കാസര്‍കോട്ട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ഉണ്ണിത്താന്‍ പ്രചാരണത്തിനിടെ ഇറങ്ങിപ്പോയി
കാസര്‍കോട്:സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമായപ്പോള്‍ കാസര്‍കോട്ടു നിന്ന് യു.ഡി.എഫിലെ അടുത്ത പൊട്ടിത്തെറി. സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താനും ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലും തമ്മിലെ അഭിപ്രായ ഭിന്നതയാണ് മറനീക്കി പുറത്തുവന്നത്.
ഇതേ ചൊല്ലി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് പ്രാചരണം പോലും നിര്‍ത്തിവച്ചു. ഇന്ന് രാവിലെ ചേര്‍ന്ന ഡി.സി.സി നേതൃയോഗത്തില്‍ നിന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇറങ്ങിപ്പോയി. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം യോഗത്തിലേക്ക് മടങ്ങി എത്തിയത്.
ഡി.സി.സി പ്രസിഡന്റിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്നു വ്യക്തമാക്കിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കടുത്ത അമര്‍ഷം രേഖെപ്പടുത്തിയാണ് പ്രചാരണ അവസാനിപ്പിച്ച് താമസ സ്ഥലത്തേക്ക് തിരിച്ചു മടങ്ങിയത്.
ഉച്ചയ്ക്ക് ഭക്ഷണം പോലും ലഭിച്ചില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പരാതിപ്പെട്ടു.ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിനെ സ്ഥാനത്തു നിന്നും നീക്കുന്ന കാര്യത്തില്‍ അടിയന്തരമായി നേര്‍തൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉണ്ണിത്താന്റെ പേര് ഇവിടെ പ്രഖ്യാപിച്ചതു മുതല്‍ തന്നെ ഡി.സി.സിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. അത് നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. തുടര്‍ന്നാണ് ഉണ്ണിത്താന്‍ പ്രചാരണത്തിനായി കാസര്‍കോട്ടെത്തിയത്.
ഇന്നലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് ഉണ്ണിത്താനു നല്‍കിയത്. അതിനിടെയാണ് പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിനെതിരേ പ്രതികരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോ കോണ്‍ഗ്രസ് നേതൃത്വമോ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."