റോഡ് കാടുമൂടിയിട്ടും വെട്ടിമാറ്റാന്‍ നടപടിയില്ല
വെങ്ങപ്പള്ളി: സംസ്ഥാന പാതയോരത്തെ റോഡിനിരുവശത്തും കാട് മൂടിയിട്ടും വെട്ടിമാറ്റാന്‍ നടപടിയില്ല. വിനോദ സഞ്ചാരികളുള്‍പ്പടെ ദിനേന നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡിന്റെ ഇരുവശത്തും കാട് മൂടിയിട്ടും വെട്ടിമാറ്റാതെ അധികൃതര്‍.
എടഗുനി പാലം മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള വിവിധ ഭാഗങ്ങളിലാണ് മൂന്ന് മീറ്ററോളം ഉയരത്തില്‍ കാട് മൂടിയത്. അപ്പണവയലിലെ വളവിലെ ആദിവാസി കോളനിയുടെ എതിര്‍ വശത്തും പിണങ്ങോട് കുനിയില്‍പടിയിലും കാട് വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുകയാണ്.
വളവില്‍ നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അരികിലേക്ക് മാറിനില്‍ക്കാന്‍ പോലും സാധിക്കാത്തവിധത്തിലാണ് നിലവിലെ അവസ്ഥ. കാട് മൂടി കിടക്കുന്നത് കാരണം രാത്രി കാലങ്ങളിലും മറ്റും വാഹനങ്ങളിലും മറ്റും മാലിന്യങ്ങള്‍ കൊണ്ട് വന്ന് ഇവിടെ എറിയുന്നതിനാല്‍ പ്രദേശത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഏറെ പ്രയാസമായിരിക്കുകയാണ്. കാട് റോഡിലെക്ക് ചാഞ്ഞ് കിടക്കുന്നതിനാല്‍ എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാതിക്കുകയും അപകടങ്ങള്‍ ഉണ്ടാവാനും സാധ്യത ഏറെയാണ്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി, വെങ്ങപ്പള്ളി പഞ്ചായത്ത്, തരിയോട് പഞ്ചായത്ത്, പടിഞ്ഞാറത്തറ പഞ്ചായത്ത് എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡില്‍ ഇത്തരത്തില്‍ കാട് വളര്‍ന്നിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലന്നതാണ് ജനങ്ങളുടെ പരാതി. കൂടാതെ ഈ കാടുകളില്‍ നിന്നും നിരവധി തവണ കാട്ടുപന്നികളും മറ്റും റോഡിലൂടെ ഓടുന്നതായും നാട്ടുകാര്‍ പറഞ്ഞു. ദിനവും പടിഞ്ഞാറത്തറ ബാണാസുര സാഗറിലേക്കും കര്‍ലാട് തടാകത്തിലേക്കും നൂറുകണക്കിന് വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇതിലൂടെ പോകുന്നുണ്ട്. വേഗത്തില്‍ റോഡിനിരുവശത്തെയും കാടുകള്‍ വെട്ടിമാറ്റണമെന്നതാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."