സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഏറ്റവും അവഗണന ഈഴവര്‍ക്കും മുസ്‌ലിംകള്‍ക്കും; പട്ടികയില്‍ നായര്‍- ക്രിസ്ത്യന്‍ ആധിപത്യം
കോഴിക്കോട്: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍.ഡി.എഫ്- യു.ഡി.എഫ് മുന്നണികളുടെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുസ്ലിംകള്‍ക്കും ഈഴവര്‍ക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തില്‍ വന്‍ കുറവ്. എന്നാല്‍, ഇതിനൊപ്പം പട്ടികയില്‍ നായര്‍, ക്രൈസ്തവ സമുദായങ്ങള്‍ക്ക് വന്‍ ആധിപത്യവും ലഭിച്ചു. ഹൈന്ദവസമുദായത്തിലെ ഏറ്റവും വലിയ ജാതിവിഭാഗമായ ഈഴവര്‍ കേരളത്തിലെ ജനസംഖ്യയുടെ 18.3 ശതമാനം വരും. ജനസംഖ്യാപരമായി കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലുമുതല്‍ അഞ്ചുസീറ്റ് വരെ സീറ്റുകള്‍ ഈഴവര്‍ക്കു ലഭിക്കേണ്ടതാണ്. ഇതില്‍ എല്‍.ഡി.എഫ് ഈഴവവിഭാഗത്തില്‍ നിന്നുള്ള നാലുപേരെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ യു.ഡി.എഫ് പട്ടികയില്‍ രണ്ടുപേര്‍ മാത്രമാണ് ഉള്‍പ്പെട്ടത്. ആറ്റിങ്ങലിലെ ആടൂര്‍ പ്രകാശും കണ്ണൂരിലെ കെ. സുധാകരനും മാത്രമാണ് കോണ്‍ഗ്രസ്സിലെ ഈഴവ പ്രാതിനിധ്യം. എ. സമ്പത്ത് (ആറ്റിങ്ങള്‍), വി.എന്‍ വാസവന്‍ (കോട്ടയം), പി. ജയരാജന്‍ (കണ്ണൂര്‍), സി. ദിവാകരന്‍ (തിരുവനന്തപുരം) എന്നിവരാണ് ഇടതുപട്ടികയിലെ ഈഴവര്‍. ഇതാദ്യമായാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഈഴവപ്രാതിനിധ്യം ഇത്രമേല്‍ കുറയുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അഞ്ചും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നാലും സ്ഥാനാര്‍ത്ഥികള്‍ ഈഴവസമുദായത്തില്‍ നിന്നുണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥിപ്പട്ടിക സമുദായം തിരിച്ചുള്ള കണക്ക്
(ജനസംഖ്യ, മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്ന ക്രമത്തില്‍)
മുസ്ലിം- (26.5 %)- യു.ഡി.എഫ്- 4 (20 %),- എല്‍.ഡി.എഫ്- 4 (20 %)
ഈഴവ- 21.6 %)- യു.ഡി.എഫ്- 2 (10 %),- എല്‍.ഡി.എഫ്- 4. (20 %)
കൃസ്ത്യന്‍- (18.3)- യു.ഡി.എഫ്- 5 (25. %),- എല്‍.ഡി.എഫ്- 4. (20 %)
നായര്‍- (11.9)- യു.ഡി.എഫ്- 6 (30. %),- എല്‍.ഡി.എഫ്- 5 (25 %)
26.56 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന് ഇരുമുന്നണികളും നാലു വീതം സ്ഥാനാര്‍ഥികളെയാണ് നല്‍കിയത്. ജനസംഖ്യയനുസരിച്ച് മുസ്ലിംകളില്‍ നിന്ന് 5-6 സ്ഥാനാര്‍ത്ഥികളെങ്കിലും ഉണ്ടാവേണ്ടതാണ്. എന്നാല്‍, ഇതില്‍ ജയസാധ്യതയുള്ള സീറ്റില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് പതിവ് പോലെ യു.ഡി.എഫാണ്. മുന്നണിയുടെ ഏറ്റവും വലിയ വോട്ട് ബാങ്കും മുസ്ലിം സമുദായമാണ്. ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഇ.ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), കോണ്‍ഗ്രസ്സിന്റെ അഡ്വ. ടി. സിദ്ദീഖ് (വയനാട്) എന്നിവരുടെ വിജയം ഏറെക്കുറേ ഉറപ്പാണ്. കോണ്‍ഗ്രസ്സിന്റെ അഡ്വ. ഷാനിമോല്‍ ഉസ്മാന്‍ (ആലപ്പുഴ) ആണ് യു.ഡി.എഫിലെ മറ്റൊരു മുസ്‌ലിം സ്ഥാനാര്‍ത്ഥി. പാര്‍ട്ടി അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ 16ല്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ രണ്ടുപേരും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവര്‍ നാലുപേരുമാണ്.
സി.പി.എമ്മിന്റെ എ.എം ആരിഫ് (ആലപ്പുഴ), പി.വി അന്‍വര്‍ (പൊന്നാനി), വി.പി സാനു (മലപ്പുറം), സി.പി.ഐയുടെ പി.പി സുനീര്‍ (വയനാട്) എന്നിവരാണ് ഇടതുപട്ടികയിലെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍. ഇതില്‍ ആലപ്പുഴ മാത്രമാണ് ഇടതിന് പ്രതീക്ഷനല്‍കുന്ന മണ്ഡലം.
