HOME
DETAILS
MAL
ആദിവാസി മേഖലകളില്‍ ഡിജിറ്റല്‍ പഠന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
backup
June 18 2020 | 04:06 AM
മലപ്പുറം: പിന്നോക്കം നില്ക്കുന്ന മേഖലകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളുമായി സംസ്ഥാന സാക്ഷരതാമിഷന്‍. സംസ്ഥാനത്തെ ആദിവാസി മേഖലകളിലടക്കം ഡിജിറ്റല്‍ സൗകര്യമുള്ള പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിപുലമായ പദ്ധതികള്‍ക്ക് സാക്ഷരതാ മിഷന് രൂപം നല്കി.
ഊരുകളേയും കോളനികളേയും ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ലാസ് റൂം പോലെ സ്മാര്‍ട്ട് ഊരുകളും കോളനികളുമാക്കി വികസിപ്പിക്കും. ഇതിനായി കംപ്യൂട്ടര്‍, ടാബ്ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളുള്ള പഠിതാക്കളുടെ വിവരശേഖരണം തുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കാന്‍ സൗകര്യമില്ലാത്ത പഠിതാക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
നിലവില്‍ സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തിവരുന്ന സാക്ഷരതാ ക്ലാസുകള്‍, തുല്യതാ ക്ലാസുകള്‍, സാമൂഹ്യസാക്ഷരതാ പരിപാടികള്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിപുലീകരിക്കും. ഇ ലേണിംഗ് സംവിധാനത്തിലൂടെ ആരോഗ്യം, പരിസ്ഥിതി, ഭരണഘടന, ലിംഗസമത്വം തുടങ്ങിയ സാമൂഹ്യസാക്ഷരതാ പരിപാടികള്‍ സാമൂഹ്യ വിഭ്യാഭ്യാസ പരിപാടിയായി വികസിപ്പിക്കും. ആദിവാസി, പട്ടികജാതി, തീരദേശകോളനികള്, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയ മേഖലകളിലേക്കും ഓണ്‍ലൈന്‍ വിഭ്യാഭ്യാസ പരിപാടികളും സാമൂഹ്യസാക്ഷരതാ പരിപാടികളും ആരംഭിക്കും.
സംസ്ഥാനത്ത് പിന്നോക്കമേഖലകളിലെ ഡിജിറ്റല്‍ സാധ്യത സംബന്ധിച്ച സര്‍വ്വേ നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ടന്ന് സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."