തെരഞ്ഞെടുപ്പില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ ദേശീയപാത കര്‍മസമിതി നാളെ യോഗം ചേരും
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേശീയപാത കര്‍മസമിതി പ്രത്യേക നേതൃത്വ യോഗം വിളിക്കാന്‍ തീരുമാനിച്ചു. നാളെ വൈകിട്ട് മൂന്നിന് പുതുപ്പണം ചീനംവീട് യു.പി സ്‌കൂള്‍ പരിസരത്താണ് യോഗം.
വെങ്ങളം മുതല്‍ അഴിയൂര്‍ വരെ ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ യൂനിറ്റ് തലം മുതല്‍ ജില്ലാ ഭാരവാഹികള്‍ വരെയുള്ളവര്‍ പങ്കെടുക്കും. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ കര്‍മസമിതി രൂപീകരിച്ച് സമരപാതയിലായിരുന്നു. ദേശീയപാത സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ദേശീയപാത ഭൂമിയേറ്റെടുക്കല്‍ നിയമം അട്ടിമറിക്കാനുള്ള റവന്യു അധികൃതരുടെ നീക്കം അവസാനിപ്പിക്കുക, സംസ്ഥാന, ജില്ലാ ഭരണകൂടം സമരസംഘടനകളുമായി ചര്‍ച്ചയ്ക്ക് തയറാവുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരങ്ങള്‍ നയിക്കുന്നത്.
എന്നാല്‍ മൂന്നു മുന്നണികളും ഇവര്‍ക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതി പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണം ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. ഈയൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ഭൂരിഭാഗം യൂനിറ്റ് കമ്മിറ്റികളുടെ തീരുമാനം യോഗം ചര്‍ച്ച ചെയ്യും.
ഇതിനൊപ്പം തെരഞ്ഞെടുപ്പില്‍ എടുക്കേണ്ട നയങ്ങളെ കുറിച്ചും വിശദമായി ചര്‍ച്ച നടക്കുമെന്ന് കര്‍മസമിതി നേതൃത്വം അറിയിച്ചു. വടകര, കൊയിലാണ്ടി മണ്ഡലങ്ങളില്‍ കര്‍മസമിതിക്ക് നിര്‍ണായക സ്വാധീനമുണ്ട്. വടകരയില്‍ മത്സരപ്പോരാട്ടം കനത്ത സാഹചര്യത്തില്‍ കര്‍മസമിതിയുടെ വോട്ടും നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."