തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: ഉമര്‍ ഫൈസി
കോഴിക്കോട്: സമൂഹമാധ്യമങ്ങള്‍ മുഖേനയും മറ്റും അണികളില്‍ ചേരിതിരിവുണ്ടാക്കുന്ന വിധം തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍നിന്നു പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നും അത്തരം വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍(എസ്.എം.എഫ്) ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ആഹ്വാനം ചെയ്തു.
എസ്.എം.എഫിന്റെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ സ്വാഭാവികമായും ഉണ്ടായ ചില അനിവാര്യ ചര്‍ച്ചകളെ മുസ്‌ലിം ലീഗിനും സമസ്തയ്ക്കുമിടയിലുള്ള ഭിന്നിപ്പാക്കി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. തന്നെ മാറ്റിനിര്‍ത്തി പാണക്കാട്ട് എസ്.എം.എഫിന്റെ യോഗം ചേര്‍ന്നെന്നും യോഗം വിഫലമായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരമാണ്. അത്തരത്തില്‍ ഒരു യോഗവും എവിടെയും നടന്നിട്ടില്ലെന്നും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം നാളെ ചേളാരിയില്‍ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.
ഇരു വിഭാഗം സുന്നികള്‍ക്കിടയില്‍ നടക്കുന്ന ലയനശ്രമം തന്റെ നേതൃത്വത്തിലല്ലെന്നും സമസ്ത മുശാവറ നിയോഗിച്ച നാലംഗ സമിതിയിലെ ഒരംഗം മാത്രമാണു താനെന്നും ഫൈസി പറഞ്ഞു. ചര്‍ച്ചകള്‍ അതിന്റെ വഴിക്കു നടക്കുന്നുണ്ടെന്നും അതില്‍ മുസ്‌ലിം ലീഗിനോ മറ്റാര്‍ക്കോ എതിര്‍പ്പുള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."