എല്‍.ഡി.എഫ് നാലു സീറ്റുകള്‍ ഇത്തവണ ക്രൈസ്തവ വിഭാഗത്തിനു നല്‍കിയപ്പോള്‍ യു.ഡി.എഫ് അഞ്ചെണ്ണം നല്‍കി. ജോയ്‌സ് ജോര്‍ജ് (ഇടുക്കി), വീണാ ജോര്‍ജ് (പത്തനംതിട്ട), രാജാജി മാത്യു തോമസ് (തൃശൂര്‍), ഇന്നസെന്റ് (ചാലക്കുടി) എന്നിവരാണ് ഇടതുപട്ടികയിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവര്‍. ബെന്നി എബ്രഹാം (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), തോമസ് ചാഴികാടന്‍ (കോട്ടയം), ആന്റോ ആന്റണി (പത്തനംതിട്ട) എന്നിവരാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അഞ്ച് സീറ്റുകള്‍ ക്രൈസ്തവ വിഭാഗത്തിനും മൂന്നു സീറ്റുകള്‍ മുസ്‌ലിം വിഭാഗത്തിനും നല്‍കിയിരുന്നു. ഇതില്‍ സി.പി.എമ്മിന്റെ മുഴുവന്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള രണ്ടുപേര്‍ വിജയിച്ചു.
കേരളത്തിലെ 11.9 ശതമാനം മാത്രം വരുന്ന നായര്‍ സമുദായത്തിനാണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ പ്രതാനിധ്യം. ജനസംഖ്യപ്രകാരം 2- 3 സ്ഥാനാര്‍ത്ഥികളാണ് നായര്‍ സമുദായത്തില്‍ നിന്ന് ഉണ്ടാവേണ്ടത് എങ്കില്‍ യു.ഡി.എഫ് ആറും എല്‍.ഡി.എഫ് അഞ്ചും സ്ഥാനാര്‍ത്ഥികളെയാണ് നായര്‍സമുദായത്തില്‍ നിന്ന് ഇറക്കിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോഡ്), കെ. മുരളീധരന്‍ (വടകര), എം.കെ രാഘവന്‍ (കോഴിക്കോട്), വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്), ശശി തരൂര്‍ (തിരുവനന്തപുരം), ആര്‍.എസ്.പിയുടെ എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരാണ് യു.ഡി.എഫ് പട്ടികയിലെ നായര്‍ വിഭാഗത്തിലുള്ളവര്‍.
സതീഷ് ചന്ദ്രന്‍ (കാസര്‍ഗോഡ്), എം.ബി രാജേഷ് (പാലക്കാട്), പ്രദീപ് കുമാര്‍ (കോഴിക്കോട്), പി. രാജീവ് (എറണാകുളം), കെ.എന്‍ ബാലഗോപാല്‍ (കൊല്ലം) എന്നിവരാണ് സി.പി.എമ്മിലെ നായര്‍ സ്ഥാനാര്‍ത്ഥികള്‍.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സമുദായം വോട്ട് ചെയ്തത് ഇങ്ങിനെ
(സമുദായം, യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി എന്നീ ക്രമത്തില്‍)
മുസ്ലിം- 62 %- 36 % - 0 %
ഈഴവ- 41 % - 51 %- 7 %
കൃസ്ത്യന്‍-65 %- 28 %- 5 %
നായര്‍-47 %-33 %- 19 %
കേരളത്തില്‍ യു.ഡി.എഫിന്റെ പ്രധാന വോട്ട് ബാങ്കുകള്‍ ന്യൂനപക്ഷമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിംകളിലെ 62 ശതമാനവും ക്രൈസ്തവരിലെ 65 ശതമാനവും വോട്ട്‌ചെയ്തത് യു.ഡി.എഫിനായിരുന്നു. 41 ശതമാനം ഈഴവവോട്ടും 47 ശതമാനം നായര്‍ വോട്ടുകളും യു.ഡി.എഫിനു ലഭിച്ചു. എന്നാല്‍, ഈഴവരാണ് സി.പി.എമ്മിന്റെ പ്രധാന വോട്ടര്‍മാര്‍. 51 ശതമാനം ഈഴവരും സി.പി.എമ്മിനൊപ്പം നിന്നപ്പോള്‍ ക്രൈസ്തവരില്‍ 28 ഉം നായന്‍മാരില്‍ 33 ഉം ശതമാനമേ ഇടതിനു വോട്ട്‌ചെയ്തുള്ളൂ. അതേസമയം, 19 ശതമാനം നായര്‍വിഭാഗക്കാരാണ് കഴിഞ്ഞതവണ ബി.ജെ.പിക്കു വോട്ട്‌ചെയ്തത്. ഒരുശതമാനത്തിനു താഴെ മാത്രം മുസ്ലിംകള്‍ ആണ് ബി.ജെ.പിക്ക് വോട്ട്‌ചെയ്തത്. ഈഴവര്‍ ഏഴും ക്രൈസ്തവര്‍ അഞ്ചും ശതമാനം ബി.ജെ.പിക്കു വോട്ട്‌ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."