യുവതിയുടെ പാസ്പോര്‍ട്ട് കീറിയതായി മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: സഊദിയില്‍ പോകാനെത്തിയ യുവതിയുടെ പാസ്പോര്‍ട്ട് പരിശോധനയ്ക്കിടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കീറിയതായി പരാതി.
കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയാണ് തന്റെ പാസ്പോര്‍ട്ട് നശിപ്പിച്ചതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതി ഡി.ജി.പി മുഖാന്തിരം അന്വേഷണത്തിനായി ശംഖുമുഖം പൊലിസിന് കൈമാറി. ഇക്കഴിഞ്ഞ 23ന് രാവിലെ എട്ടിനായിരുന്നു സംഭവം.
സൗദിയില്‍ ജോലി നോക്കുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് കുട്ടികളുമായി പോകാനെത്തിയതായിരുന്നു ഇവര്‍. വിമാനയാത്രയ്ക്ക് ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി പാസ്പോര്‍ട്ട് കൈമാറി. പാസ്പോര്‍ട്ട് വാങ്ങി നോക്കിയ ശേഷം ഇതുപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നും പാസ്പോര്‍ട്ട് കീറിയിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. ഷനുജ നോക്കുമ്പോള്‍ പാസ്പോര്‍ട്ട് അല്പം ഇളകിയ നിലയിലായിരുന്നു. തുടര്‍ന്ന് കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങിവന്ന സുരക്ഷാ ഉദ്യോഗസ്ഥന് പൂര്‍ണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ് പോര്‍ട്ടാണ് ഷനുജയ്ക്ക് നല്‍കിയത്. ഇതുപയോഗിച്ച് യാത്രാനുമതി നല്‍കാനാവില്ലെന്നും അറിയിച്ചു.
പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷമാണ് ഇവരെ യാത്രയ്ക്ക് അനുവദിച്ചത്. വിമാനത്താവളത്തില്‍ പ്രവേശിച്ചപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തിരിച്ചു നല്കിയ പാസ്പോര്‍ട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും ഷനുജ പരാതിയില്‍ വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."