ശിക്ഷയിലെ വിവേചനം കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു: എസ്.വൈ.എസ് സെമിനാര്‍
കോഴിക്കോട്: രാജ്യത്ത് ഭീകര കുറ്റത്തിന്റെ പേരില്‍ പ്രതികളെ ശിക്ഷിക്കുന്നതില്‍ മതപരമായ വിവേചനം കാണിക്കുന്ന ഭരണകൂട നിലപാട് രാജ്യത്ത് കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിക്കാനാണ് ഇടവരുത്തുന്നതെന്ന് എസ്.വൈ.എസ് സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന 'കൊലക്കയറിന്റെ മതവും രാഷ്ട്രീയവും' സെമിനാറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. യാക്കൂബ് മേമന്‍ വലിയ കുറ്റവാളിയായിരിക്കാം. അദ്ദേഹം ചെയ്ത കുറ്റത്തേക്കാള്‍ വലിയ തെറ്റുകള്‍ തുടര്‍ച്ചയായി ചെയ്തിട്ടുള്ള കൊടും ഭീകരവാദികള്‍ രാജ്യത്ത് സുരക്ഷിതരും വധശിക്ഷയില്‍ നിന്നു മോചിതരുമായി കഴിയുന്നത് വിവേചനം തന്നെയാണ്. മുംബൈ സ്‌ഫോടനത്തിനു കാരണമായ ബാബരി മസ്ജിദിന്റെ തകര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കുറ്റക്കാരാണ്. എന്നാല്‍ മസ്ജിദ് തകര്‍ത്തവര്‍ അധികാരത്തിലിരിക്കുകയും സ്‌ഫോടനം നടത്തിയവര്‍ക്ക് വധശിക്ഷ നല്‍കുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.
കുറ്റവാളിയായ യാക്കൂബ് മേമന്റെ വധശിക്ഷയെ വീരമൃത്യുവായി അവതരിപ്പിക്കുകയും അയാളുടെ അന്ത്യ നിമിഷങ്ങള്‍ വികാരവായ്‌പോടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയാണ്. ഇത് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവരുത്തും. ഫാഷിസം ആഗ്രഹിക്കുന്നതും ഇത്തരം ചെയ്തികളെയാണ്. സമുദായത്തിന്റെ രക്ഷകരായി സ്വയം ചമയുന്ന തീവ്രവാദികള്‍ സംഘപരിവാറിന്റെ ആശയം നല്‍കുകയാണ് ചെയ്യുന്നതെന്നും സെമിനാര്‍ വ്യക്തമാക്കി.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തി. ബി.ജെ.പി ദേശീയ സമിതിയംഗം പി.എസ് ശ്രീധരന്‍പിള്ള, കെ.എം ഷാജി എം.എല്‍.എ, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, ഡി.വൈ.എഫ്.ഐ നേതാവ് പി.കെ പ്രേംനാഥ് സംസാരിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ മോഡറേറ്ററായി. ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബ്ദുല്‍ ബാരി ബാഖവി, കുഞ്ഞാലന്‍കുട്ടി ഫൈസി സംബന്ധിച്ചു. അഷ്‌റഫ് ബാഖവി ചാലിയം സ്വാഗതവും കെ.പി കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."