'സാര്‍ വിളി വേണ്ട; രാഹുല്‍ മതി'
ചെന്നൈ: ചോദ്യം ചോദിച്ച വിദ്യാര്‍ഥിനി തന്നെ സാര്‍ എന്ന് സംബോധന ചെയ്തപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുത്തി. 'സാര്‍ വേണ്ട ... രാഹുല്‍ മതി'.
ഹര്‍ഷാരവത്തോടെയാണ് രാഹുലിന്റെ പ്രതികരണത്തെ വിദ്യാര്‍ഥിനികള്‍ സ്വീകരിച്ചത്.
ഇന്നലെ രാവിലെ ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജില്‍ പങ്കെടുത്ത സംവാദത്തിലാണ് 'നിങ്ങള്‍ രാഹുല്‍ എന്ന് വിളിച്ചാല്‍ മതി, സാര്‍ വിളി വേണ്ടെന്ന് ' രാഹുല്‍ വിദ്യാര്‍ഥിനികളോട് നിര്‍ദേശിച്ചത്. പതിവ് വസ്ത്രധാരണത്തില്‍ നിന്ന് മാറി നീല ജീന്‍സും ചാരനിറത്തിലുള്ള ടീ ഷര്‍ട്ടുമായിരുന്നു രാഹുലിന്റെ വേഷം.
ചോദ്യം തുടങ്ങും മുന്‍പേ 'പ്രയാസമുള്ള ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാവൂ' എന്ന രാഹുലിന്റെ നിര്‍ദേശവും കൈയടി നേടി. വിദ്യാര്‍ഥിനികളുടെ ചോദ്യത്തിന് സൗമ്യവും ആധികാരികവുമായിരുന്നു മറുപടി.
പ്രകോപനത്തിനിടയാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ക്ഷോഭിക്കാതെ പക്വതയോടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 3000 വിദ്യാര്‍ഥിനികളാണ് സംവാദത്തില്‍ പങ്കെടുത്തത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് വലിയ സാമ്പത്തിക പ്രയാസത്തിലാണെന്ന് വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ ചെലവഴിക്കുന്നത് തുച്ഛമായ തുകയാണെന്നായിരുന്നു രാഹുലിന്റെ മറുപടി.
വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അധികാരത്തിലേറിയാല്‍ 33 ശതമാനം സംവരണം ഉറപ്പാക്കാന്‍ ബില്‍ കൊണ്ടുവരുമെന്നും സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ സ്മാര്‍ട്ട് എന്നാണ് തനിക്ക് പൊതുവേ തോന്നുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.
സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, നിയമത്തിന് മുന്‍പില്‍ ആരും അതീതരല്ലെന്നും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദിക്കെതിരേയും അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള സംവാദ വേദിയില്‍ രാഹുലിനൊപ്പം ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."