ക്ഷീരവികസന മേഖല താളംതെറ്റുന്നു
മഞ്ചേരി(മലപ്പുറം): സംസ്ഥാനത്തെ ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ കര്‍ഷകരിലെത്തിക്കുന്ന ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുകാരണം ക്ഷീരവികസന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു.
സംസ്ഥാനത്താകെയുളള 262 തസ്തികകളില്‍ നൂറെണ്ണത്തിലും ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരില്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. 2016 ഡിസംബറില്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കുകയും 2017 ജൂണില്‍ പരീക്ഷ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ മൂല്യനിര്‍ണയം നടത്തി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സിക്കു കഴിഞ്ഞിട്ടില്ലെന്നാണ് ഇതുസംബന്ധിച്ചുള്ള വിവരാവകാശ രേഖയില്‍ പറയുന്നത്.
ബ്ലോക്ക് തലങ്ങളിലെ ക്ഷീരവികസന ഓഫിസ് കേന്ദ്രീകരിച്ചാണ് ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനാല്‍ തന്നെ സാധാരണ ക്ഷീരകര്‍ഷകരേയാണ് ഉദ്യോഗസ്ഥരുടെ കുറവ് ഏറെയും ബാധിക്കുന്നത്. വകുപ്പിനു കീഴില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ മേല്‍നോട്ടവും വിശകലനവും ഉദ്യോഗസ്ഥരുടെ കുറവു മൂലം താറുമാറായി കിടക്കുകയാണ്. ബ്ലോക്കുതല സെമിനാറുകള്‍, ക്ഷീരകര്‍ഷകര്‍ക്കായുള്ള ക്ലാസുകള്‍, പ്രദര്‍ശന മേളകള്‍ തുടങ്ങിയ വിജ്ഞാന- വ്യാപന പ്രവര്‍ത്തനങ്ങളുടെ സംഘാടനവും തീറ്റപ്പുല്‍ കൃഷി വികസനം തുടങ്ങി ക്ഷീരവികസന മേഖലയിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥക്ഷാമം മൂലം പ്രതിസന്ധി നേരിടുന്നുണ്ട്. ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്. ക്ഷീരസഹകരണ സംഘങ്ങളുടെ മേല്‍നോട്ടം, പരിശോധന, റിട്ടേണിങ്ങ് ഓഫിസര്‍ തുടങ്ങിയ ഒട്ടേറെ ചുമതലകള്‍ വഹിക്കേണ്ടത് ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരാണെന്നിരിക്കേ തസ്തികയില്‍ ഇനിയും നിയമനം വൈകുന്നത് ക്ഷീരമേഖലയില്‍ വലിയ നഷ്ടങ്ങളാണ് വരുത്തുക.
പി.എസ്.സിയുടെ മെല്ലെപോക്കുനയം ഉദ്യോഗാര്‍ഥികളേയും ക്ഷീരകര്‍ഷകരേയും ഒരുപോലെ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം എന്നിവ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ നിയമനം നടത്താനാവുകയുള്ളൂ. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതുപോലും അനന്തമായി നീണ്ടുപോകുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ഥികളും പ്രകടിപ്പിക്കുന്നത്.
ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നത് ക്ഷീരമേഖലയുമായി ബന്ധമില്ലാത്തവരെയാണെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും ബിരുദം അടിസ്ഥാന യോഗ്യതയായി പി.എസ്.സി. നിശ്ചയിച്ചത് മാറ്റാത്തതാണ് ഇതിനുകാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."