കല്ലാര്‍ പാലം നിര്‍മാണത്തില്‍ അപാകത; ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്
നെടുങ്കണ്ടം: കല്ലാറില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് പണികളില്‍ നടന്നിട്ടുള്ള അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുന്നു. ഒരു മാസത്തിനിടെ പലതവണ ബന്ധപ്പെട്ട അധികാരികളെ അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ വന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നു.
എന്നാല്‍, കരാറുകാരെയും പാലത്തിനു സമീപം താമസിക്കുന്ന ചില തല്‍പ്പര കക്ഷികളെയും സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കല്ലാര്‍ നിവാസികള്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. അബ്ദുസ്സലാം കല്ലാര്‍ (ചെയര്‍മാന്‍), പ്രസന്നകുമാര്‍ (കണ്‍വീനര്‍), സുനില്‍, ജേക്കബ്, ഷെബീര്‍, രവി, വേണു തുടങ്ങിയവരാണു ഭാരവാഹികള്‍.
കല്ലാറില്‍ പുതുതായി പാലം നിര്‍മിച്ചപ്പോള്‍ സമീപവാസികളുടെ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ അഴിമതിയും ക്രമക്കേടും കാട്ടിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ചേമ്പളത്തേക്കു തിരിയുന്ന ജങ്ഷനിലെ കടകള്‍ക്കുവേണ്ടിയാണ് പാലത്തിന്റെ അവസാനഭാഗത്ത് വീതി കുറച്ചത്. ഇവിടെ പാലത്തിന്റെ വീതിയും കഴിഞ്ഞുവേണം ഓട നിര്‍മിക്കാന്‍. എന്നാല്‍ കെട്ടിട ഉടമകളെ സഹായിക്കാന്‍ ഈ ഭാഗത്ത് പാലത്തിന്റെ ഉള്ളിലേക്കു കയറ്റി റോഡില്‍ നിന്ന് ഓട നിര്‍മിക്കുകയാണുണ്ടായത്. ഇതോടെ ചേമ്പളത്തുനിന്ന് വരുന്ന അപ്രോച്ച് റോഡിന്റെ വീതി കുറഞ്ഞു. നെടുങ്കണ്ടത്തു നിന്ന് എത്തുന്ന ഭാഗത്തും നിയമാനുസരണം ഓട നിര്‍മിച്ചാല്‍ പലരുടെയും ഭൂമി നഷ്ടമാവും. ഇതും ഒഴിവാക്കാനാണു നിര്‍മാണത്തില്‍ അധികൃതര്‍ കൃത്രിമം കാട്ടിയത്.
പാലത്തിന്റെ വീതിക്ക് അനുസരിച്ച് ഇരുഭാഗത്തും റോഡിനു വീതി കുറയാന്‍ ഇതു കാരണമാവും. അതോടൊപ്പം ഇരുഭാഗത്തു നിന്നും ഒലിച്ചുവരുന്ന വെള്ളം ഒലിച്ചുപോവാതെ വെള്ളക്കെട്ടിനും കാരണമാവും. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നും കൃത്യമായ അളവില്‍ റോഡിനു വീതിയെടുത്ത് വശങ്ങളില്‍ ഓടനിര്‍മിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."