ഇടുക്കിയില്‍നിന്ന് സസ്യശാസ്ത്ര ലോകത്തേക്ക് രണ്ട് പുതിയ അതിഥികള്‍ കൂടി
തേഞ്ഞിപ്പലം: ഇടുക്കിയില്‍ നിന്നും സസ്യശാസ്ത്ര ലോകത്തേക്ക് രണ്ട് പുതിയ സസ്യങ്ങള്‍ കൂടിയെത്തി. ഇടുക്കി ജില്ലയിലെ പുഷ്പിത സസ്യങ്ങളെക്കുറിച്ചു പഠനം നടത്തിവരുന്ന കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം മേധാവി പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകന് ഓച്ചിറ സ്വദേശി എസ്. ശ്യാം രാധ് എന്നിവരാണ് ദക്ഷിണ പശ്ചിമഘട്ട മേഖലയിലുള്‍പ്പെടുന്ന ഇടുക്കി ജില്ലയിലെ മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തില്‍ നിന്നും പുതിയ ചെടികളെ കണ്ടെത്തിയത്.
കുരുമുളക്, വെറ്റില, തിപ്പലി എന്നിവയുള്‍പ്പെടുന്ന സസ്യ കുടുംബത്തിലെ (പൈപ്പറേസിയെ) പെപ്പറോമിയ ജനുസ്സിലുള്‍പ്പെട്ടതാണ് ആദ്യത്തെ സസ്യം. ഇതിനു പെപ്പറോമിയ ഏകകേസര എന്നാണു പേരു നല്‍കിയിരിക്കുന്നത്. ഈ ജനുസില്‍പ്പെട്ട മറ്റു ചെടികളില്‍ നിന്നും വ്യത്യസ്തമായി ഒരു കേസരം മാത്രമാണുള്ളത് എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. ഈ സവിശേഷതയാണ് ഏകകേസര എന്ന പേരു കൊടുക്കുവാന്‍ കാരണം.
മലാസ്റ്റമറ്റസിയെ സസ്യ കുടുംബത്തില്‍പ്പെട്ട കായാമ്പൂവിന്റെ ജനുസ്സിലുള് പ്പെടുന്നതാണ് (മെമിസിലോണ്) രണ്ടാമത്തെ ചെടി. കേരളത്തില്‍ ഈ ജനുസ്സില്‍ കാണുന്ന മറ്റു ചെടികളില്‍ നിന്നും വ്യത്യസ്തമായി വെള്ള നിറമുള്ള തണ്ടില്ലാത്ത മനോഹരമായ പൂങ്കുലകളാണ് ഈ ചെടിയിലേക്കു ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
ഈ സസ്യത്തിന് മെമിസിലോണ് ഇടുക്കിയാനം എന്നാണ് പേരു കൊടുത്തിരിക്കുന്നത്. ആദ്യമായി കണ്ടെത്തിയത് ഇടുക്കി ജില്ലയില്‍ നിന്നായതുകൊണ്ടാണ് ഇടുക്കിയാനം എന്ന പേര് നല്‍കിയിരിക്കുന്നത്.
പെപ്പറോമിയ ഏകകേസരയുടെ പഠന ഫലം ന്യൂസിലന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സസ്യ വര്‍ഗീകരണ ജേണലായ ഫൈടോടാക്സ്സയുടെ ആഗസ്റ്റ് ലക്കത്തിലും മെമിസിലോണ് ഇടുക്കിയാനത്തിനെക്കുറിച്ച പഠനം ഇംഗ്ലണ്ടിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ക്യൂ ബുള്ളറ്റിന്റെ പുതിയ ലക്കത്തിലും ഇടം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."