ആധുനിക മത്സ്യ വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വൈകുന്നു
പാലാ: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മീനച്ചില്‍ പഞ്ചായത്തിലെ പൈകയില്‍ നിര്‍മിച്ച ആധുനിക മത്സ്യ വിപണന കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം വൈകുന്നു. നാഷനല്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ കേരളാ സ്‌റ്റേറ്റ് കോസ്റ്റല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നവീന സംവിധാനങ്ങളുള്ള മീന്‍ വിപണന കേന്ദ്രം നിര്‍മിച്ചത്. ഏകദേശം 80 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. മീന്‍ കച്ചവടക്കാര്‍ക്ക് മുറികള്‍ ലേലം ചെയ്ത് നല്‍കുന്നതിലെ കാലതാമസമാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വൈകുന്നതിന് കാരണം.
16 മീന്‍ വിപണന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളം ലഭിക്കുന്നതിനും മാലിന്യങ്ങളും മലിനജലവും ഒഴിവാക്കുന്നതിനും കേന്ദ്രത്തില്‍ സൗകര്യങ്ങളുണ്ട്. സ്റ്റാളുകള്‍ ലേലം ചെയ്ത് നല്‍കിയാല്‍ ആധുനിക നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രമായി പൈകയിലെ വിപണന കേന്ദ്രം മാറും. നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങളായിട്ടും വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് വൈകുകയാണ്.
വഴിയരുകില്‍ ദുര്‍ഗന്ധം പരത്തുന്ന മീന്‍ വില്‍പന കേന്ദ്രങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കും. അതേസമയം വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണന്ന് മീനച്ചില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു പൂവേലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."