സ്‌കൂള്‍ അധികൃതര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന്: ബാലവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കി.
ആലപ്പുഴ പൂന്തോപ്പ് സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും മണ്ണഞ്ചേരി സ്വദേശിനിയുമായ പെണ്‍കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥിനി.
പെണ്‍കുട്ടി പൊലിസിന് നല്‍കിയ മൊഴി ഇങ്ങനെ: പ്ലസ് വണ്‍ ഫലം വന്നപ്പോള്‍ കുറച്ചുവിഷയങ്ങള്‍ക്ക് തോറ്റെന്നും വീണ്ടും പരീക്ഷയെഴുതണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അതനുസരിച്ച് പരീക്ഷ എഴുതി. അതിലും പരാജയപ്പെട്ടെന്ന് അറിയിച്ചു. ഉത്തരക്കടലാസ് കാണണമെന്ന് പറഞ്ഞപ്പോള്‍ കെമിസ്ട്രിയുടേത് മാത്രം കാണിച്ചു.
ഈ വിഷയത്തില്‍ തോറ്റെന്നായിരുന്നു ആദ്യം അറിയിച്ചത്. താനും കൂട്ടുകാരിയും ഒന്നുരണ്ടു വിഷയങ്ങളില്‍ തോറ്റിരുന്നു. സ്‌കൂളുകാര്‍ പറഞ്ഞതനുസരിച്ച് മൂന്നാമതും പരീക്ഷയെഴുതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയപ്പോഴാണ് അവസരം തന്നത്.
അതിലും ഞങ്ങളെ തോല്‍പ്പിച്ചു. ഉത്തരക്കടലാസ് കാണിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുന്നില്ല. ടി.സി. വാങ്ങിപ്പോകണമെന്ന് രണ്ട് അധ്യാപികമാര്‍ പറഞ്ഞു. സി.ബി.എസ്.ഇ. സിലിബസായതിനാല്‍ വേറെ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനാവില്ല. പുതിയ പ്രിന്‍സിപ്പലിനോട് മാതാവ് പരാതിപ്പെട്ടപ്പോള്‍ നാലാമതും പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി.
ബാലവകാശ കമ്മിഷന്‍, ജില്ലാ കലക്ടര്‍, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, ജില്ലാ പൊലിസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരുനടപടിയുമുണ്ടായില്ല. താന്‍ വളരെ മാനസിക സമ്മര്‍ദ്ദത്തിലാണ്. അതിനാലാണ് ഗുളിക കഴിച്ചതെന്നാണ് കുട്ടിയുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."