വെളിയങ്കോടിന്റെ കാവലായി കൃഷ്ണപരുന്ത്
പൊന്നാനി: വെളിയങ്കോട് ടൗണിന് ഉറങ്ങാത്ത കാവല്‍ക്കാരനാണ് കഴിഞ്ഞ നാലരവര്‍ഷമായി ഈ കൃഷ്ണപരുന്ത്. നാലര വര്‍ഷം മുന്‍പ് എങ്ങുനിന്നോ വിരുന്നുകാരനായി വന്ന കൃഷ്ണപ്പരുന്തിന് വെളിയംകോട് അങ്ങാടി അഭയം നല്‍കുകയായിരുന്നു. സ്‌നേഹവും പരിചരണവും ആവോളം ലഭിച്ചപ്പോള്‍ കൃഷ്ണപ്പരുന്തും അങ്ങാടിയിലെ കച്ചവടക്കാര്‍ക്ക് കൂട്ടിനൊരാളായി. മുട്ടയും മീനുമൊക്കെ നല്‍കി ഊട്ടി വളര്‍ത്തിയും അങ്ങാടിയിലെ കച്ചവടക്കാര്‍ പരുന്തിന് തുണയായി. ചിറകടിച്ചുയരാന്‍ കഴിയുമായിരുന്നിട്ടും കച്ചവടക്കാര്‍ക്കൊപ്പമായിരുന്നു പരുന്തിന്റെ ജീവിതം.
മത്സ്യം വേട്ടയാടിപ്പിടിക്കാനൊന്നും ഈ പരുന്ത് മെനക്കെടാറില്ല. മത്സ്യക്കച്ചവടക്കാരുടെ മേശയ്ക്ക് മുകളില്‍ ഇരിപ്പുറപ്പിക്കും പകല്‍ നേരം മുഴുവന്‍. കച്ചവടക്കാര്‍ മത്സ്യങ്ങള്‍ കൊടുക്കുന്നത് ഭക്ഷിച്ച് എങ്ങും പറന്നുപോകാതെ ഒരു അങ്ങാടിയുടെ അടയാളമായി കാവലിരിക്കും.
അങ്ങാടിയിലെ കടകളുടെ ഉമ്മറത്ത് കാവലാളായിരുക്കുന്ന കൃഷ്ണപ്പരുന്ത് വനംവന്യജീവി നിയമത്തിന്റെ പരിധിയിലാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ വിവരം അറിയിച്ചിട്ടും ആദ്യകാലത്ത് വനംഉദ്യോഗസ്ഥരെത്തി കൃഷ്ണപ്പരുന്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. സ്വയം തീറ്റതേടാനും സഹജീവികളെ കണ്ടെത്താനും കൃഷ്ണപ്പരുന്തും തയാറുമല്ല. അതോടെ കച്ചവടക്കാര്‍ തന്നെ അഭയം നല്‍കി.
അന്‍പതു മീറ്ററിലധികം ഉയരത്തില്‍ വളരുന്ന മരങ്ങളിലാണ് സാധാരണ ഇത്തരം പരുന്ത് കൂടുവയ്ക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ടവറുകളിലും ഇവയുടെ കൂടുകള്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ ഈ പരുന്ത് അതിനും തയാറല്ല. ഉയരമുള്ള മാവ്, ആല്‍, തെങ്ങ്, പന എന്നീ മരങ്ങളിലാണ് ഇവ സാധാരണ കൂടു കെട്ടുന്നത്. പീടികത്തിണ്ണയില്‍ കഴിയാനാണ് ഈ പരുന്തിനിഷ്ടം.അങ്ങാടിയിലെ കച്ചവടക്കാരും നാട്ടുകാരും തങ്ങളുടെ നാടിന്റെ സ്വന്തം ആളെന്നപോലെയാണ് പരുന്തിനോട് ഇടപഴകുന്നത്. പരുന്തിന് ശരാശരി ആയുസ് 70 വയസ്സാണ്. എത്ര കാലം വേണമെങ്കിലും കാക്കക്കും പൂച്ചയക്കും കൊടുക്കാതെ ഈ പരുന്തിനെ ഞങ്ങള്‍ നോക്കുമെന്നാണ് സമീപത്തെ കച്ചവടക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."