ഉദുമ ഡിവിഷന് ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകള്‍ ഇന്നു സമര്‍പ്പിക്കും
ഉദുമ: ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. സ്ഥാനാര്‍ഥികള്‍ ഇന്നു കലക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.
മുന്നണികളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ചുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടന്നതിനാലും കഴിഞ്ഞ രണ്ടു ദിവസം അവധിയായതിനാലും ഇതുവരെയും ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന, ഉദുമ ഡിവിഷന് മെമ്പറായിരുന്ന അന്തരിച്ച പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ.എം ഷാനവാസ് രാവിലെ പതിനൊന്നിനു ഡി.സി.സി ഓഫിസില്‍ നിന്നു കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റിലെത്തി വരണാധികാരിക്ക് പത്രിക സമര്‍പ്പിക്കും.
എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി മൊയ്തീന് കുഞ്ഞി കളനാട് രാവിലെ പത്തിന് എ.കെ.ജി മന്ദിരത്തില്‍ നിന്ന് എല്‍.ഡി.എഫ് ഐ.എന്‍.എല്‍ നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പിക്കാനെത്തുക.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ് ഇന്നു പതിനൊന്നിനു നേതാക്കള്‍ക്കൊപ്പം പത്രിക സമര്‍പ്പിക്കാനെത്തും. ബി.ജെ.പി ഉദുമ മണ്ഡലം ജന. സെക്രട്ടറിയാണ് എന്‍ ബാബുരാജ്.
വിജയത്തിന് ഒറ്റക്കെട്ടായി
രംഗത്തിറങ്ങണം: യു.ഡി.എഫ്
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വന്‍ ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് ലെയ്സണ്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ബഹുജന പ്രശ്നങ്ങള്‍ ഉയര്‍ത്തി പിടിച്ചു പരിഹാരത്തിനു മുന്നോട്ടു പോകാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു യോഗം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സി.ടി അഹമ്മദലി, എ അബ്ദുള്‍ റഹിമാന്‍, കല്ലട്ര മാഹിന്‍ ഹാജി, ഹക്കിം കൂന്നില്‍, എ.ജി.സി ബഷീര്‍, പി.വി മൈക്കിള്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.വി രാമകൃഷണന്, ഗീതാ കൃഷ്ണന്, കെ.ഇ.എ ബക്കര്‍ എന്നിവരെ ചുമതലപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഇന്നു മൂന്നിന് മണ്ടാട് സംഗമം ഒഡിറ്റോറിയത്തില്‍ ചേരും.
പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം പളളിക്കരയില്‍ 12ന് 11 നു ഉദുമയില്‍ രണ്ടിനു ചെമ്മനാട് 13നു മൂന്നിനും ചേരും. ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. കണ്‍വീനര്‍ പി ഗംഗാധരന് നായര്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, അഡ്വ. സി.കെ ശ്രീധരന്, എ അബ്ദുള്‍ റഹ്മാന്, പി.എ അഷറഫലി, കല്ലട്ര മാഹിന്‍ ഹാജി, പി കോരന് മാസ്റ്റര്‍, ബി സുകുമാരന്‍, വി കമ്മാരന്, എ.വി രാമകൃഷ്ണന്, കരിവെള്ളൂര്‍ വിജയന്, അഡ്വ. എം.സി ജോസ്, എ ഗോവിന്ദന് നായര്‍, ഹക്കിം കുന്നില്‍, അഡ്വ. എ ഗോവിന്ദന് നായര്‍ എന്നിവര്‍ സംബന്ധിച്ചു.
അന്‍വര്‍ മാങ്ങാട് വിമതനായി മത്സരിക്കും
ഉദുമ: ഉദുമ ഡിവിഷനില്‍ പി.കെ.എം ഷാനവാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ജന. സെക്രട്ടറിയും മത്സ്യതൊഴിലാളി നേതാവുമായ വി.ആര് വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള വിമതര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ അന്‍വര്‍ മാങ്ങാടിനെ യു.ഡി.എഫ് വിമത സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ഇന്നലെ വൈകുന്നേരം ഉദുമ രഞ്ജിസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിമതരുടെ യോഗത്തിലാണു തീരുമാനം.
അതേ സമയം, രാജി സന്നദ്ധത അറിയിച്ച ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ലക്ഷ്മി ബാലന്, മെമ്പറായ ശംഭു എന്നിവരുടെ കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. അത് ഇടതുപക്ഷത്തിന് അനുകൂലമായേക്കും എന്നതിനാലാണ് തല്ക്കാലം രാജി ഒഴിവാക്കിയതെന്നു വിദ്യാസാഗര്‍ പറഞ്ഞു.
ഇവര്‍ക്കു പുറമെ ഉദുമ പഞ്ചായത്ത് മെമ്പര്‍ കമലാക്ഷി ബാലകൃഷ്ണനും പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ മാധവ ബേക്കലും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."