പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ്
കാഞ്ഞങ്ങാട്: ജില്ലയിലും അതിര്‍ത്തി ജില്ലകളിലും ഡിഫ്ത്തീരിയ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കുമെന്ന് ജില്ലാആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തത് 1009 പേരാണ്.
ഒരു വയസിന് താഴെ 235 കുട്ടികളും ഒന്നു മുതല്‍ രണ്ടു വയസുവരെ 287 കുട്ടികളും രണ്ടു മുതല്‍ മൂന്നു വയസുവരെ 203 കുട്ടികളും മൂന്നു മുതല്‍ അഞ്ചു വയസുവരെ 284 കുട്ടികളും ആണ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍. ഈ കുട്ടികള്‍ക്ക് ഊര്‍ജിത പ്രതിരോധ കുത്തിവയ്പ്പ് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അതാത് പ്രദേശത്തെ ജനപ്രതിനിധികള്‍, അങ്കണവാടി, ആശ, കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തോടെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ഒരോ കുട്ടിയെയും നേരിട്ടുകണ്ട് ബോധവല്‍ക്കരണം നടത്തി താല്‍പര്യമുള്ളവര്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നതായിരിക്കും. ഇതിനായി എല്ലാവരുടെയും സഹകരണവും ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ ഡിഫ്ത്തീരിയ ബാധയ്ക്കുള്ള സാധ്യത തീരെയില്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ അതിനു മുകളിലുള്ള പ്രായത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ ചെറുപ്പത്തില്‍ ഡിഫ്ത്തീരിയ കുത്തിവയ്ക്കാത്തവരുള്ളതിനാല്‍ രോഗസാധ്യത കൂടുതല്‍ കാണുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇ മോഹനന്‍, ഡോ.മുരളീധര നല്ലുരിയ, ഡോ.ടി.വി പത്മനാഭന്‍, ഡോ.ഇ.വി ചന്ദ്ര മോഹനന്‍, എം രാമചന്ദ്രന്‍, ഇ.സി ത്രേസ്യാമ്മ, വി.വി പ്രീത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."