യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്
വാഷിങ്ടണ്‍: യുഎസ് ഹെല്‍ത്ത് സെക്രട്ടറിയായി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നയാളെ വിമര്‍ശനമുള്ള കെന്നഡി ജൂനിയറിനെ ഈ സ്ഥാനത്ത് നിയമിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിരുദ്ധ വാദികളില്‍ ഒരാളായിരുന്നു കെന്നഡി. വാക്‌സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സിന്റെ ചെയര്‍മാനുമാണ് ഇയാള്‍. വാക്സിനും മാസ്‌കിനും എതിരായ നിലപാടുള്ള കെന്നഡി പലതരം നിഗൂഢവാദങ്ങളും മുന്‍കാലങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
വൈഫൈ ഉപയോഗിക്കുന്നത് മസ്തിഷ്‌കത്തില്‍ കാന്‍സറുണ്ടാവാന്‍ കാരണമാവുമെന്നും ഇയാള്‍ ഒരിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊറോണ വൈറസ് ആഫ്രോ അമേരിക്കന്‍ വംശജരെ മാത്രമേ ബാധിക്കുകയുള്ളൂയെന്നാണ് ഒരിക്കല്‍ ഇയാള്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍, കൊവിഡിനെതിരെ കാര്യമായൊന്നും സര്‍ക്കാര്‍ ചെയ്യരുതെന്നും മഹാമാരിയുടെ സമയത്ത് ഇയാള്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ സ്‌കൂളുകളിലെ നിരന്തരമായ വെടിവയ്പ്പുകള്‍ക്ക് കാരണം പ്രൊസാക് എന്ന ആന്റി ഡിപ്രസന്റ് മരുന്നാണെന്ന ഇയാളുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. രോഗങ്ങളെ തടയാന്‍ ഒരുതരത്തിലുള്ള വാക്സിനുകളും ഉപയോഗിക്കരുതെന്നാണ് ഇയാള്‍ പറയുന്നത്. വാക്സിന്‍ എടുക്കുന്നത് കുട്ടികളില്‍ ഓട്ടിസത്തിന് കാരണമായേക്കാമെന്നും ഇയാള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തന്റെ പിതാവും മുന്‍ യുഎസ് പ്രസിഡന്റുമായ ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയാണെന്നും കേസില്‍ നിരപരാധിയെ ശിക്ഷിച്ചെന്നും ഒരിക്കല്‍ ഇയാള്‍ അവകാശപ്പെട്ടു.അഭിഭാഷകന്‍ കൂടിയായ ഇയാള്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ബിരുദങ്ങളും നേടിയിട്ടുണ്ട്.
അമേരിക്കന്‍ ജനതയെ ആരോഗ്യമുള്ളവരാക്കി മാറ്റാന്‍ കെന്നഡിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഭക്ഷ്യനിര്‍മാണ കമ്പനികളും മരുന്നുകമ്പനികളും അമേരിക്കന്‍ ജനതയുടെ േേആരാഗ്യം നശിപ്പിക്കുകയാണ്. ഇതെല്ലാം മാറ്റാന്‍ കെന്നഡിക്ക് കഴിയുമെന്നും ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രണ്ടായിരം കോടി ഡോളറിന് തുല്യമായ തുകയാണ് ആരോഗ്യവകുപ്പിന് ഒരു വര്‍ഷം അമേരിക്ക മാറ്റിവക്കുന്നത്. ഇനി ഇത് എങ്ങനെ ചെലഴിക്കുമെന്ന് കെന്നഡിയായിരിക്കും തീരുമാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."