മൃഗസ്‌നേഹത്തിനിടെ അവഗണിക്കുന്ന കര്‍ഷക വിലാപം
ലോക പരിസ്ഥിതി ദിനം ആചരിച്ചതിന്റെ ആലസ്യത്തിലാണ് നാം കേരളീയരും. ഈ ദിവസം നിരവധി വൃക്ഷത്തൈകളാണ് നട്ടത്. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കി ഭൂമിയില്‍ വിവിധ തരം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചു. കൂടാതെ, വിവിധ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാര്‍ഥി, വനിത, യുവജന കൂട്ടായ്മകള്‍ വാശിയോടെ തോരാതെ പെയ്‌തൊഴിയുന്ന മഴക്കാലത്ത് വൃക്ഷത്തൈകള്‍ നടാന്‍ തയാറായി. നിരവധി വര്‍ഷങ്ങളായി തുടരുന്ന ഈ പദ്ധതി ഓരോ വര്‍ഷം കഴിയുന്തോറും മത്സര രൂപം പൂണ്ട് വര്‍ധിച്ചു വരുന്ന കാഴ്ചയാണുള്ളത്. ലോക പരിസ്ഥിതി ദിന സന്ദേശങ്ങള്‍ പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായിട്ട് മാത്രമല്ല നമ്മള്‍ ഈ ആചാരത്തിന് തുടക്കം കുറിച്ചത്. ഭൂമിയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പ് തിരിച്ചുപിടിക്കുന്നതിനോടൊപ്പം പരിസ്ഥിതിയില്‍ സംഭവിച്ച കേടുപാടുകള്‍ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യവും ഇത്തരം ആചരണങ്ങള്‍ക്ക് പിന്നിലുണ്ട്.
ആഗോള താപനിലയില്‍ സംഭവിച്ച മാറ്റങ്ങള്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആവാസവ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന ചിന്തയാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്ന തീരുമാനത്തില്‍ ലോകത്തെ എത്തിച്ചത്. ദിനാചരണങ്ങളില്‍ മാത്രമല്ല അല്ലാതെയും മനുഷ്യന്‍ ഭൂമിയില്‍ പച്ചപ്പ് ഉണ്ടാവണമെന്ന തിരിച്ചറിവിലെത്തി. ലോകത്താകമാനം ഇതിന്റെ അലയൊലികളുണ്ടായി, പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങി. ശുദ്ധവുമായ കാറ്റ്, എങ്ങും പുഞ്ചിരിക്കുന്ന പൂക്കള്‍, പാറി നടക്കുന്ന പൂമ്പാറ്റകള്‍, തെളിനീരുറവകള്‍, അതില്‍ നോക്കുന്ന പക്ഷിക്കൂട്ടങ്ങള്‍, നേര്‍ത്ത തണുപ്പ് ജൈവവൈവിധ്യത്തിന്റെ അമൂല്യ നിധികളായ ഇവയൊക്കെ സ്വപ്നം കണ്ട്, ഇതിനായി പ്രതിജ്ഞയെടുത്ത് വലിയൊരു ജനസമൂഹം രംഗത്തെത്തി. അതിന്റെയൊക്കെ മാറ്റങ്ങള്‍ സ്വാഭാവികമായും പ്രകൃതിയിലുണ്ടായി.
ദൈവത്തിന്റെ സ്വന്തം ഭൂമി എന്നവകാശപ്പെടുന്ന കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ ഇവിടെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. ഇപ്പോള്‍ അതിന്റെയെല്ലാം ഗുണമുണ്ടായി എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിന്റെ വന വിസ്തൃതി കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 3820 ച.കി.മീറ്റര്‍ വര്‍ധിച്ചതായി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ(എഫ്.എസ്.ഐ) കണക്കുകള്‍ പറയുന്നു. കേരളത്തിന്റെ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദങ്ങള്‍ നിറഞ്ഞവയാണ്. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് ചര്‍ച്ച നടത്താത്ത കേരളീയര്‍ കുറവായിരിക്കും. ഇവരുടെയൊക്കെ നിരീക്ഷണങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന കണക്കുകളാണ് പരിസ്ഥിതിയെ സംബന്ധിച്ച് എഫ്.എസ്.ഐ പുറത്തു വിട്ടിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ 93 ശതമാനവും വന ദൃശ്യമാണെന്നും കേരളത്തിന്റെ വന സാന്ദ്രത 2017ല്‍ 9575 ച.കി.മീറ്റര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 9637 ച കി.മീറ്റര്‍ ആയിട്ടുണ്ടെന്നും ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് സൂചിപ്പിക്കുന്നതെന്നും പറയുന്നു.
