ഞാനായ് പിറന്ന മകള്‍ക്ക്
ഒരേ പ്രമേയത്തിലോ, വ്യത്യസ്ത പ്രമേയത്തിലോ എഴുതപ്പെട്ട ഒന്നിലധികം എഴുത്തുകാരുടെ കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍ തുടങ്ങിയ രചനകളെ ഒരു പുസ്തകത്തില്‍ ഒരുമിച്ചു കൂട്ടുന്നതാണ് അിവേീഹീഴ്യ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. മകള്‍ പ്രമേയമായി വരുന്ന അത്തരത്തിലുള്ള കവിതകളുടെ അിവേീഹീഴ്യ ആണ് ജാസ്മിന്‍ സമീര്‍ എഡിറ്റ് ചെയ്തിരിക്കുന്ന മകള്‍ക്ക് എന്ന കവിത സമാഹാരം.
കെ. സച്ചിദാനന്ദന്‍, ശ്രീധരനുണ്ണി, പി.കെ ഗോപി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എം.എം സചീന്ദ്രന്‍, സത്യന്‍ മാടാക്കര, ഇസ്മായില്‍ മേലടി, ഷാജി ഹനീഫ്, വെള്ളിയോടന്‍, മംഗലത്ത് മുരളി, പി. ശിവപ്രസാദ്, സബീന എം. സാലി തുടങ്ങിയ പ്രശസ്തരും അല്ലാത്തവരുമായ 50 കവികളുടെ 50 കവിതകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തനിക്ക് ലഭിച്ച ജന്നമോള്‍ക്കും, ലോകത്തിലെ എല്ലാ പെണ്മക്കള്‍ക്കുമായാണ് ജാസ്മിന്‍ സമീര്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നത്. 'എന്റെ മകളുടെ മുഖത്ത് നോക്കുമ്പോള്‍, അവള്‍ വളര്‍ന്നുവരുന്ന ഈ സമൂഹത്തില്‍ അവള്‍ എത്രമാത്രം സുരക്ഷിതയാണെന്ന ഭയം, അവളുടെ ഭാവിയെ ഓര്‍ത്തുള്ള ആശങ്ക, അവള്‍ നേരിടേണ്ടി വരുന്ന, ഓരോ പെണ്ണും നേരിട്ടു കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ വേലിക്കെട്ടുകളും ആസുരതകളും എല്ലാം മനസ്സില്‍ സൃഷ്ടിക്കുന്ന സന്നിഗ്ധാവസ്ഥയുടെ വിശാലമായ ചിന്തയില്‍ ഉരുതിരിഞ്ഞതാണ് ഈ പുസ്തകത്തിന്റെ ആശയം' എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ ജാസ്മിന്‍ പരിചയപ്പെടുത്തുന്നു.
ഒരേ സമയം മകള്‍ എന്ന പ്രമേയം അവതരിപ്പിക്കുകയും വായനക്കാരെ വ്യത്യസ്ത തലങ്ങളിലേക്ക് ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതയാണ് സച്ചിദാനന്ദന്‍ മാഷ് എഴുതിയ മകള്‍ എന്ന കവിത.
ആര്യസൂര്യാംബരം എന്ന കവിതയിലൂടെ പ്രശസ്ത കവി പി.കെ ഗോപി തന്റെ പെണ്മക്കളായ ആര്യയെയും സൂര്യയെയും ഓര്‍ക്കുന്നതോടൊപ്പം, അവരെ അമ്മയുടെ കാല്‍ തൊട്ടുവന്ദിക്കാന്‍ ഉപദേശിക്കുന്നു.
'വാക്കിനും നോക്കിനുമപ്പുറമെന്നിലെ
ഞാനായ് പിറന്ന മകളായിരിക്കുമ്പോള്‍
നീ തന്നെ ഞാനെന്നറിയാനിടയ്‌ക്കൊരു
ജ്ഞാനാംബരപ്പൂവിറുത്തു വായിക്കണേ.'
മഴ മകളുടെ രൂപം പ്രാപിക്കുന്ന കാഴ്ചയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ മഴമകള്‍ എന്ന കവിത പങ്കുവെക്കുന്നത്.
'പാവം എന്നാലും കാണാന്‍ വരും
എന്റെ ഖബറിനു മുകളിലെത്തുമ്പോഴേക്കും
അവള്‍ പൂക്കളായി മാറും.
