രേഖകളില്ലാത്ത 3.71 ലക്ഷം രൂപ പിടിച്ചെടുത്തു
കല്‍പ്പറ്റ: കാറില്‍ രേഖകളില്ലാതെ കടത്തിയ 3,71,710 രൂപ ഫ്‌ളയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു. രണ്ടു കേസുകളിലായിട്ടാണ് ഇത്രയും തുക പിടിച്ചെടുത്തത്. കല്‍പ്പറ്റ ലക്കിടിയിലും അമ്പലവയല്‍-സുല്‍ത്താന്‍ ബത്തേരി റോഡില്‍ മട്ടപ്പാറയിലും തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനകളിലാണ് പണം പിടികൂടിയത്. ലക്കിടിയില്‍ നിന്നും മൂന്നുലക്ഷം രൂപയും വട്ടപ്പാറയില്‍ നിന്ന് 71,710 രൂപയുമാണ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടിയത്. രാവിലെ 10.30ന് ലക്കിടി കുന്നത്തിടവകയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി രജിസ്‌ട്രേഷന്‍ കാറില്‍ നിന്ന് മൂന്നു ലക്ഷം രൂപ പിടികൂടിയത്. കല്‍പ്പറ്റ നിയോജക മണ്ഡലം ചാര്‍ജ് ഓഫിസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ അബ്ദുല്‍ ഹാരിസ് പരിശോധനക്ക് നേതൃത്വം നല്‍കി. സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ഹരീഷ് ബാബു, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജോജി, സിവില്‍ പൊലിസ് ഉദ്യോഗസ്ഥരായ എ.സി സുരേഷ്, ഷാജിദ്, ഗിരീഷ്, ജാബിര്‍ തുടങ്ങിയവര്‍ പങ്കാളികളായി.
അമ്പലവയല്‍-സുല്‍ത്താന്‍ ബത്തേരി റോഡില്‍ മട്ടപ്പാറയില്‍ വയനാട് രജിസ്‌ട്രേഷന്‍ കാറില്‍ നിന്നാണ് രേഖകളില്ലാതെ കടത്തിയ 71,710 രൂപ പിടികൂടിയത്. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം ചാര്‍ജ് ഓഫിറസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ടി.ബി പ്രകാശന്‍ നേതൃത്വം നല്‍കി. ട്രഷറിയില്‍ സൂക്ഷിച്ച പണം നടപടികള്‍ പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു കൈമാറും.
നീലഗിരി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഊട്ടി, കുന്നൂര്‍, ഗൂഡല്ലൂര്‍ നിയമസഭ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ സൂക്ഷിച്ച 17 ലക്ഷം പിടികൂടി. കുന്നൂര്‍ മണ്ഡലത്തില്‍ നടത്തിയ പരിശോധനയില്‍ 1,65000 രൂപയും ഊട്ടിയില്‍ നിന്ന് 4,34000 രൂപയും ഗൂഡല്ലൂരില്‍ നിന്ന് 11,74,500 രൂപയുമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."