കൊവിഡിന്റെ മറവില്‍ മണല്‍കൊള്ളയോ?
പമ്പ ത്രിവേണിയില്‍നിന്ന് മണല്‍ കടത്തുന്നത് തടഞ്ഞുകൊണ്ട് വനം വകുപ്പ് സെക്രട്ടറി ഡോ. ആശാ തോമസ് നല്‍കിയ ഉത്തരവിന്റെ ചൂടാറും മുന്‍പ്, ഉത്തരവ് തിരുത്തിക്കൊണ്ട് മുഖ്യമന്ത്രി രംഗത്തു വന്നത് ഇടപാടിലെ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.
2018ലെ പ്രളയത്തില്‍ പമ്പാ നദീതീരങ്ങളില്‍ അടിഞ്ഞ മണ്ണ്, എക്കല്‍ തുടങ്ങിയ മാലിന്യങ്ങള്‍ സൗജന്യമായി നീക്കം ചെയ്യാന്‍ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്‌സ് ആന്‍ഡ് സിറാമിക്‌സിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയെല്ലാം നീക്കാന്‍ കേരള ക്ലെയ്‌സ് മറ്റൊരു സ്വകാര്യ കമ്പനിയെ ഏല്‍പിച്ചതോടെയാണ് ഇടപാട് സംബന്ധിച്ച ദുരൂഹത ഉയര്‍ന്നു വന്നത്. ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണല്‍ അടിഞ്ഞു കൂടിയത് കൊണ്ടുപോകാന്‍ പൊതുമേഖലാ സ്ഥാപനത്തെ ചുമതലപ്പെടുത്തിയതാണ് ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണം വരാന്‍ കാരണമായത്. ആരോപണം ശക്തമായതോടെയാണ് ഡോ. ആശാ തോമസ് മണല്‍ കടത്തുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും വിഷയത്തില്‍ ഇടപെടാന്‍ വനംവകുപ്പിന് അധികാരമില്ലെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചത്. ഇതോടെ വിഷയം സി.പി.എം-സി.പി.ഐ പോരായി മാറിയിരിക്കുകയാണ്.
വനത്തിലൂടെ പോകുന്ന നദി വനംവകുപ്പിന്റേതാണെന്ന് അവകാശപ്പെടാനാകില്ലെന്നും, അവിടെ നടക്കുന്നത് ദുരന്തനിവാരണ നിയമമനുസരിച്ചുള്ള പ്രവര്‍ത്തനമാണെന്നും അതു തടയാന്‍ വനം വകുപ്പിനാവില്ലെന്നുമാണ് മുഖ്യമന്ത്രി നിരത്തിയ വാദം. എക്കല്‍ നീക്കുന്നത് വനം വകുപ്പിനു തടയാനാവില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ വനം വകുപ്പിന്റെ അധീനതയിലുള്ളതാണ് അതിലൂടെ ഒഴുകുന്ന പമ്പാനദിയെന്നും അതിലെ മണല്‍ വനം വകുപ്പിന് അവകാശപ്പെട്ടതാണെന്നുമാണ് വനം മന്ത്രി കെ. രാജു കഴിഞ്ഞ ദിവസം പറഞ്ഞത്. മണല്‍ വനാതിര്‍ത്തിക്ക് പുറത്ത് കൊണ്ടുപോകുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നും അത് ഇല്ലാത്തതിനാല്‍ വാരുന്ന മണല്‍ വനം വകുപ്പ് നിശ്ചയിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും മന്ത്രി പറഞ്ഞതിന്റെ പിന്നാലെയാണ് പമ്പയില്‍ സര്‍ക്കാര്‍ അനുവാദത്തോടെ നടക്കുന്ന മണല്‍ വാരലിനെക്കുറിച്ച് അന്വേഷിക്കുവാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി പ്രത്യേക അന്വേഷണ സമിതിയേയും നിയോഗിച്ചിരിക്കുകയാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വയം കേസെടുക്കുകയായിരുന്നുവെങ്കിലും വനംവകുപ്പിന്റെ കടുത്ത നിലപാട് തന്നെയാണ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനം.
