കൊമ്പന്മാരുടെ കൊലവിളി അകലുന്നില്ല: ഭീതിയോടെ മലമ്പുഴ നിവാസികള്‍
മലമ്പുഴ: കാലങ്ങളായി തുടരുന്ന കൊമ്പന്മാരുടെ സൈ്വര വിഹാരത്താല്‍ ഊണും ഉറക്കവും നഷ്ടപ്പെട്ട് മലമ്പുഴ നിവാസികള്‍. കൃഷിയും വീടും തകര്‍ത്തിട്ടും കലിയടങ്ങാത്ത കൊമ്പന്മാര്‍ നിരവധി പേരുടെ ജീവനെടുത്തിട്ടും പരാക്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മലമ്പുഴ മേഖലയിലെ കവാ മന്തുരുത്തി ഭാഗത്ത് ഒറ്റയാന്റെ ആക്രമണമുണ്ടായിരുന്നു. മാന്തുരുത്തിയിലെ ഇമേജിന് സമീപത്തെത്തിയ കൊമ്പന്‍ സുരേഷിന്റെ വീടിന്റെ പിറകുവശത്തെ മതിലും മേല്‍ക്കൂരയും തകര്‍ത്തു.
എന്നിട്ടും കലിയടങ്ങാതെ പറമ്പിലെ പ്ലാവില്‍ നിന്നും ചക്കയും തിന്ന് പുലര്‍ച്ചെ വരെ കവ ഭാഗത്ത് ഭീതി വിതച്ച് നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതര്‍ ആനയെ കാട്ടിലേക്ക് കയറ്റുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ഇമേജിലെ തൊഴിലാളിയെയും കഴിഞ്ഞാഴ്ച്ച വള്ളിക്കോട്ടെ കൂലിപ്പണിക്കാരനെയും കൊമ്പന്മാര്‍ കുത്തിക്കൊന്നിരുന്നു. കാലങ്ങളായി തുടരുന്ന കാട്ടുകൊമ്പന്മാരുടെ പരാക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
നാളുകള്‍ക്ക് മുമ്പ് മുണ്ടൂര്‍ വഴി പറളിയിലെത്തിയ 2 കൊമ്പന്മാരെ ഏറെ പണിപ്പെട്ടാണ് വനംവകുപ്പധികൃതര്‍ കാടുകയറ്റിയത്. മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തില്‍ മലമ്പുഴ നിവാസികള്‍ ജീവന്‍ ഭയന്നാണ് കഴിയുന്നത്. ഏതു നിമിഷവും ഒറ്റയാന്റെ ആക്രമണമുണ്ടാകുമെന്ന ഭീതിയില്‍ രാത്രിപോലും ഒരു പോള കണ്ണടക്കാതെയാണ് ജനങ്ങള്‍ നാളുകള്‍ തള്ളിനീക്കുന്നത്.
അടുത്ത കാലത്തായി കൊമ്പന്മാരെ വിളയാട്ടത്താല്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണുണ്ടായിട്ടുള്ളത്. നിരവധി വീടുകളും തകര്‍ത്തിട്ടുണ്ട്. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള മേഖലകളില്‍ മാസങ്ങളായി തുടരുന്ന കാട്ടുകൊമ്പന്മാരുടെ പരാക്രമം തടയുന്നതിനായുള്ള സംവിധാനങ്ങളെല്ലാം പരാജയപ്പെടുകയാണ്. വനംവകുപ്പും പോലീസും സംഭവസമയത്ത് സ്ഥലത്തെത്തുമ്പോഴും ഫലവത്തല്ലാത്തതും വനംവകുപ്പിന്റെ കൈയ്യില്‍ ആവശ്യത്തിന് സംവിധാനങ്ങളില്ലാത്തതും ജനവാസ മേഖലയിലെ കാട്ടാന ശല്യം തുടര്‍ക്കഥയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."