അധികാരികള്‍ കാണുന്നില്ലേ ഈ മാലിന്യക്കൂമ്പാരം
കണ്ണൂര്‍: നഗരത്തില്‍ പ്രസ്‌ക്ലബ് റോഡ് വികസനത്തിന്റെ ഭാഗമായി സ്വാതന്ത്രസമര സുവര്‍ണ ജൂബിലി സ്മാരക സ്തൂപത്തിനു സമീപം തള്ളിയ മാലിന്യം നീക്കാത്തതു യാത്രക്കാര്‍ക്കു ദുരിതമാവുന്നു. റോഡ് വികസനത്തോടനുബന്ധിച്ച് വീതികൂട്ടാനായി റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമെടുത്ത മണ്ണും കല്ലുമടങ്ങിയ മാലിന്യവും മരക്കൊമ്പുകളുമാണു റോഡ്പണി ഏറ്റെടുത്ത കരാറുകാര്‍ കോര്‍പറേഷന്‍ മേയറുടെ അനുവാദത്തോടെ സ്വാതന്ത്രസമര സേനാനികളുടെ ഓര്‍മയ്ക്കായി നിര്‍മിച്ച സ്തൂപത്തിനു ചുറ്റും തള്ളിയത്.
ടാറിങ് പൂര്‍ത്തിയായി ഒരുമാസത്തിലേറെയായിട്ടും മാലിന്യം നീക്കാന്‍ നടപടി ഇല്ലാത്തതു സ്വതന്ത്ര സമര സേനാനികളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനന്‍ പറഞ്ഞു.
സ്വാതന്ത്ര സേനാനികളുടെ വില അറിയാത്തവരാണ് ഇത്തരം തെമ്മാടിത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാലിന്യം ഇവിടെ തള്ളാന്‍ അനുവാദം നല്‍കിയ കോര്‍പറേഷന്‍ നടപടിക്ക് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
എന്നിട്ടും മാലിന്യം ഇവിടെ നിന്നു മാറ്റാന്‍ കോര്‍പറേഷന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ല. മാലിന്യം നീക്കുന്നത്തെപ്പറ്റി മേയറോട് ചോദിച്ചപ്പോള്‍ കരാറുകാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ എങ്ങോട്ട് എപ്പോള്‍ മാറ്റുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം മേയര്‍ക്കുമില്ല.
മാലിന്യം ഇവിടെ നിക്ഷേപിച്ചതു മൂലം സമീപത്തെ കടക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാറ്റടിക്കുമ്പോള്‍ മാലിന്യത്തില്‍ നിന്നുയരുന്ന പൊടിപടലങ്ങള്‍ കടയിലെ ഫര്‍ണിച്ചറുകളുടെ മേല്‍ പറ്റിപ്പിടിക്കുന്നതും ദുരിതമാകുന്നുണ്ട്. ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു.
റോഡ് പണി താല്‍ക്കാലികമായി നിര്‍ത്തിവച്ച കരാറുകാരോടു കോര്‍പറേഷന്‍ അധികൃതര്‍ ഉടന്‍ മാലിന്യം നീക്കാന്‍ ആവശ്യപ്പെടണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."