നാലു മണ്ഡലങ്ങളില്‍ തമ്പടിച്ച് സി.പി.എം
തിരുവനന്തപുരം: നാലു മണ്ഡലങ്ങളില്‍ പ്രധാന ശ്രദ്ധ ചെലുത്താന്‍ പാര്‍ട്ടി അണികള്‍ക്ക് സി.പി.എം നിര്‍ദേശം. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര എന്നീ മണ്ഡലങ്ങള്‍ മികച്ച ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കണമെന്നാണ് നിര്‍ദേശം.
എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കുക, ഇതിനായി ഓരോ ബൂത്തിലും പാര്‍ട്ടി അംഗങ്ങള്‍ 10 വീടുകള്‍ വീതം തെരഞ്ഞെടുത്ത് പ്രവര്‍ത്തനം നടത്തുക, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനം വിലയിരുത്തുകയും അത് ഏരിയാ കമ്മിറ്റിയെ അറിയിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഈ മണ്ഡലങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഇത്തവണ 12 സീറ്റെങ്കലും ഇടതുമുന്നണി നേടുമെന്നാണ് സി.പി.എമ്മിന്റെ ആദ്യ വിലയിരുത്തല്‍. കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവും ഇടതുമുന്നണിക്ക് അനുകൂല ഘടകമായി മാറിയെന്ന് സി.പി.എം കരുതുന്നു.
ഇടതുമുന്നണിക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളില്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ടിങ് ശതമാനം കൂട്ടണമെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും 10 മണ്ഡലങ്ങളുടെ വീതം ചുമതല ഏറ്റെടുത്തു. ഇവരുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുക. ബൂത്തു തലം മുതലുള്ള കുടുംബ യോഗങ്ങള്‍ക്ക് ഈ ആഴ്ച തുടക്കമാകും. 25,000 കുടുംബ യോഗങ്ങള്‍ നടത്താനാണ് ഇടതുമുന്നണി തീരുമാനം.
അതേസമയം ബി.ജെ.പിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റം പ്രധാന പ്രചാരണ ആയുധമാക്കാന്‍ സി.പി.എം തീരുമാനിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ച് എം.പിമാരായാല്‍ അവര്‍ കോണ്‍ഗ്രസിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് സി.പി.എം പ്രധാനമായും പറയാന്‍ പോകുന്നത്.
ചിട്ടയോടെയുള്ള പ്രവര്‍ത്തനം നടത്തിയാല്‍ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിലും ജയിച്ചുകയറാമെന്ന വിശ്വാസത്തിലാണ് സി.പി.എം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."