ഇരട്ടക്കൊലപാതകം: യുവതിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
തൊടുപുഴ: കൂട്ടാര്‍ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഈറ്റക്കാനം പുത്തന്‍വീട്ടില്‍ ബീന(27)യുടെ ഭര്‍ത്താവ് ചേലമൂട് മൈലാടിയില്‍ സുബിനെ(30)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ കൂട്ടാര്‍ ചേലമ്മൂട്ടിലെ വീടിനുസമീപത്തെ മാവിന്കൊമ്പില് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സുബിന്റെ ഭാര്യ ബീന (27), ഭാര്യാ മാതാവ് ഓമന മുരുകന് (52) എന്നിവരെ സുബിന്റെ സഹോദരന് സുജിന്‍ കഴിഞ്ഞമാസം 31ന് കുത്തിക്കൊന്നിരുന്നു. ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും മരണത്തിനുശേഷം സുബിന് മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഓമനയുടെ ഇളയ മകള്‍ വിനിതയുടെ ഭര്‍ത്താവാണ് ഇരട്ടക്കൊല നടത്തിയ സുജിന്‍. കള്ളുചെത്ത് തൊഴിലാളിയായ സുജിന്‍ മദ്യലഹരിയിലാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഇരുവരെയും കുത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ട സുജിനെ നെടുങ്കണ്ടം മേലേചിന്നാറില്‍ നിന്ന് നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഭാര്യ കൊല്ലപ്പെട്ടതിനുശേഷം സുബിന് ജോലിക്ക് പോയിരുന്നില്ല. സുബിനും ഇയാളുടെ അമ്മയുമാണ് ചേലമൂട്ടിലെ വീട്ടില്‍ താമസിച്ചിരുന്നത്. ബീന മരിച്ചശേഷം ഇവരുടെ മകന് അശ്വിന് ബന്ധുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."