ഡിഫ്തീരിയ: പ്രതിരോധ കുത്തിവയ്പ്പ് നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമെന്ന് ജസ്റ്റിസ് ജെ.ബി. കോശി
മലപ്പുറം: കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. അത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തവര്‍ക്ക് സ്‌കൂളിലും കോളജിലും പ്രൊഫഷണല്‍ കോഴ്‌സുകളിലും പ്രവേശനം നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.
സ്‌കൂള്‍ പ്രവേശനത്തിന് മുന്‍പ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണം. ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നവര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കണം. കുത്തിവയ്പ് എടുക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി നല്‍കണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് എതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിക്കണം. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന ആവശ്യവും പരിഗണിക്കണം. ആവശ്യങ്ങള്‍ പരിഗണിച്ചു നടപടി സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം മുളയിലേ നുള്ളുന്നതിനു തുല്യമാകുമെന്നും ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ പതിയണം. പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കിയാല്‍ പോളിയോ പോലെ ഡിഫ്തീരിയയും നിഷ്‌കാസിതമാക്കാമെന്നു കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിരോധ കുത്തിവയ്പ് എടുത്തതായി തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കുക എന്നതു സര്‍ക്കാരിന്റെ അടിസ്ഥാനപരമായ ചുമതലയാണെന്നും ഉത്തരവില്‍ പറയുന്നു. ഡോ. ടി.എം.അനന്തകേശവനാണ് കമ്മിഷന് പരാതി നല്‍കിയത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കമ്മിഷന്‍ കൊണ്ടുവരും. ഉത്തരവ് ചീഫ്‌സെക്രട്ടറിക്കും ആരോഗ്യസെക്രട്ടറിക്കും കൈമാറിയതായി കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."