പായത്ത് മദ്യ വില്‍പനശാല തുറക്കും
ഇരിട്ടി: നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഇരിട്ടി മേഖലയില്‍ ബിവറേജസിന്റെ ചില്ലറ മദ്യവില്‍പനശാല പായം എരുമത്തടത്ത് തുറന്നേക്കും. ലൈസന്‍സ് നല്‍കണമെന്നാവശ്യപെട്ട് പായം പഞ്ചായത്തിന്
ബെവ്‌കോ അപേക്ഷ നല്‍കി. സി.പി.എം ഭരിക്കുന്ന പഞ്ചായത്തായതിനാല്‍ ബിവറേജിന് അനുകൂലമായി പഞ്ചായത്ത് അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. സ്ഥലം എം.എല്‍.എ സണ്ണി ജോസഫ് ഉള്‍പെടെയുള്ളവരും കോണ്‍ഗ്രസും, ബിജെപിയും, വട്ട്യറയില്‍ ദേവാലയ വികാരിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘവും എതിര്‍ക്കുന്നതിനിടയിലാണ് ജബ്ബാര്‍കടവില്‍ വിദേശ മദ്യശാല തുറക്കുന്നത്.
കണ്ണൂര്‍ കാള്‍ടെക്‌സിലുണ്ടായിരുന്ന ബിവറേജസ് ചില്ലറ വില്‍പനശാല സംസ്ഥാന പാതയോരത്തുനിന്ന് മാറ്റണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഇരിട്ടി മേഖലയിലേക്ക് വരുന്നത്. കണ്ണൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് ഇരിട്ടി താലൂക്കിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍നടപടി മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇരിട്ടി താലൂക്കിലെ കേളകത്ത് പുതിയതായി ഔട്ട് ലെറ്റ് തുറന്നതിന് പിന്നാലെയാണ് മലയോരത്ത് ഒന്നുകൂടി പുതുതായി അനുവദിക്കുന്നത്.
പാതയോരത്തുള്ള മട്ടന്നൂരിലെ മദ്യഷോപ്പ് മട്ടന്നൂരില്‍ തന്നെ മറ്റൊരിടത്ത് മാറ്റി സ്ഥാപിക്കുമ്പോള്‍ ഇരിട്ടി താലൂക്കില്‍ മൂന്ന് ഔട്ട്‌ലെറ്റ് ഉണ്ടാകും. ഇരിട്ടി മേഖലയില്‍ മദ്യശാല സ്ഥാപിക്കുന്ന നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി സ്ഥലം എം.എല്‍.എ സണ്ണി ജോസഫ് രംഗത്തെത്തിയതിനു പിന്നാലെയാണ് മദ്യശാലക്കനുകൂലമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ വിദേശമദ്യഷാപ്പുകളും ബിവറേജ് ഔട്ട്‌ലറ്റുകളും ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ടി.പി രാമകൃഷ്ണന്‍, ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ.കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ക്കു എം.എല്‍.എ നിവേദനവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."