മമതയെ പുകഴ്ത്തി മോദി; കേന്ദ്രം ഒപ്പമുണ്ട്
കൊല്‍ക്കത്ത: ഉം-പുന്‍ ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമ ബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉം-പുന്‍ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശം വിതയ്ക്കുന്നത്. വലിയ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിലും മമതാ ബാനര്‍ജി മികച്ച രീതിയില്‍ തന്നെ സംസ്ഥാനത്തെ മുന്നോട്ടു നയിച്ചു. ദുരന്തത്തെ ശക്തമായി നേരിട്ടു. ഈ വിഷമഘട്ടത്തില്‍ കേന്ദ്രം ബംഗാളിനൊമൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഉം-പുന്‍ വലിയ ആഘാതമാണ് ബംഗാളിന് ഏല്‍പ്പിച്ചത്. സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘത്തെ അയക്കുമെന്നും മോദി പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പമാണ് പ്രധാനമന്ത്രി ദുരന്തബാധിത മേഖലകളില്‍ ആകാശനിരീക്ഷണം നടത്തിയത്. പതിവിനു വിപരീതമായി ഗവര്‍ണര്‍ക്കൊപ്പം മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മമത എത്തിയത് ശ്രദ്ധേയമായി. ഒഡീഷയ്ക്ക് 500 കോടിയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."