എന്നിട്ട് പറയും: ഒരിക്കല്‍ക്കൂടി എന്നെ നടക്കാന്‍ പഠിപ്പിക്കുമോ?
ആ കൈ വിരലുകള്‍ നീട്ടിത്തരുമോ..?
ഉപ്പ പോയതില്‍പ്പിന്നെ ഞാനൊരു മഴയെന്നു തോന്നിയിട്ടേയില്ല.'
എം.എം സചീന്ദ്രന്റെ ഇന്ത്യയുടെ മകള്‍ എന്ന കവിത ഇന്ത്യയില്‍ പെണ്മക്കള്‍ക്ക് നേര്‍ക്കുണ്ടായ അരുതായ്മകളെ വിളിച്ചോതുന്നു.
'രാത്രികള്‍ നിനക്കുള്ളതല്ല,
സന്ധ്യയുടെ മങ്ങിയവെളിച്ചം നിനക്കു
ള്ളതല്ല
വീടിന്റെ പൂമുഖത്തെളിവും നിനക്കുള്ളതല്ല..'
ഇസ്മായില്‍ മേലടിയുടെ ഭംഗം എന്ന കവിത അടിച്ചമര്‍ത്തപ്പെട്ട പെണ്‍കുട്ടികളെ അടയാളപ്പെടുത്തുന്നുണ്ട്.
'പ്രകടിപ്പിക്കാന്‍ കഴിയാതെ
അടിച്ചമര്‍ത്തപ്പെട്ട
വികാരമാണ് ഞാന്‍.
ശബ്ദമുയര്‍ത്തും മുമ്പ്
അരിഞ്ഞു വീഴ്ത്തപ്പെട്ട
അഭിപ്രായമാണ് ഞാന്‍.'
ഫാസിസ്റ്റ് ഭീകരര്‍ പിച്ചിചീന്തിയ ആസിഫയെ കുറിച്ചുള്ളതാണ് ഷാജി ഹനീഫ് എഴുതിയ കാശ്മീരം എന്ന കവിത.
'മഷിതേച്ച ചൂണ്ടുവിരല്‍
വലംകണ്ണിന് നേരെ ചൂണ്ടുന്ന
ഒരു പകല്‍ വരും
അവിടെത്തിളങ്ങുമാനേകായിരം
പകല്‍നക്ഷത്രങ്ങള്‍.'
തെരഞ്ഞെടുപ്പിലൂടെ ഫാസിസ്റ്റ് ചെയ്തികള്‍ക്കെതിരെ ജനങ്ങള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷ കൂടി ഈ കവിതയിലൂടെ കവി പങ്കുവയ്ക്കുന്നു.
സംരക്ഷണം നല്‍കേണ്ട കരങ്ങള്‍ ഇരുട്ടിന്റെ മറവില്‍ എല്ലാം കവര്‍ന്നെടുക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട് വെള്ളിയോടന്‍ എഴുതിയ വളപ്പൊട്ടുകളുടെ ശവകുടീരം എന്ന കവിത.
പേരയ്ക്ക രൂപത്തില്‍ മകള്‍ക്ക് കൊടുത്ത സ്‌നേഹം അതേ അളവില്‍ മകള്‍ പൊതിഞ്ഞുകൊടുക്കുന്നതിനെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് മംഗലത്ത് മുരളി മാഷിന്റെ പേരയ്ക്ക എന്ന കവിത.
തന്റെ ജീവിതത്തിലേക്ക് സ്വര്‍ഗത്തിന്റെ നിലാവായ് വന്ന ജന്നമോളെ കുറിച്ചുളള കവിതയാണ് ജാസ്മിന്‍ സമീറിന്റെ ജന്നാ.. നിനക്കായ്! എന്ന കവിത.
'നിദ്രയിലെന്‍
കൈവല്യമായ്
നിറകാരുണ്യമാര്‍ന്നവന്‍ കനിഞ്ഞു.
ജനത്തിന്റെ തൂവെട്ടമായ്
ജന്ന... പൊന്നുമോള്‍!'
ലോകമെമ്പാടും അക്രമങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ഇരയായി മരണത്തിലേക്ക് യാത്ര പോയ കുഞ്ഞുമക്കളെ ഓര്‍ത്തെടുക്കുന്നു സബീന എം. സാലിയുടെ അടക്കം ചെയ്ത പൂമൊട്ടുകള്‍ക്ക് എന്ന കവിത.
