15 ദിവസത്തിനകം തിരിച്ചെത്തിക്കണം; ജോലിക്കായി പദ്ധതി വേണം
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാടുകളില്‍ തിരിച്ചെത്തിക്കണമെന്ന നിര്‍ദേശവുമായി വീണ്ടും സുപ്രിംകോടതി. കൊവിഡ് ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
സ്വന്തം സംസ്ഥാനങ്ങളില്‍ തിരിച്ചെത്തിയ തൊഴിലാളികളുടെ പട്ടിക തയാറാക്കണമെന്നും ഇവര്‍ ലോക്ക്ഡൗണിനു മുന്‍പ് എന്തു ജോലിയായിരുന്നു ചെയ്തതെന്നു രേഖപ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണിനു ശേഷം ഇത്തരം തൊഴിലാളികള്‍ക്കു ജോലി നല്‍കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി നിര്‍ദേശിച്ചു. ഇവരുടെ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജോലി നല്‍കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ എല്ലാം സംസ്ഥാനങ്ങളും ജൂലൈ എട്ടിനകം അറിയിക്കണം.
നേരത്തെ, തൊഴിലാളികളികളെ തിരിച്ചെത്തിക്കുന്നതിന് അവരില്‍നിന്നു പണം ഈടാക്കരുതെന്നും ഭക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ 15 ദിവസത്തിനകം തിരിച്ചെത്തിക്കണമെന്നും നേരത്തേയും കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ ഈ ആവശ്യത്തിനായി പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം അനുവദിക്കണമെന്ന് റെയില്‍വേയ്ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണമുണ്ടായ തൊഴില്‍ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്.
വിവിധ സംസ്ഥാനങ്ങളില്‍ മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കു ജോലി ഉറപ്പാക്കുന്നതിനും മറ്റും ഈ പദ്ധതിക്കു കൂടുതല്‍ പണം നീക്കിവയ്ക്കണമെന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടത്. നേരത്തെ ഇതേ ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."