ചിട്ടി സ്ഥാപനം പൂട്ടി; നിക്ഷേപകര്‍ നെട്ടോട്ടത്തില്‍
വൈക്കം: വൈക്കത്ത് എട്ടു വര്‍ഷമായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ഫെര്‍വെന്റ് (അമൃതശ്രീ) ചിട്ടി സ്ഥാപനം അടഞ്ഞിട്ട് ദിവസം 4 കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട നിക്ഷേപകര്‍ പരാതികളുമായി നെട്ടോട്ടത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ച ചിട്ടിസ്ഥാപനം പൊളിഞ്ഞുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് ഓടിക്കൂടിയ നിക്ഷേപകരെക്കണ്ട് ഭയന്ന ജീവനക്കാര്‍ സ്ഥലം വിട്ടതോടെ സംഘര്‍ഷം ഒഴിവാക്കുന്നതിനായി പൊലിസ് ചിട്ടി ഓഫിസ് അടപ്പിച്ചിരുന്നു.
കേരള ചിട്ടി ആക്ട് (4) അനുസരിച്ച് വഞ്ചനകുറ്റത്തിന് ഉടമയുടെ പേരില്‍ കേസ്സ് രജിസട്രര്‍ ചെയ്തതായി വൈക്കം സി.ഐ. ടോമി സെബാസ്റ്റ്യന്‍ അറിയിച്ചു. മുനമ്പം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ചെറായി സ്വദേശി ശിവകുമാര്‍ ആണ് ചിറ്റി സ്ഥാപനത്തിന്റെ മാനേജര്‍. ഇയാള്‍ താമസിക്കുന്ന വീട് ഇപ്പോള്‍ ആള്‍താമസം ഇല്ലാത്ത നിലയിലാണ്. ഫോണിലൂടെ ബന്ധപ്പെട്ടിട്ടും മാനേജര്‍ ഫോണ്‍ സ്വീകരിക്കുന്നില്ല. ഇതേത്തുടര്‍ന്ന് പൊലിസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ വൈക്കം ബ്രാഞ്ച് മാനേജര്‍ രാധാകൃഷ്ണനും ഒളിവിലാണ്. സ്ഥാപനം സെര്‍ച്ച് ചെയ്യാനുള്ള സെര്‍ച്ച് വാറന്റിനായി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.
കേരളത്തില്‍ എറണാകുളം ജില്ലയിലെ നായരമ്പലത്ത് ഹെഡ് ഓഫീസായിട്ടുള്ള ഈ സ്ഥാപനത്തിന് 22 ഓളം സ്ഥലങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹെഡ് ഓഫീസ് ഉള്‍പ്പെടെയുള്ള എല്ലാ ബ്രാഞ്ചുകളും പ്രവര്‍ത്തനരഹിതമായ നിലയിലാണ്. 400 ലധികം വിവിധ പ്രദേശങ്ങളിലുള്ള നിക്ഷേപകര്‍ ആണ് വൈക്കം പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. 5000 മുതല്‍ ലക്ഷങ്ങള്‍ വരെ നഷ്ടപ്പെട്ട നിക്ഷേപകരാണ് ഇവര്‍. ചിട്ടി ആക്ട് അനുസരിച്ച് ലൈസന്‍സുള്ള സ്ഥാപനമാണോ ഇത് എന്ന് പൊലിസ് അന്വേഷിക്കുന്നു. നിക്ഷേപകരും ജീവനക്കാരും മാനേജരും തമ്മില്‍ വൈക്കം ടി.ബിയില്‍ ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ ആരും തന്നെ എത്തിയില്ല. നിക്ഷേപകര്‍ മാത്രമാണ് എത്തിയത്. അതോടെ ചര്‍ച്ച പരാജയപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."