ഏക മകളെക്കുറിച്ചുള്ള സ്‌നേഹവും പ്രതീക്ഷയും പങ്കുവയ്ക്കുന്നു പി. ശിവപ്രസാദിന്റെ മണ്‍കിടവ് എന്ന കവിത.
'നീ.. മകള്‍
നീറുമൊരു നീളന്‍ മുറിവിന്റെ
ചിതറിത്തെറിക്കുന്ന പ്രാണരക്തം.
എന്‍ കരള്‍ കുത്തിയ വെണ്ണിലാക്കുമ്പിളില്‍
കാലം കനിഞ്ഞെറിഞ്ഞേപോയ സ്വര്‍ണ്ണനാണ്യം.'
ആണ്‍കുഞ്ഞിന് കാത്തിരുന്നവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ അമ്മ തന്നെ തലയണ പൊത്തി കൊലചെയ്യുന്ന മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ സങ്കടങ്ങള്‍ അവള്‍ തന്നെ പങ്കുവയ്ക്കുന്ന കവിതയാണ് സുനില്‍ എസ്. പുരത്തിന്റെ പെണ്‍മരണങ്ങള്‍ എന്ന കവിത.
ജിഷയേയും സൗമ്യയേയും നിര്‍ഭയയേയും ഓര്‍ത്തെടുക്കുന്നു സുനീര്‍ അലി അരിപ്രയുടെ പെണ്‍മ എന്ന കവിത. മരിച്ച കുഞ്ഞുങ്ങളെയും അവര്‍ ഉപേക്ഷിച്ചു പോവുന്ന കുട്ടിക്കുപ്പായങ്ങളെയും കളിപ്പാട്ടങ്ങളെയും കുറിച്ചുള്ളതാണ് ജിനേഷ് കോവിലകം എഴുതിയ ചാകാപ്പിള്ളകള്‍ എന്ന കവിത.
'മരിച്ച കുഞ്ഞുങ്ങളെക്കാള്‍
കുസൃതിയൊന്നും
ജീവിച്ചിരിക്കുന്നവര്‍ക്ക്
നമ്മളോട് കാണിക്കാനാവില്ല.'
റസീന കെ.പി എഴുതിയ പെണ്ണിന്റെ നോവ് എന്ന കവിത പോരാടനുള്ള ആഹ്വാനമാവുന്നു.
'ഉണരുക! മൂര്‍ച്ചയാം സൂക്തങ്ങളാല്‍
ഉയര്‍ത്തുക! മുഷ്ടി ചൂണ്ടുവിരലാല്‍..
മുനയൊടിച്ചീടുക മനുജന്റെ ഗര്‍വിനെ
മുന്നേറിയുണരുക കരുത്തുറ്റ മനമാല്‍..'
ഇനിയും ജനിക്കാത്ത മകളെ സ്വപ്‌നം കാണുന്ന ഒരമ്മയുടെ പ്രതീക്ഷകളാണ് ലസിത സംഗീത് എഴുതിയ പ്രതീക്ഷ എന്ന കവിത. കുട്ടിക്കുപ്പായം തുന്നുന്ന തുന്നല്‍ക്കാരന്റെ ജീവിതത്തിലൂടെ അച്ഛനെയും മകളെയും അടയാളപ്പെടുത്തുന്നു മസ്ഹറുദ്ദീന്‍ എഴുതിയ കുട്ടിക്കുപ്പായം എന്ന കവിത.
'സൂചി നോക്കിനോക്കിയാണ്
തുന്നല്‍ക്കാരന്റെ കാഴ്ച മങ്ങിയത്
തുന്നിത്തീര്‍ക്കുന്ന
ഓരോ ഉടുപ്പുകളിലേയ്ക്കും
സ്വന്തം മകള്‍ പിറന്നുവീഴും.'
പ്രശസ്ത ചിത്രകാരന്‍ അഷര്‍ ഗാന്ധിയാണ് പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിപി ബുക്‌സ് തന്നെ പ്രസിദ്ധീകരിച്ച വൈകിവീശിയ മുല്ലഗന്ധമാണ് ജാസ്മിന്‍ സമീറിന്റെതായി ഇറങ്ങിയ കവിതാസമാഹാരം.
സാഹിത്യ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കി നിറസാന്നിധ്യമാവാന്‍ ജാസ്മിന്‍ സമീര്‍ എന്ന എഴുത്തുകാരിക്ക് കഴിയട്ടെയെന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു. നന്മകള്‍ നേരുന്നു, ഒപ്പം പ്രാര്‍ഥനയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."