ഗൗരിയമ്മയ്ക്കിന്ന് 100ാം പിറന്നാള്‍
ആലപ്പുഴ: ധീരവിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മക്ക് 100ാം പിറന്നാളിന്റെ നിറവ്. കേരള രാഷ്ട്രീയം ഗൗരിയമ്മയിലൂടെ കടന്നുപോകുമ്പോഴേ ചരിത്രം പൂര്‍ണമാകൂ. സമരമുഖങ്ങളില്‍ അഗ്നിജ്വാലയായി ഉയര്‍ന്ന മലയാളത്തിന്റെ ഝാന്‍സി റാണി വിവാദങ്ങളുടെയും മറുവാദങ്ങളുടെയും സഹയാത്രികയാണ്. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന ഓരോ സ്ത്രീയുടെയും അനുഭവ മാതൃക കൂടിയാണ് ഗൗരിയമ്മ.
നൂറിലെത്തിയെങ്കിലും ചുറുചുറുക്കോടെ ഗൗരിയമ്മ മാധ്യമങ്ങളോട് വിശേഷങ്ങള്‍ പങ്കുവച്ചു. താന്‍ ആരെയും ക്ഷണിച്ചിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരാണ് പിറന്നാളാഘോഷം സംഘടിപ്പിക്കുന്നത്. ജൂലൈ ഒന്നാം തിയതി റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ പതിവുപോലെ കരിമീന്‍ പൊള്ളിച്ചതും അമ്പലപ്പുഴ പാല്‍പ്പായസവും അടങ്ങുന്ന വിഭവങ്ങളോടെ സദ്യയൊരുക്കും. കുട്ടിക്കാലത്തെ പിറന്നാള്‍ വിശേഷം ഗൗരിയമ്മ ഓര്‍ത്തെടുത്തു. 12 പ്രസവിച്ച അമ്മയും ചെറുപ്പം മുതല്‍ കര്‍ഷകര്‍ക്കൊപ്പമായിരുന്ന അച്ഛനും പിറന്നാള്‍ ആഘോഷം മുടക്കിയിട്ടില്ല. പുതിയ തോര്‍ത്ത് ഉടുക്കുന്നതായിരുന്നു അന്ന് പുത്തനുടുപ്പ്. താറാവു കറിയും മുട്ടക്കറിയും വിശേഷപ്പെട്ട വിഭവങ്ങളും. 100 വര്‍ഷങ്ങള്‍ ഓര്‍ത്തെടുക്കുന്ന ചെറുപ്പമായ മനസോടെ മാധ്യമങ്ങള്‍ക്ക് ഒരു റെഡ് സല്യൂട്ട് നല്‍കാനും ഗൗരിയമ്മ മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."