എന്നാല്‍ കേരളത്തില്‍ സംഭവിച്ച ഈ പാരിസ്ഥിതിക മാറ്റം എന്തെങ്കിലും നിയമം മൂലം ഉണ്ടായതല്ല. ഓരോ കേരളീയന്റെയും ഇച്ഛാശക്തിയുടെ ഫലമായിരുന്നു. ഇതിന് നന്ദി പറയേണ്ടത് ഇവിടുത്തെ കര്‍ഷക സമൂഹത്തോടാണ്. പ്രത്യേകിച്ച് കുടിയേറ്റ ആദിവാസി വിഭാഗങ്ങളോട്, അവരാണ് വനങ്ങള്‍ക്കടുത്തായി അനേകം വര്‍ഷങ്ങളായി കൃഷി ചെയ്യുന്നതും ജീവിക്കുന്നതും. വന വിസ്തൃതി കൂടിയതോടെ വനവിഭവങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന ആദിവാസി ജീവിതങ്ങളെ കുറിച്ചോ, കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന വന്യമൃഗ ശല്യങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്നോ അധികാരിവര്‍ഗം ചിന്തിച്ചില്ല. ഇതിനായി ഒരു പദ്ധതിയും ആവിഷ്‌കരിച്ചില്ല. കൃഷിക്കാരന്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമികളില്‍ വന്യമൃഗങ്ങള്‍ വന്നു നശിപ്പിച്ചില്ലാതാക്കുന്ന കൃഷികളുടെ യഥാര്‍ഥ കണക്കുകള്‍ ഇന്നെവിടെയും ലഭിക്കാനിടയില്ല. വനം വളര്‍ന്നതോടെ കാട്ടുമൃഗങ്ങളില്‍ വന്ന സഞ്ചാര മാറ്റം ഏറ്റവും വിനയായത് കര്‍ഷകര്‍ക്കായിരുന്നു. വനമേഖലകളില്‍ അനേകം വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്ന കര്‍ഷകരെ ഇത് സാരമായി ബാധിച്ചു. വന സദൃശ്യമായ കാഴ്ചകള്‍ കാണുന്നവര്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കിയെങ്കിലും കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ മുഖ്യമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടില്ല. പരിസ്ഥിതിയില്‍ സംഭവിച്ച മാറ്റങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ മധ്യവര്‍ഗ, കുടിയേറ്റ, ആദിവാസി സമൂഹത്തെ ബാധിച്ചതെന്ന് അന്വേഷിക്കാന്‍ ആരും തയാറായില്ല.
കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിവച്ചു കൊല്ലാന്‍ ഈ അടുത്ത കാലത്താണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ കര്‍ഷകന്‍ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ സാധാരണ തയാറാവാറില്ല. കാരണം പന്നിയെ കൊന്നാല്‍ അതിന്റെ പിറകെ നടക്കാന്‍ അവര്‍ക്ക് സമയം ഇല്ലാത്തതിനാലാണ്. ആനയും മറ്റു കാട്ടുമൃഗങ്ങളും നശിപ്പിച്ചില്ലാതാക്കുന്ന വിളകളുടെ കണക്കും പരിശോധിക്കപ്പെടേണ്ടതാണ്. ആനകള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം വാര്‍ത്തയാവുകയും ആനകള്‍ കൊല്ലുന്ന മനുഷ്യരുടെ വാര്‍ത്തകള്‍ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. രണ്ടു വര്‍ഷത്തിനിടെ 25 ആനകള്‍ ചരിഞ്ഞപ്പോള്‍ 150ലധികം പേരെയാണ് ആന കൊന്നത്. ഇതിന് പുറമെ നിരവധി വീടുകളും തകര്‍ത്തു. ഇതില്‍ കൂടുതലും ആദിവാസികളുടേതാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ആനയുടെ ആക്രമണങ്ങള്‍ രൂക്ഷമാണെന്നാണ് ആദിവാസികള്‍ പറയുന്നത്. വന വിസ്തൃതിയിലുണ്ടായ വളര്‍ച്ച മൃഗങ്ങളെ കാട്ടില്‍ നിന്നിറക്കി നാട്ടിലേക്ക് വരുത്താന്‍ കാരണമായതായി കര്‍ഷകര്‍ പറയുന്നു. വനത്തിനകത്ത് കാത്തിരുന്ന മൃഗങ്ങള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി എത്തിയത് സമ്പന്നമായ കര്‍ഷകന്റെ വിള ഭൂമികളിലേക്കായിരുന്നു. ഈ വിളകളില്‍ സുഖം കണ്ടെത്തിയ ഇവര്‍ തിരിച്ചു കാട്ടിലേക്ക് പോകാന്‍ മടി കാണിച്ചതോടെ നാശം സംഭവിച്ചത് നാടിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്കായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും നോക്കുകുത്തികള്‍ മാത്രമാവുകയും അനേകം വര്‍ഷങ്ങളായി കൈവശംവച്ചിരിക്കുന്ന ഭൂമികളില്‍ കയറി സര്‍ക്കാര്‍ വകുപ്പുകള്‍ ജണ്ട കെട്ടി കര്‍ഷകന്റെ ഭൂമി അധീനപ്പെടുത്തുകയും ചെയ്തു പോരുന്ന കാഴ്ച തുടരുകയാണ്.