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസും, നിയുക്ത ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഹെലികോപ്റ്ററില്‍ ഇത്ര ധൃതിപിടിച്ച് മണല്‍ നീക്കാന്‍ പറന്നുവരേണ്ട ആവശ്യമെന്താണെന്ന ചോദ്യമാണ്, ഇടപാടില്‍ അഴിമതി മണക്കാന്‍ കാരണമായത്.
രണ്ട് പ്രളയങ്ങളെ തുടര്‍ന്ന് പമ്പാനദിയില്‍ എക്കലും ചെളിയും വന്നടിഞ്ഞിരിക്കുകയാണ്. മഴക്കാലം തുടങ്ങിയ സ്ഥിതിക്ക് ഇവയെല്ലാം അടിയന്തിരമായി നീക്കം ചെയ്യേണ്ടതുമുണ്ടായിരുന്നു. മൂന്നാമതൊരു പ്രളയ സാധ്യത ഇല്ലാതാകണമെങ്കില്‍ നദികളിലും തോടുകളിലും കഴിഞ്ഞ രണ്ടു പ്രളയത്തെത്തുടര്‍ന്ന് വന്നടിഞ്ഞ ചെളിയും മരക്കഷ്ണങ്ങളും മണല്‍ കൂമ്പാരങ്ങളും നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. വളരെ നേരത്തെ തീര്‍ക്കേണ്ട ഈ ജോലികള്‍ ഇത്രയും നാള്‍ കാത്തിരിക്കണമായിരുന്നോയെന്ന ചോദ്യവും ഉയരുന്നു.
പ്രവര്‍ത്തനം മന്ദഗതിയിലായ കണ്ണൂരിലെ കേരള ക്ലെയിസ് ആന്‍ഡ് സിറാമിക്‌സിന് കോടികള്‍ വിലവരുന്ന മണ്ണ് സൗജന്യമായി നീക്കം ചെയ്യാന്‍ കരാര്‍ കൊടുത്തതോടെയാണ് അഴിമതിയാരോപണവും ഉയര്‍ന്നു വന്നത്. ചെളി കോരുന്നതിന്റെ മറവില്‍ കോടികള്‍ വിലവരുന്ന മണലും പൊതുമേഖലാ സ്ഥാപനം വാരും, അവര്‍ക്കാകട്ടെ ഈ പ്രളയ മാലിന്യം കൊണ്ട് വലിയ പ്രയോജനവുമില്ല. അതിനാല്‍ അവര്‍ പമ്പയിലെ മാലിന്യം കോരാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുകയും മാലിന്യത്തിന്റെ കൂടെ കോടികള്‍ വിലമതിക്കുന്ന മണല്‍ വാരാന്‍ സ്വകാര്യ കമ്പനിക്ക് അവസരം കിട്ടുകയും ചെയ്തു. ഇതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടായത്.
എക്കല്‍ നീക്കുന്നതിന്റെ മറവില്‍ മണലും കടത്തുന്നുവെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്ന അഴിമതി ആരോപണം. ഇതേത്തുടര്‍ന്നാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കുന്നതായി മണല്‍ നീക്കുന്നതിനു കരാറെടുത്ത കേരള ക്ലെയിസ് ആന്‍ഡ് സിറാമിക്‌സ് കമ്പനി ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ റവന്യൂ വകുപ്പിന് കത്ത് നല്‍കിയത്. ഇടപാടില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ അഴിമതിയാരോപണങ്ങളെ സുധീരം നേരിടുകയായിരുന്നില്ലേ വേണ്ടിയിരുന്നത്?
ഈ കൊവിഡ് കാലത്ത് ഇടത് മുന്നണി ഭരണം നേരിടുന്ന മൂന്നാമത്തെ അഴിമതിയാരോപണമാണിത്. സ്പ്രിംഗ്ലര്‍ കരാര്‍, ബെവ് കോ ആപ്, ഇപ്പോഴിതാ പമ്പയിലെ മണല്‍വാരലിലും അഴിമതിയാരോപണം ഉയര്‍ന്നു വന്നിരിക്കുന്നു. ഈ ആരോപണങ്ങളെയെല്ലാം വസ്തുനിഷ്ഠമായി നിഷേധിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ സംശയ നിഴലിലുമാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."