷ്ഠയുള്ളവര്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് നബി(സ) പറഞ്ഞത്.
ഒരു സന്തുഷ്ട കുടുംബം എങ്ങനെ രൂപപ്പെടുത്താമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് പ്രവാചകന്റെ അധ്യാപനങ്ങളില്‍നിന്നും ജീവിതത്തില്‍നിന്നും ലോകം ദര്‍ശിച്ചത്. ഒന്‍പത് ഭാര്യമാര്‍ ഉണ്ടായിരുന്നിട്ടും ആ വിശുദ്ധ ജീവിതത്തെപ്പറ്റി അവരില്‍ ഒരാള്‍ക്കും ആക്ഷേപമില്ലായിരുന്നു എന്നതുതന്നെ ആ വിശുദ്ധ കുടുംബനാഥന്റെ പ്രത്യേകതയാണ്. സല്‍സ്വഭാവവും കുടുംബത്തോടുള്ള മികച്ച പെരുമാറ്റവുമായിരുന്നു മറ്റുള്ളവരില്‍നിന്ന് നബി(സ)യെ വേര്‍തിരിച്ചതും നബിയില്‍നിന്ന് അവര്‍ക്ക് കാണാന്‍ സാധിച്ചതും. അവിടുന്ന് പറഞ്ഞു: ഞാന്‍ അഹ്‌ലുകാരോട് നന്നായി പെരുമാറുന്നവനാണ്. നിങ്ങളില്‍ ഉത്തമര്‍ കുടുംബത്തോട് നന്നായി പെരുമാറുന്നവനത്രെ.
പ്രവാചകരില്‍നിന്ന് സല്‍സ്വഭാവം ഉള്‍ക്കൊണ്ടവരായിരുന്നു അവിടുത്തെ അനുചരന്മാര്‍. അവരുടെ ജീവിതത്തിലുടനീളം അത് ദൃശ്യമാവുകയും ചെയ്തിരുന്നു. പ്രവാചകന്‍(സ) ജീവിച്ചതുപോലെ പ്രയാസങ്ങള്‍ സഹിക്കാനും കുടുംബങ്ങളെ നിയന്ത്രിച്ച് നിര്‍ത്താനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനും അവര്‍ സദാ തയാറായിരുന്നു. ലോകം കണ്ട മികച്ച കുടുംബനാഥനായി അറിയപ്പെട്ട നബി(സ) തന്റെ ഭാര്യമാരെയെല്ലാം ഒരാക്ഷേപവുമില്ലാതെ നിയന്ത്രിച്ചു പോന്നത് ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണം തന്നെയായിരുന്നു. ചില സമയങ്ങളില്‍ തന്റെ കുടുംബക്കാരില്‍നിന്ന് ഉയര്‍ന്നുവന്ന അസ്വാരസ്യങ്ങള്‍ സമര്‍ഥമായി ഇടപെട്ടു. അവയ്‌ക്കെല്ലാം പരിഹാരം നിര്‍ദേശിച്ചെന്നു മാത്രമല്ല, അവരുടെ സങ്കടങ്ങളിലും പ്രയാസങ്ങളിലും നബി(സ) പങ്കുചേരുകയും ചെയ്തു. ക്ഷാമത്തിലും ക്ഷേമത്തിലും ഒരാക്ഷേപവും കാണിക്കാതെ നബി(സ) യോടൊപ്പം അവര്‍ കഴിച്ചുകൂട്ടി.
ഒരിക്കല്‍ ആഇശ (റ) പറഞ്ഞു: ഞങ്ങളുടെ അടുക്കളയില്‍ തീപുകയാതിരുന്ന ദിനങ്ങള്‍ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട്. നബി(സ) പട്ടിണി കിടക്കുമ്പോള്‍ ഞങ്ങളും പട്ടിണി കിടക്കും. വല്ല ഭക്ഷണവും ലഭിച്ചാല്‍ ഞങ്ങള്‍ക്കത് എത്തിച്ചു നല്‍കുകയും ഒരുമിച്ചിരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിക്കുകയും ചെയ്യും. ഒരിക്കല്‍ നബി(സ) മകളുടെയും പേരക്കുട്ടികളുടെയും ക്ഷേമ ഐശ്വര്യങ്ങള്‍ അന്വേഷിച്ചു അവരുടെ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ മക്കളുടെ ഭര്‍ത്താവ് അലി (റ) വീട്ടിലില്ലായിരുന്നു. നബി(സ) ചോദിച്ചു: കുട്ടികളെവിടെ? അലിയെവിടെ? ഫാത്വിമ പറഞ്ഞു: കുട്ടികള്‍ ആ മരച്ചുവട്ടില്‍ മണ്ണുകുഴിച്ച് എന്തോ ഉണ്ടാക്കി കളിക്കുകയാണ്. കുട്ടികള്‍ വിശന്നു കരഞ്ഞപ്പോള്‍ അവര്‍ക്ക് വല്ല ഭക്ഷണ സാധനങ്ങളും ലഭിക്കുമോ എന്നന്വേഷിച്ചു പോയതാണ് അവരുടെ പിതാവ്. നബിയെ കണ്ടപ്പോള്‍ കുട്ടികള്‍ ആ സ്‌നേഹ സമ്പന്നനായ പിതാവിന്റെ അടുത്തേക്ക് ഓടിവരികയും നബിയവര്‍ക്ക് മുത്തം നല്‍കുകയും ചെയ്തു. അല്‍പസമയത്തിനിടെ അലി (റ) വീട്ടിലേക്ക് കയറി വന്നു. നബി(സ) ചോദിച്ചു: എവിടെ പോയതായിരുന്നു? കുട്ടികള്‍ വിശന്നു കരഞ്ഞപ്പോള്‍ അവരെ സാന്ത്വനപ്പെടുത്താനായി വല്ലതും ലഭിക്കുമോ എന്നു കരുതി പോയതാണ്. അല്‍പം കാരക്ക ലഭിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള ഒരു ജൂതന്റെ കൃഷിയടങ്ങള്‍ തേവി നനച്ചിരുന്നതിനാല്‍ തന്നതാണിത്. ഒരു ബക്കറ്റ് വെള്ളം കോരിയാല്‍ ഒരു കാരക്കയായിരുന്നു ജൂതന്‍ നല്‍കിയിരുന്നത്. അലി(റ)യുടെ വിശദീകരണം കേട്ടപ്പോള്‍ ആ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് നബി(സ) കണ്ണുനീര്‍ വാര്‍ത്തു. അവിടുന്ന് പ്രാര്‍ഥിച്ചു. 'അല്ലാഹുവേ ഈ കുടുംബത്തിന് നീ ബര്‍കത്ത് നല്‍കേണമേ'. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു പരസ്പരം സഹകരിച്ചു ജീവിക്കുന്ന കുടുംബത്തില്‍ പരമകാരുണ്യവാന്റെ ശാന്തിയും സമാധാനവും വര്‍ഷിച്ചുകൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."