കാടിന്റെ ശോഷണത്തിന് കാരണം മൃഗങ്ങള്‍ കാടിറങ്ങിയതല്ല മനുഷ്യന്‍ കാടു കയറിയതാണ് എന്ന കേവലമായ വാദം ഇന്നും ചില പരിസ്ഥിതി വാദികളും മൃഗസ്‌നേഹികളും ഉയര്‍ത്തുന്നുണ്ട്. ഇവര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നവരല്ല. കാടിനും മൃഗങ്ങള്‍ക്കും ഒപ്പം കര്‍ഷകനും അതിജീവിക്കേണ്ടതുണ്ട് എന്ന ലളിത പാഠം ഇക്കൂട്ടര്‍ പലപ്പോഴും വിസ്മരിക്കുകയാണ്. മൃഗശല്യത്തെ അതിജീവിക്കാന്‍ ശാസ്ത്രീയമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനെങ്കിലും ഇവര്‍ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണക്കുകള്‍ പ്രാകാരം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിയിലേറെ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ ശരാശരി ച.കി.മീറ്ററിന് 382 ആണെങ്കില്‍ കേരളത്തിന്റേത് 860 ആണ്. വന വിസ്തൃതിയുടെ കാര്യത്തിലും വളരെ മുന്നിലാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തിന്റെ നട്ടെല്ലായ കര്‍ഷകന്റെ വിലാപങ്ങള്‍ കേള്‍ക്കാന്‍ ആരും തയാറല്ല. ഒരു ആനയുടെ പേരില്‍ സംഭവിച്ച പൊല്ലാപ്പുകള്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് കാരണമായി എന്നതൊഴിച്ചാല്‍ കര്‍ഷകര്‍ക്ക് ഇതിന്റെയൊന്നും ഗുണം ലഭിച്ചില്ല.
ഇവിടെ കര്‍ഷകന്‍ ആരുടെയൊക്കെയോ ശത്രുവായി മാറുന്ന കാഴ്ചയാണുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാടിന്റെ വളര്‍ച്ചക്കൊപ്പം സംഭവിക്കുന്ന കര്‍ഷകന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ രംഗത്തുവരണം. കാട്ടുമൃഗങ്ങള്‍ സൃഷ്ടിക്കുന്ന കൃഷി നാശങ്ങള്‍ക്ക് പുറമെ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ഉണ്ടാവാറുള്ള കൃഷി നഷ്ടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുമുണ്ടാവണം. ഒപ്പം മൃഗശല്യങ്ങള്‍ തടയാന്‍ വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് പഠിക്കാനും സര്‍ക്കാര്‍ മുന്നോട്ടു വരണം. കേരളത്തിലുണ്ടാകുന്ന പ്രളയങ്ങളുടെ നിത്യ ഇരകള്‍ മലയോര കര്‍ഷകരും ആദിവാസികളുമാണ്. കൃഷികള്‍ നശിക്കുന്നതിലൂടെയും വീടുകള്‍ തകരുന്നതിലൂടെയും ഇല്ലാതാവുന്നത് കര്‍ഷകരുടെ സ്വപ്നങ്ങളാണ്. ഇതിനിടയില്‍ കൊല്ലപ്പെട്ടുന്ന ആനകള്‍ക്കും പന്നിക്കൂട്ടങ്ങള്‍ക്കും ചരമഗീതം എഴുതാന്‍ നടക്കുന്നവര്‍ മനുഷ്യന്റെ അവകാശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പുഴകളിലെ മണല്‍വാരല്‍ തടയുന്നതും നിയന്ത്രിത രീതിയിലെങ്കിലും വീടുകള്‍ നിര്‍മിക്കാനാവശ്യമായ കല്ലുകള്‍ എടുക്കാന്‍ അനുവാദം നല്‍കാത്തതുമൊക്കെ പരിസ്ഥിതിയുടെ പേരില്‍ ആവുമ്പോഴാണ് കപട പരിസ്ഥിതി വാദം സൃഷ്ടിക്കുന്ന ആപത്തുകള്‍ മനസ്സിലാക്കാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."