ദുരിതത്തിന്റെ കാടിറങ്ങി ബിനു: മേലേതുടുക്കിക്ക് ഇത് അഭിമാന നിമിഷം
അഗളി: പോണ്ടിച്ചേരി സര്‍വകലാശാലാ ക്യാംപസില്‍ ഇന്ന് പൊളിറ്റിക്കല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സിലെ പുതിയ ബാച്ചിന്റെ അധ്യയനം തുടങ്ങുമ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി ഊരായ മേലേ തുടുക്കിയില്‍ പുതിയൊരു ചരിത്രം പിറക്കുകയാണ്. കാല്‍നടയാത്രപോലും സാധ്യമല്ലാത്ത അട്ടപ്പാടി വനത്തിനുള്ളിലെ ഊരില്‍ നിന്ന് ബിനുവെന്ന ആദിവാസി യുവാവ് ഇന്ന് പോണ്ടിച്ചേരി സര്‍വകലാശാലയുടെ പടികയറും.
സര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സിലെ വിദ്യാര്‍ഥിയായി ബിനു എത്തുമ്പോള്‍ ആദിവാസി സമൂഹത്തിനിത് അഭിമാനത്തിന്റേയും ആഘോഷത്തിന്റേയും ദിനമാകും. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെതന്നെ പഠനത്തില്‍ മിടുക്ക് കാണിച്ചിരുന്ന ബിനു അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടുവരെ പഠിച്ചത് ആലുവ എം.ആര്‍.എസിലാണ്. 80 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായി. സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുകയും പരീക്ഷ എഴുതിക്കുകയും ചെയ്തത്.
എന്‍ട്രന്‍സ് പരീക്ഷയുടെ ഫലപ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ ബിനുവിനെ അറിയുന്നവര്‍ അവന്റെ പഠന തുടര്‍ച്ചക്കുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ മേലേ തുടുക്കിയിലെ കുറുംമ്പ ഊരില്‍ ബിനുവിന്റെ മാതാപിതാക്കളായ രാമനും ശാരദയ്ക്കും മകനെ കേരളത്തിനകത്ത് ഏതെങ്കിലുമൊരു കോളജില്‍ പഠിപ്പിക്കണമെന്നതിലപ്പുറം സ്വപ്നങ്ങളുണ്ടായിരുന്നില്ല. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ ബിനു ആദിവാസി പട്ടികയില്‍ ഒന്നാം റാങ്കും പൊതുപട്ടികയില്‍ നാലാം റാങ്കുകാരനുമായതോടെ ബിനുവിനുവേണ്ടി പ്രയത്‌നിച്ചവരുടെ ആവേശവും 'കാടുകയറി'.
തുടര്‍പഠനത്തിനായുള്ള സഹായ അഭ്യര്‍ഥനയുമായി ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹിനെ ബന്ധപ്പെടുകയും കലക്ടര്‍ അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫര്‍മേഷനിലെ ഉമാ പ്രേമനോട് കുട്ടിയുടെ പഠനചെലവ് സ്‌പോണ്‍സര്‍ ചെയ്യുമോയെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ബിനുവിന്റെ പഠനച്ചെലവ് പൂര്‍ണമായും വഹിക്കാമെന്നേറ്റ ശാന്തി ഇന്‍ഫര്‍മേഷന്‍ ഭാരവാഹി ഉമാപ്രേമന്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അടയ്ക്കാനുള്ള ഫീസടക്കം എല്ലാ കാര്യങ്ങളും നല്‍കി. സഹായത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ മാടാലയും എത്തിയതോടെ ബിനുവിന്റെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. സമൂഹ്യസേവനത്തില്‍ ഡോക്ടറേറ്റ് എടുത്ത് ആദിവാസിമേഖലയില്‍ സേവനമനുഷ്ടിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ബിനു 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."