ആര്‍ദ്രം പദ്ധതി: ആരോഗ്യവകുപ്പില്‍ 3000 തസ്തികകള്‍കൂടി സൃഷ്ടിക്കുന്നു
തിരുവനന്തപുരം: 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ 3000 പുതിയ തസ്തികകള്‍ കൂടി ആരോഗ്യവകുപ്പില്‍ സൃഷ്ടിക്കാനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമായി. സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരെ തസ്തിക സൃഷ്ടിച്ച് നിയമിക്കും. പുതിയ എഫ്.എച്ച്.സികള്‍ക്കായി ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെ 3000 പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്.
4,200 പുതിയ തസ്തിക ഇതിനു മുന്‍പ് ആരോഗ്യവകുപ്പില്‍ സൃഷ്ടിച്ചിരുന്നു. പുതിയ എഫ്.എച്ച്.സികള്‍ക്കുള്ളവ കൂടി സൃഷ്ടിക്കുന്നതോടെ ആരോഗ്യ വകുപ്പില്‍ പുതിയ തസ്തികകളുടെ എണ്ണം 7000 കവിയും. ഇത് സര്‍വകാല റെക്കോഡാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ദൗത്യമായി ഏറ്റെടുത്ത് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സംസ്ഥാനത്ത് 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു.
ആദ്യഘട്ടം 170 പി.എച്ച്.സികളെയാണ് കുടുംബാരോഗ്യ കേന്ദ്രമായി (എഫ്.എച്ച്.സി) ഉയര്‍ത്തിയത്. ഇതോടെ സംസ്ഥാനത്ത് എഫ്.എച്ച്.സികളുടെ എണ്ണം 670 ആയി. ആകെയുള്ള 858 പി.എച്ച്.സികളില്‍ അവശേഷിക്കുന്ന 178 എണ്ണം അടുത്തഘട്ടത്തില്‍ എഫ്.എച്ച്.സികളാക്കും. തിരുവനന്തപുരം 41, കൊല്ലം 38, പത്തനംതിട്ട 26, ആലപ്പുഴ 40, കോട്ടയം 34, ഇടുക്കി 25, എറണാകുളം 40, തൃശൂര്‍ 48, പാലക്കാട് 44, മലപ്പുറം 40, കോഴിക്കോട് 37, വയനാട് 15, കണ്ണൂര്‍ 50, കാസര്‍കോട് 22 എന്നിങ്ങനെയാണ് ജില്ലകളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."