പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്? ജനപക്ഷം പാര്‍ട്ടിയില്‍ കലാപം
ഈരാറ്റുപേട്ട: പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്കെന്ന് സൂചന നല്കിയതോടു കൂടി പാര്‍ട്ടിയില്‍ കലാപം. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്കൂടിയ ജനപക്ഷം പ്രവര്‍ത്തകരുടെ യോഗത്തില്‍ ഭൂരിഭാഗം പ്രവര്ത്തകരുംഇറങ്ങിപ്പോയി. ഇവരോടൊപ്പം നഗരസഭാ കൗണ്‍സിലറന്മാരും ഉണ്ടായിരുന്നു. പി.സി ജോര്‍ജ് ബി.ജെ.പി മുന്നണിയിലേക്കു പോയാല്‍ തങ്ങള്‍ പാര്‍ട്ടി വിടുമെന്ന് നഗരസഭാ കൗണ്സിലറന്മാര് അറിയിച്ചു. കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി ടിക്കറ്റിലാണ് ഇവര്‍ നഗരസഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ചത്. ആ പാര്‍ട്ടി ഇപ്പോള്‍ നിലവില്ല. പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക് വിപ്പ് നല്കാന് അധികാരമില്ലായെന്ന് കൗണ്സിലറന്മാര് അറിയിച്ചു.
പി.സി ജോര്ജിന്റെനിലപാട് മാറ്റത്തില്‍ ആശങ്കയുണ്ടെന്ന് ജനപക്ഷം പ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പറയുകയും.പിന്നീട് തിരുത്തി യു.ഡി.എഫിന് പിന്തുണയെന്നു പറയുകയും പിന്നീട് അഞ്ചു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പറയുകയും ഇപ്പോള്‍ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് പിന്തുണയെന്നു പറയുകയും ചെയ്തു കൊണ്ട് പി.സി ജോര്‍ജ് സ്വയം പരിഹാസ്യമാവുകയും ചെയ്യുകയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അണികളില്‍ ആവേശം ജ്വലിപ്പിച്ച നേതാവായിരുന്നു പി.സി ജോര്‍ജ് ഒരു വര്‍ഷം മുന്‍പുവരെ. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഓരോ നടപടിയും പ്രവര്‍ത്തകരില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."