HOME
DETAILS
MAL
ബംഗാളില്‍ വീണ്ടും തര്‍ക്കം: സര്‍ക്കാരും ഗവര്‍ണറും 'നോ കോംപ്രമൈസ് '
backup
June 15 2020 | 04:06 AM
കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ കീഴിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള അസ്വാരസ്യം തുടരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിഡിയോയുടെ പേരിലായിരുന്ന ഇന്നലെ ഗവര്‍ണറും തൃണമൂല്‍ നേതാക്കളും ഏറെനേരം ട്വിറ്ററിലൂടെ തര്‍ക്കം നടന്നത്.
കൊല്‍ക്കത്തയിലെ ഒരു ശ്മശാനത്തില്‍ അഴുകിയ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനെത്തിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ഇവിടെ ആരോരുമറിയാതെ അധികൃതര്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നെന്നാരോപിച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഗ്രാമീണര്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ എത്തിച്ചതെന്നായിരുന്നു ആരോപണം. ഗ്രാമീണരുടെ പ്രതിഷേധത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.ഇതോടെ, ഗവര്‍ണര്‍ ആരോപണവുമായി രംഗത്തെത്തി. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്നാരോപിച്ച അദ്ദേഹം, മമതാ ബാനര്‍ജിക്കെതിരേ രംഗത്തെത്തുകയും ചെയ്തു. മൃതദേഹങ്ങളോട് ആദരവ് കാണിക്കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തിയത്. ഗവര്‍ണര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം സ്വയം ലജ്ജിക്കേണ്ടതുണ്ടെന്നുമായിരുന്നു തൃണമൂല്‍ നേതാവ് ദിനേഷ് ത്രിവേദി പറഞ്ഞത്. ഗവര്‍ണര്‍ ഇപ്പോഴും ബി.ജെ.പി വക്താവായി പ്രവര്‍ത്തിക്കുകയാണെന്നു പറഞ്ഞ മഹുവ മൊയിത്ര, താങ്കള്‍ക്ക് ഇനിയും രാജസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാമല്ലോയെന്ന് പരിഹസിക്കുകയും ചെയ്തു. ഗവര്‍ണര്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അടക്കമുള്ളവരും രംഗത്തെത്തി.
ഇതോടെ, ഇവരെ വിമര്‍ശിച്ചു ഗവര്‍ണര്‍ വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിപരമായി വിമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ ട്വീറ്റുകള്‍. എന്നാല്‍, പിന്നാലെ ഗവര്‍ണറെ കണ്ട കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍, തിരിച്ചറിയപ്പെടാതെ കിടന്ന മൃതദേഹങ്ങളാണ് സംസ്‌കരിച്ചതെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. നേരത്തേയും വിവിധ വിഷയങ്ങളില്‍ ബംഗാള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."