ഓണ്‍ലൈന്‍ ഉംറ വിസ അടുത്ത വര്‍ഷം മുതല്‍
#നിസാര്‍ കലയത്ത്
ജിദ്ദ: വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ്, ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന പദ്ധതി അടുത്ത വര്‍ഷത്തെ ഉംറ സീസണ്‍ മുതല്‍ ആരംഭിക്കുമെന്ന് ദേശീയ ഹജ്ജ് ഉംറ മന്ത്രാലയ കമ്മിറ്റി എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ മുഹമ്മദ് ബിന്‍ ബാദി അറിയിച്ചു.
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. സംവിധാനം സജ്ജമാകുന്നതോടെ ലോകത്ത് എവിടെ നിന്നും ആര്‍ക്കും ഹജ്ജ്, ഉംറ വിസക്ക് നേരിട്ട് അപേക്ഷിക്കാം.
മതിയായ രേഖകളുള്ളവര്‍ ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം വിസ ലഭിക്കുന്നതായിരിക്കും പുതിയ രീതി. നിലവില്‍ വിദേശ ഏജന്‍സികള്‍ വഴി എംബസിയില്‍ നിന്ന് വിസ ലഭിക്കുന്ന രീതിയാണ് തുടരുന്നത്.
എന്നാല്‍, വിദേശ എംബസിയെയോ ഏജന്‍സിയെയോ സമീപിക്കേണ്ടതില്ല എന്നത് ഓണ്‍ലൈന്‍ വിസ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇതിനു പുറമെ ഹോട്ടല്‍ ബുക്കിങ് സഊദിയിലെ യാത്രകള്‍ക്ക് ബസുകള്‍ ബുക്ക് ചെയ്യല്‍, താമസം. പുണ്യ സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന വ്യത്യസ്ത സേവനങ്ങള്‍ തുടങ്ങി ഉംറ സേവന മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈന്‍വല്‍ക്കരിക്കും. ഇതിനു പുറമെ സഊദി കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന മുഴുവന്‍ പാക്കേജുകള്‍ വാങ്ങാനോ, വ്യത്യസ്തമായ ബുക്കിങ് ഇനങ്ങള്‍ തെരഞ്ഞെടുക്കാനോ ഇ സംവിധാനത്തിലൂടെ സൗകര്യമുണ്ടാകും.
ഇതോടെ ഉംറ വിസകള്‍ അനുവദിക്കുന്നതില്‍ വിദേശങ്ങളിലെ സഊദി എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള പങ്ക് ഇല്ലാതാവും. ചുരുങ്ങിയ ചെലവില്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന മഖാം പോര്‍ട്ടല്‍ സംവിധാനം അധികൃതര്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."